തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതിയതായി 593 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 364 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. വിദേശത്തുനിന്ന് വന്ന 116 പേർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന 90 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 19 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഒരു ഡിഎസ്ഇ, ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

204 പേർ ഇന്ന് രോഗമുക്തി നേടി. 11569 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 6413 പേർ നിലവിൽ കൊവിഡ് ചികിത്സ തേടുന്നുണ്ട്. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകൾ 299 ആയി വർധിച്ചു. കേരളത്തിൽ ഇന്ന് രണ്ട് കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്താണ് രണ്ട് മരണവും. അരുൾദാസ് (70 ), ബാബുരാജ് (60) എന്നിവരാണ് മരിച്ചത്.

Media Briefing

Posted by Pinarayi Vijayan on Saturday, July 18, 2020

Read More: രോഗ വ്യാപനമില്ല, എറണാകുളം മാര്‍ക്കറ്റ് തുറക്കാന്‍ അനുവദിക്കണമെന്ന് വ്യാപാരികള്‍

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

 • തിരുവനന്തപുരം-173,
 • കൊല്ലം-53
 • പാലക്കാട് 49
 • എറണാകുളം-44
 • ആലപ്പുഴ-42
 • കണ്ണൂർ-39
 • കാസർഗോഡ്- 28
 • പത്തനംതിട്ട- 28
 • ഇടുക്കി- 28
 • വയനാട്-26
 • കോഴിക്കോട്- 26
 • തൃശൂർ- 21
 • മലപ്പുറം- 19
 • കോട്ടയം- 16

ഇന്ന് രോഗമുക്തി നേടിയവർ

 • തിരുവനന്തപുരം- 7
 • പത്തനംതിട്ട- 18
 • ആലപ്പുഴ- 36
 • കോട്ടയം- 6
 • ഇടുക്കി- 6
 • എറണാകുളം- 9
 • തൃശൂർ- 11
 • പാലക്കാട്- 25
 • മലപ്പുറം- 26
 • കോഴിക്കോട്- 9
 • വയനാട്- 4
 • കണ്ണൂർ- 38
 • കാസർകോട്- 9

18,937 സാംപിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിൽ 18,937 സാംപിളുകൾ പരിശോധിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇതുവരെ ആകെ 2,85,158 സാംപിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇതിൽ 7016 സാംപിളുകളുടെ ഫലം വരാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി 92,312 സാംപിളുകൾ ശേഖരിച്ചു. അതിൽ 87,653 എണ്ണം നെഗറ്റീവായി.

1,73,932 പേരാണ് നിലവിൽ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ ആശുപത്രികളിൽ 6,841 പേരുണ്ട്. ഇന്ന് പുതുതായി 1,053 പേരെ ആശുപത്രിയിലാക്കി.

കോവിഡ് വ്യാപനം മൂന്നാഘട്ടത്തിന്റെ രണ്ടാം പാദത്തിൽ

കോവിഡ് വ്യാപനം സംസ്ഥാനത്ത് മൂന്നാഘട്ടത്തിന്റെ രണ്ടാം പാദത്തിൽ എത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ഡൗണിനു മുൻപ് മറ്റു സ്ഥലങ്ങളിൽ രോഗവ്യാപനം കുറവായിരുന്നു. ബ്രേക്ക് ദ് ചെയിൻ ജീവിതരീതി ജനങ്ങൾ പിന്തുടർന്നു. രോഗികൾ പതിനായിരം കടന്നു.

Read More: രോഗവ്യാപനം മൂന്നാം ഘട്ടത്തിന്റെ രണ്ടാം പാദത്തിൽ: അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ

സമ്പർക്കത്തിലൂടെ വ്യാപനം 60 ശതമാനത്തിൽ കൂടുതലാണ്. ഉറവിടം അറിയാത്തവരുടെ എണ്ണവും കൂടുതൽ. നിരവധി ജില്ലകളിൽ ക്ലസ്റ്റർ രൂപപ്പെട്ടു. രോഗവ്യാപനത്തിനു നാല് ഘട്ടമാണുള്ളത്. തലസ്ഥാന ജില്ലയിലെ രണ്ടു പ്രദേശം സമൂഹവ്യാപനത്തിലേക്ക് പോയി. ശാസ്ത്രീയമായ പരിഹാര മാർഗത്തിലേക്ക് നമ്മൾ പോയേ തീരൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരിയിൽ

സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരി മെഡിക്കൽ കോളേജിൽ ആരംഭിച്ചതായി വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കോവിഡ് ബാധ കാസർഗോട്ടെ രോഗഭീഷണി വർധിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് ചികിത്സ വീട്ടിലും; നിർദേശം മുന്നോട്ടുവച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ 60 ശതമാനം പേർക്കും രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരെ വീടുകളിൽ ചികിത്സിക്കാനുള്ള കാര്യം ആലോചിക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലടക്കം ഇങ്ങനെയൊരു രീതിയുണ്ട്. അപകട സാധ്യത വിഭാഗത്തിൽ ഉൾപ്പെടാത്ത, രോഗലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് ബാധിതരെ വീട്ടിൽ ചികിത്സിക്കാമെന്ന് വിദഗ്‌ധരുടെ ഉപദേശമുണ്ട്. ആശുപത്രിയടുത്തുള്ള വീടുകളിൽ ഇങ്ങനെയൊരു സജ്ജീകരണം ഏർപ്പെടുത്താം. രോഗികളുടെ എണ്ണം വൻ തോതിൽ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു ചികിത്സാരീതി നടപ്പിലാക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.