തിരുവനന്തപുരം: ആശങ്ക വർധിപ്പിച്ച് സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനവും രൂക്ഷമാകുന്നു. ഇന്ന് 4644 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3781 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 498 ഉറവിടം അറിയാത്ത കേസുകളും റിപ്പോർട്ട് ചെയ്തു. നിലവിൽ 37488 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 86 ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 47482 സാമ്പിളുകളാണ് പരിശോധിച്ചത്. അതേസമയം ചികിത്സയിലുണ്ടായിരുന്ന 2862 പേർ രോഗമുക്തി നേടി. തിരുവനന്തപുരം ജില്ലയിൽ തന്നെയാണ് ഇന്നും ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, 824. രോഗഉറവിടം അറിയാത്ത കേസുകളുടെ എണ്ണവും ജില്ലയിൽ വർധിക്കുകയാണ്. 2014 പേരെയാണ് ഇന്നലെ മാത്രം കോവിഡ് നിരീക്ഷണത്തിലാക്കിയത്.

മരണത്തെ മുഖാമുഖം കണ്ട രോഗി ജീവിതത്തിലേക്ക് മടങ്ങിയെത്തി

കൊല്ലം ജില്ലയിൽ മരണത്തെ മുഖാമുഖം കണ്ട വ്യക്തി ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് ആരോഗ്യ രംഗത്തിന്റെ നേട്ടമാണെന്ന് മുഖ്യമന്ത്രി. പാരിപ്പള്ളി മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്ന ശാസ്താംകോട്ട സ്വദേശിയായ ടൈറ്റസ് 43 ദിവസമാണ് വെന്റിലേറ്ററിൽ കഴിഞ്ഞത്. അതിൽ 20 ദിവസവും കോമ സ്റ്റേജിലായിരുന്നു. വെന്റിലേറ്ററിന്റെയും ഡയാലിസിസ് യൂണിറ്റിന്റെയും സഹായമില്ലാതെ അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ജൂലൈ ആറിനാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ജീവൻ രക്ഷ മരുന്നുകൾ ഉയർന്ന ഡോസിൽ നൽകേണ്ടി വന്നെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജില്ലകളിൽ കോവിഡ് വ്യാപനം രൂക്ഷം

പത്തനംതിട്ട ജില്ലയിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ചുള്ള ഇൻസ്റ്റിറ്റ്യൂഷണൽ ക്ലസ്റ്ററിൽ 53 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിൽ സജീവമായ 11 ക്ലസ്റ്ററുകളിൽ നാലെണ്ണത്തിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോട്ടയം മുനിസിപ്പാലിറ്റിയിൽ രോഗികളുടെ എണ്ണം ഉയർന്ന നിലയിൽ തുടരുന്നു. ഇടുക്കിയിൽ നെടുങ്കണ്ടം ടൗൺ പൂർണമായും അടച്ചു. പ്രദേശത്ത് 48 പേർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. നെടുങ്കണ്ടത്തെ മത്സവ്യാപരി മൂവായിരത്തോളം പേരുമായാണ് സമ്പർക്കത്തിലേർപ്പെട്ടത്.

എറണാകുളത്ത് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സമ്പർക്ക വ്യാപനമുണ്ട്. 42 ക്ലസ്റ്ററുകളിൽ 28 വലിയ കമ്മ്യൂണിറ്റി ക്ലസ്റ്ററുകളാണ്. ഗർഭിണികൾക്ക് മാത്രമായി പ്രത്യേകം എഫ്എൽടിസി തുറന്നു. മലപ്പുറത്ത് 538 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂർ ജില്ലയിൽ 70ഓളം ഗ്രാമപഞ്ചായത്ത് വാർഡുകൾ കണ്ടെയ്ന്മെന്റ് സോണുകളാണ്. കോഴിക്കോട് ദിനംപ്രതി 5000ത്തിലധികം സാമ്പിളുകൾ പരിശോധിക്കുന്നുണ്ട്.

കേരളത്തിൽ ജനിതക വ്യതിയാനം സംഭവിച്ച വൈറസ്

വർധിച്ച വ്യാപനശേഷിക്ക് കാരണായേക്കാവുന്ന ജനിതക വ്യതിയാനം സംഭവിച്ച വൈറസെന്ന് കേരളത്തിൽ കാണപ്പെടുന്നത് വിധഗ്ധ പഠനത്തിന്റെ നിഗമനം. ഗവേഷണത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളെജിൽ കേരളത്തിൽ നിന്നുള്ള 179 വൈറസുകളുടെ ജനതിക ശ്രേണികരണം നടത്തുവാൻ സാധിച്ചു. വിദേശ വംശാവലിയിൽപ്പെട്ട വൈറസുകൾ കണ്ടെത്താൻ സാധിച്ചില്ല.

27 പുതിയ ഹോട്ട്സ്‌പോട്ടുകൾ

ഇന്ന് 27 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), കൊടുവായൂര്‍ (18), ഓങ്ങല്ലൂര്‍ (2, 22), തൃത്താല (3), വടക്കരപ്പതി (15), കേരളശേരി (10, 13), കോട്ടയം ജില്ലയിലെ ചങ്ങനാശേരി മുന്‍സിപ്പാലിറ്റി (31, 33), ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി (23), മുണ്ടക്കയം (20), ഭരണങ്ങാനം (6), വെച്ചൂര്‍ (2), തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി (14, 15, 16), കടപ്പുറം (11), കൊടകര (1, 2 (സബ് വാര്‍ഡ്), വല്ലച്ചിറ (4), മറ്റത്തൂര്‍ (സബ് വാര്‍ഡ് 2), ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (7, 15 (സബ് വാര്‍ഡുകള്‍), 1, 11, 14), ചെറിയനാട് (സബ് വാര്‍ഡ് 10), മാരാരിക്കുളം നോര്‍ത്ത് (സബ് വാര്‍ഡ് 13), പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ (9), റാന്നി (1, 13), കവിയൂര്‍ (സബ് വാര്‍ഡ് 2), മലപ്പുറം ജില്ലയിലെ കവന്നൂര്‍ (6), ആലംകോട് (4), മറയൂര്‍ (8), എറണാകുളം ജില്ലയിലെ പോത്താനിക്കാട് (സബ് വാര്‍ഡ് 12), വയനാട് ജില്ലയിലെ തരിയോട് (സബ് വാര്‍ഡ് 9, 10, 12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 630 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.