തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ച് കോവിഡ് രോഗവ്യാപനം തുടരുന്നു. ഇന്ന് 3215 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രോഗവ്യാപനം കുറയുന്നില്ല എന്നതിന്റെ തെളിവാണ് ഈ കണക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചികിത്സയിലായിരുന്ന 2532 പേർ രോഗമുക്തി നേടിയപ്പോൾ 12 പേരാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3013 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായതെന്നും ഇവരിൽ തന്നെ 313 പേരുടെ രോഗഉറവിടം വ്യക്തമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 89 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 41054 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ നിന്നുമാണ് 3215 പുതിയ കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 31156 ആയി.

അസാധാരണമായ പ്രശ്നങ്ങളാണ് കോവിഡ് സൃഷ്ടിക്കുന്നത്

അസാധാരണമായ പ്രശ്നങ്ങളാണ് കോവിഡ് സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി. ഇതിന് സമാനമായ സാഹചര്യം ലോകത്ത് തന്നെ 1918ലെ സ്‌പാനിഷ് ഫ്ലൂ ആയിരുന്നു. നാല് വർഷം 50 കോടിയിലധികം ആളുകൾക്ക് രോഗബാധയുണ്ടാകുകയും അഞ്ച് കോടി ആളുകൾ മരിക്കുകയും ചെയ്തു. അന്നത്തെതിൽ നിന്നും ശാസ്ത്രം ബഹുദൂരം പുരോഗമിച്ച ഇന്ന് കോവിഡിനെ പ്രതിരോധിക്കാൻ സാധിച്ചു. എന്നിട്ടും മൂന്ന് കോടിയിലധികം പേർക്ക് രോഗബാധയുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു.

സ്‌പാനിഷ് ഫ്ലൂ പോലെ കോവിഡും അപ്രതീക്ഷിതമായേക്കാം. എന്നാൽ മറക്കാൻ പാടില്ലാത്ത കാര്യം കൂടുതൽ മരണങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉത്തരവാദിത്വമുണ്ടെന്നതാണ്. സമൂഹമെന്ന നിലയിൽ നാം ചെയ്യേണ്ട കടമ നിലനിർത്തിയെ പറ്റൂയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പല മേഖലകളിലും ജാഗ്രതക്കുറവ്

സംസ്ഥാനത്ത് പല മേഖലകളിലും ജാഗ്രത കുറവ് കാണുന്നു. കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രൊട്ടോകോളുകൾ പാലിക്കേണ്ടതുണ്ടെന്നും. ഇത് ആവർത്തിക്കുന്നത് രോഗം പടരാതിരിക്കുന്നതിനുവേണ്ടിയാണെന്നും മുഖ്യമന്ത്രി. ഇപ്പോൾ എല്ലാവരും പൊതുവെ ധരിക്കണമെന്ന ധാരണ എല്ലാവർക്കുമുണ്ട്. എന്നാൽ മാസ്ക് ധരിക്കാത്തവർക്കെതിരെ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണവും വർധിക്കുന്നതായി മുഖ്യമന്ത്രി. ഇന്ന് 5901 സംഭവങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ക്വാറന്റൈൻ ലംഘിച്ച ഒമ്പത് പേർക്കെതിരെയും കേസെടുത്തു.

തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നു

രോഗവ്യാപനം അനിയന്ത്രിതമായെന്നും മുൻകരുതലുകൾ പാലിക്കുന്നതിൽ വലിയ കാര്യമില്ലെന്നൊരു പ്രചരണമാണ്. ഇത് അങ്ങെയറ്റം അപകടകരമായ അവസ്ഥയാണ്. നമ്മളിപ്പോൾ കാണുന്ന രോഗവ്യാപനം നേരത്തെ ഉള്ളതിൽ നിന്ന് വർധനവാണ്. പക്ഷെ നമുക്ക് ഒരു സമൂഹം എന്ന നിലയ്ക്ക് പ്രതിരോധിക്കാൻ സാധിച്ചിട്ടുണ്ട്. അല്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലേക്കാളും മുകളിലേക്ക് പോകാനുള്ള് സാഹചര്യമുണ്ട്.

രോഗവ്യാപനത്തിന് ഇടയായ കാര്യങ്ങൾ പരിശോധിച്ചാൽ സമ്പർക്കം തന്നെയാണ് ഏറ്റവും പ്രധാനമായി വന്നിട്ടുള്ളത്. ഇത് ഒഴിവാക്കാനാണ് കോവിഡ് പ്രൊട്ടോക്കോൾ പാലിക്കണമെന്ന് പറഞ്ഞത്. അത് നല്ല രീതിയിൽ പാലിച്ചതുകൊണ്ടാണ് ഇത്രയും പ്രതിരോധിക്കാൻ സാധിച്ചതെന്നും കൂടാനുള്ള കാരണവും ജഗ്രതയിൽ വന്ന കുറവാണെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴും നമ്മൾ നിയന്ത്രിതമായ അവസ്ഥയിലാണ്. നാം നേരത്തെ സ്വീകരിച്ചതുപോലെയുള്ള മാനദണ്ഡങ്ങൾ പാലിക്കുകയാണ് വേണ്ടത്. മുൻകരുതലുകൾ പാലിക്കുന്നതിൽ അർത്ഥമില്ലെന്ന നിരാശജനകമായ അവസ്ഥയിലേക്ക് എത്തിയിട്ടില്ല. ലോകത്തെ മൊത്തം സാഹചര്യവുമായി താരതമ്യം ചെയ്താൽ മികച്ച രീതിയിൽ രോഗവ്യാപനവും മരണനിരക്കും പിടിച്ചുനിർത്താൻ നമുക്ക് സാധിച്ചിട്ടുണ്ട്. അത് നാം കാണിച്ച് ജാഗ്രതയുടെയും പ്രതിരോധ പ്രവർത്തനങ്ങളുടെയും ഫലമാണെന്നും മുഖ്യമന്ത്രി.

രോഗവ്യാപനത്തിന്റെ തോത് ചികിത്സസംവിധാനങ്ങൾക്ക് ഉൾക്കൊള്ളാൻ പറ്റുന്നതിന് മുകളിലേക്ക് പോയാൽ മരണനിരക്ക് കൂടും. അത്തരമൊരു സാഹചര്യത്തിലേക്ക് പോകില്ലെന്ന് നാം തീരുമാനമെടുക്കണം. വാക്സിനുകൾ വരുന്നതുവരെ പ്രതിരോധ മാർഗം മാസ്ക് ധരിക്കുക എന്നതാണ്. മാസ്ക് ധരിക്കുന്നവരിൽ രോഗബാധയുണ്ടായാൽ തീവ്രത കുറവായിരിക്കുമെന്ന് പഠനങ്ങൾ പറയുന്നു. വീട്ടിലെ അംഗങ്ങൾ ഒഴികെ മറ്റുള്ളവരുമായി ഉടപഴകുമ്പോൾ അശ്രദ്ധ കാണിക്കരുതെന്നും ഓരോരുത്തരും അവർക്ക് ചുറ്റും സുരക്ഷ വലയം സൃഷ്ടിക്കണം. ജനക്കൂട്ടം ഒഴിവാക്കണം. അടച്ചിട്ട സ്ഥലങ്ങളിൽ ഒന്നിച്ചിരിക്കുന്നതും ഒഴിവാക്കണം.

സെക്രട്ടറിയേറ്റിനു മുന്നിലെ സമരങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി

ആളുകളെ കൂട്ടി സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിന്റെ പേരിൽ നടത്തിയ സമരാഭാസം എല്ലാവരും ശ്രദ്ധിച്ച കാര്യമാണ്. കേരളത്തിന്റെ ദയനീയ അവസ്ഥ. കോവിഡ് വ്യാപനത്തിൽ ശ്രദ്ധയൂന്നി നിൽക്കുമ്പോൾ അതിന്റെ വ്യാപനത്തിനിടയാക്കുന്ന പ്രവർത്തനങ്ങൾ. ഇവിടെ ഈ പ്രതിരോധ ഘട്ടത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം ആൾക്കൂട്ടം ഉണ്ടാകാതിരിക്കുകയെന്നതാണ്. എങ്ങനെയെങ്കിലും ഇത് കൂടുതൽ പടരട്ടെയെന്ന നില വന്നപ്പോൾ ഹൈക്കോടതി തന്നെ നേരത്തെ ഇടപ്പെട്ടിരുന്നു.

എന്നാൽ ഇതൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന നിലയിലാണ്. മാസ്ക് ധരിക്കാതെ, ശാരീരിക അകലം പാലിക്കാതെ പൊതുയിടങ്ങളിൽ ഇടപഴകൻ നിയമപ്രകാരം ആർക്കും അധികാരമില്ല. അതെല്ലാം ലംഘിച്ച് പൊലീസിന് നേരെ ചീറിയടുക്കുന്ന ആളുകളെയല്ലെ കാണുന്നത്. അവർ ഈ നാടിന്റെ തന്നെ സുരക്ഷയെയാണ് ഇല്ലാതാക്കുന്നതെന്ന് മുഖ്യമന്ത്രി.

കോവിഡ് പ്രതിരോധം തകർക്കാനും നാടിന്റെ ക്രമസമാധാനം തകർക്കാനുമുള്ള നീക്കം തടയേണ്ടത് സർക്കാരിന്റെ പ്രാഥമികമായ ഉത്തരവാദിത്വമാണ്. സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി പന്താടാനുള്ളതല്ല സാധാരണക്കാരുടെ ജീവിതം. നാട്ടിലാകെ കോവിഡ് പരത്താനുള്ള ശ്രമത്തെ വച്ചുപൊറുപ്പിക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.