തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസമാണ് ഇന്ന്. 1608 പേര്‍ക്കാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ദിവസം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 1600 കടക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ഇന്ന് മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ 362 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 307 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. തിരുവനന്തപുരത്തും ഇന്ന് മുന്നൂറിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 321 പേർക്കാണ് ഇന്ന് തിരുവനന്തപുരം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 313 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
കോഴിക്കോട്, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് നൂറിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ കോഴിക്കോട്ടും ആലപ്പുഴയിലും നൂറിലധികം രോഗബാധകൾ സമ്പർക്കത്തിലൂടെയാണ്.
കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ ഒഴിവാക്കി
കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ ഒഴിവാക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടതിനെത്തുടർന്നാണ് സമ്പർക്കവ്യാപനം ഒഴിവാക്കാൻ ഞായറാഴ്ചകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. ഇത് ഉപാധികളോടെ പിൻവലിക്കുന്നതായി ജില്ലാ കലക്ടർ സാംബശിവ റാവു അറിയിച്ചു.
ജില്ലയിൽ പുതിയ ക്ലസ്റ്ററുകൾ രൂപീകരണത്തിൽ കുറവുണ്ടാവുകയും, ക്ലസ്റ്ററുകളിലെയും കോഴിക്കോട് ജില്ലയിലെയും രോഗവ്യാപനം താരതമ്യേന നിയന്ത്രണത്തിലാവുകയും ചെയ്ത സാഹചര്യത്തിലാണ് ലോക്ക് ഡൗൺ പിൻവലിക്കുന്നതെന്ന് സാംബശിവ റാവു പറഞ്ഞു.
ലോക്ക് ഡൗൺ ഇളവ് താൽക്കാലികമാണ്, കേസുകളുടെ എണ്ണം കൂടുകയോ പുതിയ ക്ലസ്റ്ററുകൾ ഉണ്ടാവുകയോ ചെയ്താൽ, ഈ ഇളവുകൾ റദ്ദാക്കുകയും ഞായറാഴ്ച ലോക്ക് ഡൗൺ വീണ്ടും നടപ്പിൽ വരുത്തുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്ക്ഡൗൺ ഒഴിവാക്കിയെങ്കിലും ജനങ്ങൾ താഴെ പറയുന്ന വ്യവസ്ഥകൾ കർശനമായി പാലിക്കേണ്ടതാണ്.
- ജില്ലയിൽ യാതൊരു തരത്തിലുള്ള കൂടിച്ചേരലുകളും ഒത്തുചേരലുകളും അനുവദിക്കില്ല. എല്ലാതരം ഒത്തുചേരലുകളും നിരോധിച്ചിരിക്കുന്നു.
- വിവാഹ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 20 പേരായി പരിമിതപ്പെടുത്തിയിരിക്കുന്നു.
- ആരാധനാലയങ്ങളിൽ പോകാൻ അനുവാദമുണ്ട്. 20 പേർക്ക് മാത്രമേ ഒന്നിച്ചുള്ള പ്രാർത്ഥനയിൽ പങ്കെടുക്കാൻ അനുമതിയുള്ളൂ.
- ബീച്ചുകൾ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ പോലുള്ള പൊതു സ്ഥലങ്ങളിലേക്ക് പോകാൻ അനുമതിയില്ല.
- വാണിജ്യ സ്ഥാപനങ്ങൾ വൈകുന്നേരം 5 മണി വരെ പ്രവർത്തിക്കാൻ അനുവദിക്കും. എന്നാൽ ഷോപ്പുകളിൽ തിരക്ക് ഉണ്ടാകുന്നില്ലെന്നും ഷോപ്പിൽ ബ്രേക്ക് ദി ചെയിൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കന്നുണ്ടെന്ന് വാണിജ്യ സ്ഥാപനങ്ങൾ ഉറപ്പാക്കണം.
- കടകളിൽ അനുവദനീമായ ആളുകളുടെ എണ്ണം ഒരു ചതുരശ്ര മീറ്ററിന് ഒരു വ്യക്തി എന്നായിരിക്കും.
- ഓരോ വ്യക്തിയും തമ്മിൽ ആറടി ദൂരം ഉറപ്പ് വരുത്തണം.
- പോലീസ്, വില്ലേജ് സ്ക്വാഡുകൾ, എൽഎസ്‌ജിഐ സെക്രട്ടറിമാർ എന്നിവരുടെ പരിശോധനയിൽ ഏതെങ്കിലും നിയമ ലംഘനങ്ങൾ ശ്രദ്ധിക്കപ്പെടുകയാണെങ്കിൽ അത് വളരെ ഗൗരവമായി കാണുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും
- എല്ലാ കടകളിലും, സ്ഥാപനങ്ങൾ, പൊതു സ്ഥലങ്ങൾ, ഇവന്റുകൾ എന്നിവ നിർബന്ധമായും സന്ദർശക രജിസ്റ്റർ ‘കോവിഡ് 19 ജാഗ്രത’ പോർട്ടലിൽ ഓൺലൈനായി രേഖപ്പെടുത്തണം. ‘കോവിഡ് 19 ജാഗ്രത’ വിസിറ്റെർസ് രജിസ്റ്റർ
ക്യൂആര്‍ കോഡ് പ്രിന്റ് ചെയ്ത് പ്രദർശിപ്പിക്കണം. - സ്വകാര്യ വാഹനങ്ങൾക്ക് അനുമതിയുണ്ട്.
- പൊതുഗതാഗതം അനുവദനീയമാണെങ്കിലും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പ്രവേശിക്കാൻ അനുവദിക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കും. ബസിൽ സാനിടൈസർ ലഭ്യമാകണം. യാത്രക്കാർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം.
- ഈ ഇളവുകൾ കണ്ടെയിൻമെൻറ്റ് സോണുകൾ ഒഴികെയുള്ള മേഖലകളിൽ മാത്രമാണ് ബാധകം.
പൂജപ്പുര സെൻട്രൽ ജയിലിൽ 53 പേര്‍ക്ക് കൂടി കോവിഡ്
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 53 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 50 തടവുകാര്‍ക്കും രണ്ട് ജയില്‍ ജീവനകാര്‍ക്കും ജയില്‍ ഡോക്ടര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം 218 ആയി.
ഇന്ന് 114 പേരില്‍ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പൂജപ്പുരയില്‍ ആകെ 975 തടവുകരാണുള്ളത്. സംസ്ഥാനത്തെ ജയിലുകളില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കുമെന്ന് ജയില്‍ വകുപ്പ് അറിയിച്ചു.
അമല ആശുപത്രിയിൽ കൂടുതൽ കോവിഡ് കേസുകൾ
തൃശ്ശൂര്‍ അമല ആശുപത്രിയിൽ കൂടുതൽ കോവിഡ്19 കേസുകൾ റിപ്പോർട്ട് ചെയ്തു. അമല ആശുപത്രി ക്ലസ്റ്ററിൽ നിന്ന് ഇന്ന് 17 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ അവിടെ ആദ്യം രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ള ആളുകളെ കണ്ടെത്തുന്നതിനായി ജൂലായ്22,23 തീയതികൾ മുതൽ ഇതുവരെ അമല ആശുപത്രി സന്ദർശിച്ചിട്ടുളളവർ ജില്ലാ മെഡിക്കൽ ഓഫീസിലെ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
കൺട്രോൾ റൂം നമ്പറുകൾ; 9400066920,9400066921,9400066922, 9400066923, 9400066924,9400066925, 9400066926, 9400066927, 9400066928, 9400066929
Kerala Covid Tracker: കേരളത്തിൽ ഇന്ന് 1608 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 803 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശ രാജ്യങ്ങളില്‍ നിന്നു വന്ന 74 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്ന 90 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
31 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ 19, തിരുവനന്തപുരം ജില്ലയിലെ 6, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
സംസ്ഥാനത്ത് ആകെ 14,891 പേരാണ് രോഗം സ്ഥിരീകരിച്ച് നിലവിൽ ചികിത്സയിലുള്ളത്. 27,779 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് 12 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിക്കുകയും 12 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടുകളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. സംസ്ഥാനത്ത് നിലവില്‍ 562 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)
- മലപ്പുറം-362
- തിരുവനന്തപുരം-321
- കോഴിക്കോട്-151
- ആലപ്പുഴ – 118
- എറണാകുളം-106
- കൊല്ലം- 91
- തൃശൂര്‍-85
- കാസര്‍ഗോഡ്-81
- പാലക്കാട്-74
- കണ്ണൂര്‍- 52
- പത്തനംതിട്ട-49
- വയനാട്-48
- കോട്ടയം-39
- ഇടുക്കി -31
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
- തിരുവനന്തപുരം-313
- മലപ്പുറം-307
- കോഴിക്കോട്-134
- ആലപ്പുഴ -106
- എറണാകുളം-99
- കൊല്ലം-86
- തൃശൂര്‍- 77
- കാസര്‍ഗോഡ്-71
- പാലക്കാട്-49
- കണ്ണൂര്‍-47
- വയനാട്-40
- കോട്ടയം-33
- പത്തനംതിട്ട-31
- ഇടുക്കി-16
രോഗമുക്തി നേടിയവർ
- തിരുവനന്തപുരം-170
- എറണാകുളം-124
- പാലക്കാട്-92
- ആലപ്പുഴ-80
- തൃശൂര്‍-63
- കോഴിക്കോട്-56
- കോട്ടയം- 45
- കൊല്ലം-42
- ഇടുക്കി-39
- പത്തനംതിട്ട-37
- കണ്ണൂര്‍-32
- വയനാട്-20
- കാസര്‍ഗോഡ്-3
ഏഴ് മരണം സ്ഥിരീകരിച്ചു
7 പേരുടെ മരണം കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ആഗസ്റ്റ് 4ന് മരണമടഞ്ഞ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ജൂഡി (69), ആഗസ്റ്റ് 13 ന് മരണമടഞ്ഞ കൊല്ലം കുണ്ടറ സ്വദേശിനി ഫിലോമിന (70), ആഗസ്റ്റ് 3ന് മരണമടഞ്ഞ എറണാകുളം ആലുവ സ്വദേശിനി സതി വാസുദേവന്‍ (64), ആഗസ്റ്റ് 8ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശിനി അസീസ് ഡിസൂസ (81) എന്നിവരുടെ മരണം കോവിഡിനെത്തുടർന്നാണെന്ന് സ്ഥിരീകരിച്ചു.
ആഗസ്റ്റ് 11ന് മരണമടഞ്ഞ എറണാകുളം വട്ടപ്പറമ്പ് സ്വദേശി എം.ഡി. ദേവസി (75), ആഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം പൂന്തുറ സ്വദേശിനി ലക്ഷ്മിക്കുട്ടി (69), ആഗസ്റ്റ് 7 ന് മരണമടഞ്ഞ അയിര ചെങ്കവിള സ്വദേശി രവി (58) എന്നിവരുടെ പരിശോധനാഫലത്തിലും മരണം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 146 ആയി.
1,60,169 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,60,169 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,46,811 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,358 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1859 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം പരിശോധനകളും വര്‍ധിപ്പിച്ചിട്ടുണ്ട്.
24 മണിക്കൂറിനിടെ 32,108 സാമ്പിളുകൾ പരിശോധിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 32,108 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 11,54,365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 9246 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.
സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,47,640 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 2338 പേരുടെ ഫലം വരാനുണ്ട്.
20 പുതിയ ഹോട്ട് സ്‌പോട്ടുകൾ
ഇന്ന് 20 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവന്തപുരം ജില്ലയിലെ വെമ്പായം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15, 21), കരവാരം (സബ് വാര്‍ഡ് 6), തിരുപുറം (2, 3), മാണിക്കല്‍ (18, 19, 20), മടവൂര്‍ (15), പുല്ലമ്പാറ (3, 11, 12, 15), പാങ്ങോട് (10), തൃശൂര്‍ ജില്ലയിലെ മുല്ലശേരി (4), കടങ്ങോട് (11), പാഞ്ഞാള്‍ (11), ഇടുക്കി ജില്ലയിലെ പീരുമേട് (9), വാത്തിക്കുടി (13), ഇടവെട്ടി (സബ് വാര്‍ഡ് 11), പാലക്കാട് ജില്ലയിലെ എരിമയൂര്‍ (14, 16), വടക്കാഞ്ചേരി (8), അയിലൂര്‍ (7), കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് (5, 7, 8, 1, 9 (സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ മൂത്തേടം (5, 7, 9, 10), കൊല്ലം ജില്ലയിലെ ഇളമ്പൂര്‍ (12), പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ (2, 5 , 12 (സബ് വാര്‍ഡ്) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
12 പ്രദേശങ്ങളെ ഒഴിവാക്കി
12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ കൊണ്ടാഴി (വാര്‍ഡ് 1), മണലൂര്‍ (3), കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ (6), കീഴരിയൂര്‍ (10), വയനാട് ജില്ലയിലെ തിരുനെല്ലി (സബ് വാര്‍ഡ് 10), പുല്‍പ്പള്ളി (5), തിരുവനന്തപുരം ജില്ലയിലെ ഒറ്റശേഖരമംഗലം (1, 8), മുദാക്കല്‍ (20), എറണാകുളം ജില്ലയിലെ പൂത്രിക (12), കൂത്താട്ടുകുളം മുന്‍സിപ്പാലിറ്റി (5), ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ (4), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (17) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.
മലപ്പുറത്ത് 362 പേര്‍ക്ക് കോവിഡ്
മലപ്പുറം ജില്ലയില്‍ ഇന്ന് 362 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയില്‍ ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. 326 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതില്‍ 19 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 23 പേര്‍ ഉറവിടമറിയാതെയും 284 പേര്‍ നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗബാധിതരായത്.
സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരില്‍ പെരിന്തല്‍മണ്ണ എ.എസ്.പി. എം. ഹേമലതയും ഉള്‍പ്പെടും. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ശേഷിക്കുന്ന 26 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. വൈറസ് ബാധിതര്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. ജില്ലയില്‍ ഇതുവരെ 2,751 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
കോഴിക്കോട്ട് 151 പേര്‍ക്ക് കോവിഡ്
കോഴിക്കോട് ജില്ലയില്‍ ഇന്ന് 151 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 56 പേര്‍ രോഗമുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 116 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. 14 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ ഏഴ് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 14 പേര്‍ക്കുമാണ് പോസിറ്റീവായത്.
മാവൂരില്‍ സമ്പര്‍ക്കം വഴി 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത മൂന്ന് കേസുകളും പ്രദേശത്ത് റിപ്പോർട്ട് ചെയ്തു.
എറണാകുളത്ത് 106 പേർക്ക് രോഗം സ്ഥിരീകരിച്ചു
എറണാകുളം ജില്ലയിൽ ഇന്ന് 106 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 99 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് 124 പേർ രോഗ മുക്തി നേടി.
ഇന്ന് 913 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 626 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.
ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1685 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചു. ഇന്ന് 1265 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1723 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
തൃശൂരിൽ 85 പേർക്ക് കോവിഡ്; 63 പേർക്ക് രോഗമുക്തി
തൃശൂർ ജില്ലയിൽ ശനിയാഴ്ച 85 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 63 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 25 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്.
ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 518 ആണ്. തൃശൂർ സ്വദേശികളായ 13 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2360 ആണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം1825 ആണ്.
അമല ആശുപത്രി ക്ലസ്റ്ററിൽ നിന്ന് 17 പേർ രോഗബാധിതരായി. ഒരു ആരോഗ്യപ്രവർത്തകയും രോഗ ഉറവിടമറിയാത്ത 08 പേരും വിദേശത്ത് നിന്ന് എത്തിയ 06 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 03 പേരും രോഗബാധിതരായി.
കാസർഗോട്ട് 81 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കാസർഗോഡ് ജില്ലയില്‍ ഇന്ന് 81 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഉറവിടം ലഭ്യമല്ലാത്ത 2 പേര്‍ ഉള്‍പ്പെടെ 74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.5 പേര്‍ വിദേശത്തു നിന്നും രണ്ട് പേര്‍ ഇതരസംസ്ഥാനത്തു നിന്നും എത്തിയവരാണ്. ജില്ലയില്‍ ഇന്ന് നാല് പേര്‍ രോഗവിമുക്തരായി. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന കാസര്‍കോട് ജില്ലക്കാരായ 4 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി.
പാലക്കാട് 74 പേർക്ക് കോവിഡ്; 92 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയിൽ ഇന്ന് 74 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ
സമ്പർക്കത്തിലൂടെ രോഗബാധിതരായവർ 42 പേരാണ്. ഏഴ് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 16 പേർക്കും വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 8 പേർക്കും രോഗം സ്ഥിരീകരിച്ചു. 92പേർക്ക് രോഗമുക്തി നേടി.
വയനാട് ജില്ലയില്‍ 48 പേര്‍ക്ക് രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് 48 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്നെത്തിയ രണ്ടു പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ചുപേര്‍, സമ്പര്‍ക്കം 39 പേര്‍, ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേര്‍ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 20 പേര്‍ രോഗമുക്തി നേടി.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1082 ആയി. ഇതില്‍ 729 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. 350 പേരാണ് ചികിത്സയിലുള്ളത്. 333 പേര്‍ ജില്ലയിലും 17 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.
സംസ്ഥാനത്ത് നാല് കോവിഡ് മരണം
തിരുവനന്തപുരം: കേരളത്തിൽ നാല് കോവിഡ് മരണം കൂടി. തിരുവനന്തപുരം പുല്ലമ്പാറ സ്വദേശി മുഹമ്മദ് ബഷീർ (44) കോവിഡ് ബാധിച്ചു മരിച്ചു. ബഷീർ വൃക്കസംബന്ധമായ അസുഃഖത്താൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്‌ചയാണ് ഇദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ ഭാര്യയ്‌ക്കും കോവിഡ് സ്ഥിരീകരിച്ചു.
പത്തനംതിട്ട തിരുവല്ല കുറ്റൂർ സ്വദേശി പി.വി മാത്യു (60) കോവിഡ് ബാധിച്ച് മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ഇന്നലെ രാത്രിയിലായിരുന്നു മരണം. പ്രമേഹരോഗിയായിരുന്നു. ഡയാലിസിസിനായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് ചികിൽസയിലായിരുന്ന രാജലക്ഷ്‌മി(62), മോഹനന്‍ (68) എന്നിവരും മരിച്ചു.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 25 ലക്ഷം കടന്നു
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 65002 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 25,26,193 ആയി. ഇന്നലെ മാത്രം 996 മരണമാണ് ഇന്ത്യയിൽ കോവിഡ് മൂലം റിപ്പോർട്ട് ചെയ്തത്. ഇതോടെ മരണനിരക്കും അരലക്ഷത്തിലേക്ക് അടുക്കുകയാണ്. 49036 മരണമാണ് ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ചത്.
അതേസമയം പ്രതിദിന കണക്കിൽ അമേരിക്കയെയും ബ്രസീലിനെയും മറികടന്ന് ഇന്ത്യ ഒന്നാമതെത്തി. എട്ട് ദിവസത്തിനുള്ളിൽ അഞ്ച് ലക്ഷം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്‌നാടും ആന്ധ്രാപ്രദേശുമാണ് തൊട്ടുപിന്നില്‍.