തിരുവനന്തപുരം: ആശങ്ക വർധിപ്പിച്ച് സംസ്ഥാനത്ത് കോവിഡ് പ്രതിദിന കണക്കിൽ വീണ്ടും കുതിപ്പ്. ഇന്ന് മാത്രം 4351 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 33314 ആയി. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയ ഇന്ന് പത്ത് പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. കോവിഡ് രോഗികളുടെ എണ്ണത്തിലെ വർധനവ് ആശങ്കജനകമാണെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 3730 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ 351 പേരുടെ രോഗ ഉറവിടവും വ്യക്തമല്ല. 71 ആരോഗ്യപ്രവർത്തകർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 45730 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ചത്. ചികിത്സയിലായിരുന്ന 2737 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.

തിരുവനന്തപുരം ജില്ലയിൽ തന്നെയാണ് രോഗബാധയുടെ തീവ്രത വലിയ രീതിയിൽ തുടരുന്നത്. തലസ്ഥാന ജില്ലയിൽ ഇന്ന് 820 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 721 പേരും സമ്പർക്കരോഗികളാണ്. രോഗ ഉറവിടം അറിയാത്ത 81 പേര് ജില്ലയിൽ മാത്രമുണ്ട്. ജില്ലയിൽ രോഗനിയന്ത്രണ മാർഗ്ഗങ്ങൾ ശക്തിപ്പെടുത്തിയെങ്കിലും രോഗവ്യാപനം കുറയുന്നില്ലെന്ന് മുഖ്യമന്ത്രി. റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ ഉറവിടം വ്യക്തമല്ലാത്തവരുടെ എണ്ണവും തിരുവനന്തപുരത്ത് വർധിക്കുന്നു.

എല്ലാ ജില്ലകളിലും നൂറിന് മുകളിൽ

ആറു ജില്ലകളിൽ മുന്നൂറിന് മുകളിലാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. കോഴിക്കോട് ജില്ലയിൽ 545 പേർക്കും എറണാകുളം ജില്ലയിൽ 383 പേർക്കും ആലപ്പുഴ ജില്ലയിൽ 367 പേർക്കും മലപ്പുറം ജില്ലയിൽ 351 പേർക്കും കാസർഗോഡ് 319 പേർക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്ക വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ ഗർഭിണികൾ കർശനമായും റൂം ക്വാറന്റൈൻ പാലിക്കുന്നതിന് ആവശ്യമായ നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. മറ്റ് ജില്ലകളിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇങ്ങനെ,

തൃശൂര്‍ – 296
കണ്ണൂര്‍ – 260
പാലക്കാട് – 241
കൊല്ലം – 218
കോട്ടയം – 204
പത്തനംതിട്ട – 136
വയനാട് – 107
ഇടുക്കി – 104

പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശനം കോവിഡ് പ്രൊട്ടോകോൾ പാലിച്ച് കർശന നിയന്ത്രണങ്ങളോട് മാത്രമേ നടത്താൻ പാടുള്ളുവെന്ന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. സമയക്രമം പാലിച്ച് നിശ്ചിത എണ്ണം വിദ്യാർഥികളെ മാത്രമേ പ്രവേശനം നടക്കുന്നടുത്തേക്ക് കടത്തിവിടാൻ പാടുള്ളു. പത്തനംതിട്ട ജില്ലയിൽ ഓണത്തിന് ശേഷമാണ് രോഗവ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് രോഗം കൂടുതലായി സ്ഥിരീകരിച്ചിരുന്നതെങ്കിൽ ഇപ്പോൾ മലയോര മേഖലയിലും രോഗം വ്യാപിക്കുന്നുണ്ട്.

അനധികൃത കൂടിച്ചേരലുകൾക്കെതിരെ പ്രൊസിക്യൂഷണൽ നടപടി

നിലവിലുള്ള മാർഗ്ഗനിർദേശ പ്രകാരം പ്രത്യേക ആവശ്യങ്ങൾക്ക് 50 പേർ വരെയാണ് കൂട്ടംകൂടാൻ അനുവാദമുള്ളത്. മതം, രാഷ്ട്രീയ, സാംസ്കാരിക കൂട്ടായ്മകൾക്ക് 100 പേരെ വരെയും പങ്കെടുപ്പിക്കാം. ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റ് കൂടിചേരലുകൾ അനുവദിക്കില്ല. എന്നാൽ പലയിടങ്ങളിലും ഇത് മറികടക്കുന്നു. കോവിഡ് പ്രൊട്ടോകോൾ ഒരു തരത്തിലും പാലിക്കുന്നില്ല. ക്രമസമാധന പ്രശ്നങ്ങളുമുണ്ടാകും. ഇത് നിയമവിരുദ്ധമായ കൂട്ടംചേരലാണ്.

ഇത്തരം കൂടിചേരലുകൾക്കെതിരെ പ്രൊസിക്യൂഷണൽ നടപടി സ്വീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട്, കേരള എപ്പിഡെമിക് ഡിസീസ് ഓർഡിനൻസ് പ്രകാരമുള്ള നിയമനടപടി ഇവർക്കെതിരെ കൈക്കൊള്ളും. ഹൈക്കോടതി തന്നെ അത് പാടില്ലെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 11 മുതൽ വിവിധ രാഷ്ട്രിയ പാർട്ടികളുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളിലുണ്ടായ സംഘർഷങ്ങളിൽ 385 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1131 പേർ അറസ്റ്റിലായി. സമരവുമായി ബന്ധപ്പെട്ട് മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് ആളുകൾ എത്തുന്നത്. ഇത്തരം 1629 കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷാഫി പറമ്പിൽ, ശബരീനാഥ് എന്നീ എംഎൽഎമാർക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

“ആവശ്യമായ ജാഗ്രത പാലിക്കാതെയുള്ള സമരങ്ങളാണ് നടക്കുന്നത്. സംഘർങ്ങൾ ബോധപൂർവ്വം സൃഷ്ടിക്കുകയാണ്. വലിയ കൂട്ടമായി തള്ളിചെല്ലുന്നതും സംഘർങ്ങൾ സൃഷ്ടിക്കുന്നതും നാം കാണുന്നുണ്ട്. മാസ്ക് ഇല്ലാതെയും അകലം പാലിക്കാതെയുമുള്ള ഏതൊരു പ്രവർത്തനവും ഇക്കാലത്ത് നമ്മുടെ സമൂഹത്തിൽ നടത്താൻ പാടില്ലാത്തതാണ്. അക്രമസമരം പൂർണമായും ഒഴിവാക്കേണ്ടതുമാണ്. ഇത്തരം പ്രവർത്തനങ്ങൾ നാടിനെതിരെയുള്ള വെല്ലുവിളിയാണ്.” നിയമലംഘനങ്ങളും രോഗവ്യാപന ശ്രമങ്ങളും പ്രോത്സാഹിപ്പിക്കാതിരിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.