Latest News
സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്
ഇന്ന് ചെറിയ പെരുന്നാള്‍; ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ആഘോഷം
ഇസ്രയേലിന് പിന്തുണ, സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷ: ജോ ബൈഡന്‍
35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ
രാജ്യത്ത് 3.62 ലക്ഷം പുതിയ കേസുകള്‍; 4,120 മരണം

പൂന്തുറയിലും പുല്ലുവിളയിലും സാമൂഹിക വ്യാപനം; സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 791 പേർക്ക്

സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു

CM, Pinarayi Vijayan, K T Jaleel, Strikes, പിണറായി വിജയൻ, കെടി ജലീൽ, സമരങ്ങൾ, IE malayalam, ഐഇ മലയാളം

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ്-19 വ്യാപനം വർധിക്കുന്നു. ഇന്ന് പുതിയതായി 791 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവാണിത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു. അതേസമയം സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 132 പേർക്ക് രോഗമുക്തി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും സമ്പർക്കപട്ടികയിലുള്ളവരാണ്. 532 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 42 പേരുടെ രോഗ ഉറവിടം അറിയാത്തത് ആശങ്ക വർധിപ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.  135 പേർ വിദേശത്ത് നിന്ന് എത്തിയവരും 98 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. 15 ആരോഗ്യ പ്രവർത്തകര്‍ക്കും ഒന്ന് വീതം ബിഎസ്എഫ്, ഐടിബിപിക്കാർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഏഴ് കെഎസിഇക്കാർക്കും രോഗം ബാധിച്ചതായി മുഖ്യമന്ത്രി.

തിരുവന്തപുരം ജില്ലയിലെ ചില മേഖലകളിൽ സ്ഥിതി അതീവ ഗുതുതരമാകുന്നു. തീരദേശ മേഖലകളിൽ രോഗം വലിയ രീതിയിൽ വ്യാപിക്കുകയാണ്. പൂന്തുറ, പുല്ലുവിള പ്രദേശങ്ങളിൽ സാമൂഹിക വ്യാപനത്തിലേക്ക് എത്തിയതായും മുഖ്യമന്ത്രി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 246
എറണാകുളം – 115
പത്തനംതിട്ട – 87
ആലപ്പുഴ – 57
കൊല്ലം – 47
കോട്ടയം – 39
കോഴിക്കോട്- 32
തൃശൂർ – 32
കാസർഗോഡ് – 32
പാലക്കാട് -31
വയനാട് – 28
മലപ്പുറം – 25
ഇടുക്കി – 11
കണ്ണൂർ – 9

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 8
കൊല്ലം – 7
ആലപ്പുഴ – 6
കോട്ടയം – 8
ഇടുക്കി – 5
എറണാകുളം – 5
തൃശൂർ – 32
മലപ്പുറം – 32
കോഴിക്കോട് – 9
വയനാട് – 4
കണ്ണൂർ – 8
കാസർഗോഡ് – 9

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11066 പേർക്ക്

സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11066 ആയി. 6029 പേരാണ് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 1,78,481പേരാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 6124 പേർ ആശുപത്രികളിലാണ്. ഇന്ന് 1152 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിദിന കണക്കിലെ ഏറ്റവും ഉയർന്ന വർധനവാണിത്. ഇന്ന് പരിശോധനയ്ക്ക് അയച്ച 16,642 എണ്ണം ഉൾപ്പടെ സംസ്ഥാനത്ത് 2,75,900 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 7,610 ഫലം ഇനിയും വരേണ്ടതുണ്ട്. സെന്റിനൽ സർവേയ്‌ലൻസിന്റെ ഭാഗമായി 88,903 സാമ്പിളുകൾ പരിശോധിച്ചതിൽ 84454 പേര്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പായി. 285 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഗുരുതരമായ രോഗവ്യാപനം നിലനിൽക്കുന്ന ജില്ലയായ തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ കർശനമാക്കും. അസാധാരണ സാഹചര്യമാണ് തിരുവനന്തപുരത്തുള്ളത്. അതിനാൽ തീർപ്രദേശങ്ങളിൽ ചിലപ്പോൾ നാളെ മുതൽ ലോക്ക്ഡൗൺ വേണ്ടി വരും. രോഗവ്യാപനം നിയന്ത്രിക്കുന്നത് മൂന്ന് സോണുകളായി തിരിച്ചായിരിക്കും പ്രവർത്തനങ്ങൾ.

ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം ദ്രുതഗതിയില്‍ പൂത്തിയാക്കും. കണ്ടെയിന്‍മെന്‍റ് സോണുകള്‍ ജനങ്ങള്‍ പുറത്തിറങ്ങരുത്. അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ യാത്ര അനുവദിക്കൂ. അവശ്യ സാധനങ്ങള്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കുന്നുണ്ട്.

കരിങ്കുളം ഗ്രാമപഞ്ചായത്തില്‍ ഇന്ന് രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. പുല്ലുവിളയില്‍ സാമൂഹ്യവ്യാപനം ഉണ്ടാവുകയും പഞ്ചായത്തില്‍ 150ലധികം ആക്ടീവ് കോവിഡ് കേസുകള്‍ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.

കഠിനംകുളം, ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളെയും കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പൗഡിക്കോണം, ഞാണ്ടൂര്‍ക്കോണം, കരകുളം ഗ്രാമപഞ്ചായത്തിലെ പ്ലാത്തറ, മുക്കോല, ഏണിക്കര എന്നീ വാര്‍ഡുകളെയും കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടുത്തി.

പത്തനംതിട്ട ജില്ലയില്‍ 87 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 51 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ്. അഞ്ചുപേരുടെ ഉറവിടം അറിയില്ല. കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് കുമ്പഴ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററും തിരുവല്ലയിലെ തുകലശേരി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററുമാണുള്ളത്. കുമ്പഴയില്‍ 456 റാപിഡ് ആന്‍റീജന്‍ ടെസ്റ്റ് നടത്തിയതില്‍ 46 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കുമ്പഴയില്‍ നിന്ന് 361 ആര്‍ടി പിസിആര്‍ പരിശോധന നടത്തിയതില്‍ 48 എണ്ണം പോസിറ്റീവായി റിപോര്‍ട്ട് ചെയ്തു. ആകെ 518 ആന്‍റിജന്‍ ടെസ്റ്റുകളാണ് നടത്തിയത്. ഇതില്‍ 73 എണ്ണം പോസിറ്റീവായി.

ആലപ്പുഴ ജില്ലയില്‍ ഇന്നും സമ്പര്‍ക്കംമൂലം 46 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. കായംകുളം, കുറത്തികാട്, നൂറനാട്, പള്ളിത്തോട്, എഴുപുന്ന എന്നിവിടങ്ങളാണ് പ്രത്യേക ക്ലസ്റ്ററുകളായി കണ്ടെത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ ആരോഗ്യസ്ഥാപനം കേന്ദ്രീകരിച്ച് പ്രത്യേക നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കുകയും കണ്‍ട്രോള്‍ റൂം സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്.

നൂറനാട് ഐടിബിപി ക്യാമ്പില്‍ രോഗവ്യാപന നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനായി മൂന്നു സ്കൂള്‍ കെട്ടിടങ്ങളും മൂന്ന് ഹോസ്റ്റലുകളും എറ്റെടുത്തു. ഐടിബിപി ഉദ്യോഗസ്ഥരുടെ ബാരക്ക് പൂര്‍ണമായി ഒഴിപ്പിച്ചു.

വണ്ടാനം മെഡിക്കല്‍ കോളേജില്‍ കോവിഡ് 19 പരിശോധനയ്ക്ക് ലാബ് സജ്ജീകരിച്ചുവരികയാണ്. ഓട്ടോമേറ്റഡ് ആര്‍എന്‍എ എക്സ്ട്രാക്ഷന്‍ മെഷീന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ലാബില്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. യന്ത്രം പ്രവര്‍ത്തന ക്ഷമമാകുന്നതോടെ ദിവസേന കുറഞ്ഞത് ആയിരം പരിശോധനകള്‍ നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിന്‍റെ സാങ്കേതിക സഹായത്തോടെയാണ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ ലാബ് സജ്ജമാക്കുന്നത്.

വയനാട് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയുണ്ടായത് എട്ടുപേര്‍ക്കാണ്. ബത്തേരിയിലെ പബ്ലിക് ഹെല്‍ത്ത് ലാബില്‍ പുതിയ ആര്‍ടി പിസിആര്‍ മെഷീന്‍ എത്തിയിട്ടുണ്ട്. അടുത്ത ആഴ്ചയോടെ ഇവിടെ പരിശോധനകള്‍ നടത്താനാകും.

എറണാകുളം ജില്ലയില്‍ മൂന്ന് ആക്റ്റീവ് ക്ലസ്റ്ററുകള്‍ ആണുള്ളത്, ചെല്ലാനം, ആലുവ കീഴ്മാട് എന്നിവ. എറണാകുളം മാര്‍ക്കറ്റിലെ രോഗവ്യാപനം നിയന്ത്രണ വിധേയമായിട്ടുണ്ട്. എന്നാല്‍, ഇന്ന് 115 കേസുകള്‍ പോസിറ്റിവായതും അതില്‍ 76 എണ്ണം സമ്പര്‍ക്കത്തിലൂടെ വന്നതാണ് എന്നതും ആശങ്കയുളവാക്കുന്നതാണ്. ജില്ലയില്‍ ശക്തമായ നിയന്ത്രണം തുടരും.

ചെല്ലാനം പഞ്ചായത്തില്‍ സെന്‍റ് ആന്‍റണിസ് പള്ളിയോട് ചേര്‍ന്നുള്ള ഹാളില്‍ തയ്യാറാക്കുന്ന എഫ്എല്‍ടിസി ഇന്ന് വൈകിട്ടോടു കൂടി പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കും.

കണ്ണൂരില്‍ സമ്പര്‍ക്കം വഴിയുള്ള രോഗബാധയുടെ പശ്ചാത്തലത്തില്‍ രോഗവ്യാപനം തടയുന്നതിന്‍റെ ഭാഗമായി കൂത്തുപറമ്പ്, പാനൂര്‍, ന്യൂമാഹി, ചൊക്ലി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്‍റ് സോണുകളായി  പ്രഖ്യാപിച്ചു. ഇന്ന് ഒമ്പതുപേര്‍ മാത്രമാണ് രോഗബാധിതര്‍. ഒരാളുടെ ഉറവിടം വ്യക്തമായിട്ടില്ല.

ഡ്യൂട്ടി കഴിഞ്ഞു വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയുന്ന ആരോഗ്യ പ്രവര്‍ത്തകരോട് അയല്‍വാസികളും ചില നാട്ടുകാരും മോശമായി പെരുമാറുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതായാണ് പരാതി. ഇത് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യുന്നത് ഏറ്റവും വലിയ മനുഷ്യസേവനമാണ്. കുറ്റപ്പെടുത്തുന്നവര്‍ക്ക് രോഗം വന്നാലും നാളെ ഇവര്‍ തന്നെയാണ് പരിചരിക്കേണ്ടത്. അവര്‍ നാടിനു വേണ്ടിയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. അനാവശ്യമായി അവിവേകം കാണിക്കാന്‍ ആരും തയ്യാറാകരുത്. അത്തരക്കാരെ പിന്തിരിപ്പിക്കാന്‍ നാട്ടുകാര്‍ പൊതുവെ ഇടപെടുന്ന സ്ഥിതിയുണ്ടാകണം.
 
തൃശൂര്‍ ജില്ലയില്‍ കണ്ടെയിന്‍മെന്‍റ് സോണുകളുടെ എണ്ണം 12 ആയി. ഇതുവരെ 202 പേരില്‍ ആന്‍റിജന്‍ പരിശോധന നടത്തി. ഒരാള്‍ മാത്രമാണ് പോസിറ്റീവ്.  

കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്ക രോഗവ്യാപനം സ്ഥിരീകരിച്ച ഏഴ് ക്ലസ്റ്ററുകളാണുള്ളത്.  ഇതില്‍ തൂണേരി, നാദാപുരം ഗ്രാമപഞ്ചായത്തുകളിലാണ് കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  

അഴിയൂര്‍, വാണിമേല്‍, തൂണേരി, നാദാപുരം, ഗ്രാമപഞ്ചായത്തുകളും വടകര മുനിസിപ്പാലിറ്റിയും മുഴുവനായും കോഴിക്കോട് കോര്‍പറേഷനിലെ 11 വാര്‍ഡുകളും വില്യാപ്പിള്ളി പഞ്ചായത്തിലെ 5 വാര്‍ഡുകളും പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ 3 വാര്‍ഡുകളും ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ 3 വാര്‍ഡുകളും കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയില്‍ സമ്പര്‍ക്കംമൂലമുള്ള രോഗബാധ കൂടിയ സ്ഥലമായ രാജാക്കാട് ഇന്ന് 4 കോവിഡ് കേസുകള്‍ ഉണ്ട്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 26  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 115 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്‍റ് സോണ്‍ ആയിട്ടുള്ളത്.

കാസര്‍കോട് ജില്ലയില്‍ 32 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 22ഉം സമ്പര്‍ക്കംമൂലമാണ്. അവിടെ പൊതുഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അതത് പ്രദേശത്തെ സാഹചര്യം അനുസരിച്ച് പൊലീസ് ആയിരിക്കും ഗതാഗത നിയന്ത്രണം സംബന്ധിച്ച് നടപടി സ്വീകരിക്കുക. ഓട്ടോ, ടാക്സി സ്റ്റാന്‍റ് അനുവദിക്കില്ല. കൂടാതെ ഇതുവഴി സര്‍വീസ് നടത്തുന്ന ഓട്ടോ, ടാക്സി വാഹനങ്ങളിലെ ഡ്രൈവറുടെയും യാത്രികരുടെയും സീറ്റുകള്‍ ഷീല്‍ഡ് വെച്ച് പ്രത്യേകം വേര്‍തിരിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കേസുകള്‍ കുറഞ്ഞു വരികയാണ്. ജില്ലയില്‍ ഇന്നലെ എട്ടു പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലു പേര്‍ക്ക് രോഗബാധയുണ്ടായതിന്‍റെ ഉറവിടം കണ്ടെത്തിയിട്ടില്ല.

കൊല്ലം ജില്ലയില്‍ ജൂലൈ 16ന് 42 കോവിഡ്  പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് 47 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്. ഒമ്പതുപേരുടെ ഉറവിടം വ്യക്തമല്ല. പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ല. അഞ്ചല്‍, ഏരൂര്‍, ഇടമുളക്കല്‍, തലച്ചിറ, പൊഴിക്കര എന്നിവ നിലവിലെ ക്ലസ്റ്ററുകളാണ്. തെډല, മേലില ഗ്രാമപഞ്ചായത്തുകളും കണ്ടെയിന്‍മെന്‍റ് സോണാക്കി.

ക്ളസ്റ്ററുകള്‍ രൂപപ്പെടുന്ന സ്ഥലങ്ങളില്‍ കൃത്യമായ ക്ളസ്റ്റര്‍ കണ്ടെയ്ന്‍മെന്‍റ് സ്ട്രാറ്റജി നടപ്പിലാക്കി രോഗവ്യാപനം തടയാനാണ് നമ്മള്‍ ശ്രമിക്കുന്നത്. ഇന്നലെ വരെയുള്ള കണക്കു പ്രകാരം കേരളത്തില്‍ നിലവിലുള്ളത് 10 ലാര്‍ജ് കമ്യൂണിറ്റി ക്ളസ്റ്ററുകള്‍ ഉള്‍പ്പെടെ 84 ക്ളസ്റ്ററുകളാണ്. ഈ ക്ളസ്റ്ററുകള്‍ രൂപപ്പെട്ട സ്ഥലങ്ങളിലും, രൂപപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും കേന്ദ്രീകൃതമായ രീതിയില്‍ ലോക്ഡൗണ്‍ നടപ്പിലാക്കുകയും, മറ്റു പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു.

കൊവിഡിനെക്കുറിച്ച് പ്രചരിക്കുന്ന വസ്തുതാവിരുദ്ധമായ ചില കാര്യങ്ങളെക്കുറിച്ച് ഇന്നലെ സൂചിപ്പിച്ചിരുന്നു. അപരിചിതമായ പ്രതിസന്ധികളെ നേരിടുമ്പോള്‍ ഇത് സ്വാഭാവികമാണ്. പ്രകൃതിയും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാകുമ്പോള്‍ അശാസ്ത്രീയ മാര്‍ഗങ്ങളുടെ പിന്നാലെ പോകുന്നത് ഒരു പ്രവണത തന്നെയാണ്. പ്രതിവിധിയായി ശാസ്ത്രീയ പിന്‍ബലമില്ലാത്ത മാര്‍ഗങ്ങളെയും ആശ്രയിക്കാറുണ്ട്.

കോവിഡുമായി ബന്ധപ്പെട്ട് പരക്കുന്ന തെറ്റിദ്ധാരണകള്‍ നിരവധിയാണ്. വെറും ജലദോഷം പോലുള്ള ഒരു അസുഖമാണ് എന്നതാണ് ഒരു തെറ്റിദ്ധാരണ. രോഗപ്രതിരോധശക്തി ഉണ്ടാകണമെങ്കില്‍ കൊറോണ വൈറസ് ശരീരത്തില്‍ ആദ്യം പ്രവേശിക്കണമെന്ന് മറ്റൊരു തെറ്റായ പ്രചാരണമുണ്ട്. കുട്ടികള്‍ക്ക് താരതമ്യേന ദോഷകരമല്ല ഈ രോഗം എന്നതാണ് മറ്റൊരു പ്രചാരണം. മികച്ച രോഗപ്രതിരോധ ശക്തിയുള്ളവരെ ഇതു ബാധിക്കുകയേ ഇല്ല എന്ന് പറഞ്ഞുനടക്കുന്നവരുണ്ട്. ജനസംഖ്യയുടെ ഒരു നിശ്ചിത ശതമാനത്തിനപ്പുറം രോഗബാധയുണ്ടാവില്ല എന്നു പറയുന്നവരും ഒരിക്കല്‍ വന്നു ഭേദപ്പെട്ടാല്‍ പിന്നെ സുരക്ഷിതമാണ് എന്നു പ്രചരിപ്പിക്കുന്നവരുമുണ്ട്.

മറ്റൊരു കൂട്ടര്‍ പറയുന്നത് ഇതര രോഗമുള്ളവര്‍ മാത്രമേ കോവിഡ്മൂലം മരിക്കുകയുള്ളു എന്നാണ്. നാം കൃത്യമായി ഓര്‍മിക്കേണ്ടത് ഈ പ്രചാരണങ്ങള്‍ക്കൊന്നും ശാസ്ത്രത്തിന്‍റെ പിന്‍ബലമില്ല എന്നതാണ്.

ഈ രോഗം ഭേദപ്പെടുത്താവുന്ന സ്പെഷ്യലൈസ്ഡ് മരുന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. വാക്സിന്‍ വികസിപ്പിച്ചിട്ടില്ല. ഒരു വാക്സിന്‍ ഫലപ്രദമാണ് എന്നുറപ്പുവരുത്താന്‍ 12 മുതല്‍ 18 മാസം വരെയെടുക്കും എന്നാണ് ശാസ്ത്രലോകം പറയുന്നത്. കൊവിഡ് 19 ഉമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ ആരംഭിച്ചിട്ട് ആറു മാസമേ ആയിട്ടുള്ളൂ. അതായത് ഇനിയും സമയമെടുക്കും.

അതിനുമുമ്പു തന്നെ വാക്സിനും മരുന്നുമൊക്കെ യാഥാര്‍ത്ഥ്യമാക്കാന്‍ ശാസ്ത്രലോകത്തിനു കഴിയട്ടെ എന്നാണ് നാമെല്ലാവരും ആഗ്രഹിക്കുന്നത്. ശാസ്ത്രലോകം അതിനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുമ്പോള്‍ പിന്തുണ നല്‍കുകയാണ് ഉത്തരവാദിത്തബോധമുള്ള ഏതൊരാളും ചെയ്യേണ്ടത്. അവരുടെ പ്രവര്‍ത്തങ്ങളെ അട്ടിമറിക്കാനുതകുന്ന വിധത്തില്‍ അശാസ്ത്രീയത പ്രചരിപ്പിക്കുന്ന ഒരിടപെടലും ആരുടെ ഭാഗത്തു നിന്നുമുണ്ടാകരുത്.

ജീവന്‍റെ വിലയുള്ള ജാഗ്രതയാണ് ഈ ഘട്ടത്തില്‍ അനിവാര്യമായിട്ടുള്ളത്. അത് ഉള്‍ക്കൊള്ളാത്ത ചില ദൃശ്യങ്ങളാണ് ഇന്നലെ വൈകുന്നേരം ചിലയിടങ്ങളില്‍ കണ്ടത്. ചില സ്ഥലങ്ങളില്‍ ജാഗ്രതയെ കാറ്റില്‍പ്പറത്തുന്ന തരത്തിലുള്ള തിക്കും തിരക്കുമുണ്ടായി. അതൊരിക്കലുമുണ്ടാകാന്‍ പാടില്ലായിരുന്നു. പ്രതിരോധമാണ് പ്രധാനം.

രോഗം വരാതിരിക്കാനാണ് നാം ശ്രമിക്കേണ്ടത്. ഇത് സ്വകാര്യ ബസുകളിലും മറ്റും യാത്ര ചെയ്യുന്നവര്‍ക്കും ബാധകമാണ്. എറണാകുളത്തും വടക്കന്‍ ജില്ലകളിലും മറ്റും ബസുകളില്‍ അമിതമായി തിരക്കുണ്ടാകുന്നുണ്ട്. ഇതൊക്കെ തടയാന്‍ നിയമനടപടികളെ ആശ്രയിക്കുന്നതിനു പകരം ഓരോരുത്തരും ശ്രദ്ധിക്കുക എന്നതാണ് മുഖ്യമായ കാര്യം.

നമ്മുടെ ശ്രദ്ധകൊണ്ട് എന്തൊക്കെ നേടാനാകുമെന്ന് ഇന്നു വന്ന ഒരു പഠനം തെളിയിക്കുന്നുണ്ട്. അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ പുറത്തിറക്കിയ മോര്‍ബിഡിറ്റി ആന്‍ഡ് മോര്‍ട്ടാലിറ്റി വീക്ക്ലി റിപ്പോര്‍ട്ടിലാണ് പ്രസക്തമായ ഒരു പഠന റിപ്പോര്‍ട്ടുള്ളത്. മിസ്സൂറി സംസ്ഥാനത്തെ സ്പ്രിങ്ഫീല്‍ഡ് നഗരത്തിലെ ഒരു സലൂണില്‍ പണിയെടുത്ത കൊവിഡ് ബാധിതരായ രണ്ടു ഹെയര്‍ സ്റ്റൈലിസ്റ്റുകളെക്കുറിച്ചാണ് പഠനം. മെയ് പകുതിയോടെ കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഇരുവരും രോഗബാധ സ്ഥിരീകരിക്കുന്നതു വരെ ജോലിയില്‍ തുടര്‍ന്നു.

ഇതിനിടയില്‍ 139 പേരാണ് ആ സലൂണിലെത്തി ഇവരുടെ സേവനങ്ങള്‍ സ്വീകരിച്ചത്. ശരാശരി 15 മിനിറ്റാണ് ഓരോ ആളിനുമൊപ്പം ഇവര്‍ ചെലവഴിച്ചത്. രോഗബാധിതരായ ഹെയര്‍ സ്റ്റൈലിസ്റ്റുകളുമായി അടുത്തിടപഴകിയിട്ടും ഈ 139 പേര്‍ക്കും രോഗം വന്നില്ല. അതിനുള്ള കാരണമായി പഠനത്തില്‍ പറയുന്നത് ഹെയര്‍ സ്റ്റെലിസ്റ്റുകളും മുടിവെട്ടാനെത്തിയവരും കൃത്യമായി മാസ്ക് ധരിച്ചിരുന്നു എന്നതാണ്. അവരില്‍ പകുതിപേരും ധരിച്ചത് സാധാരണ തുണി മാസ്കുകളാണ്. ബാക്കി ഏറെപ്പേരും ത്രീലെയര്‍ മാസ്കാണ് ധരിച്ചത്. ഇതിന് മറ്റൊരു വശവും കൂടിയുണ്ട്. ഇതില്‍ ഒരു ഹെയല്‍ സ്റ്റെലിസ്റ്റിന്‍റെ കുടുംബത്തിന് മുഴുവന്‍ രോഗബാധയുണ്ടായി.

ഇതില്‍ നിന്ന് വ്യക്തമാകുന്നത് അടുത്തിടപഴുകുന്ന ഘട്ടങ്ങളില്‍ കൃത്യമായി മാസ്ക് ധരിച്ചാല്‍ രോഗം പടരുന്നത് ഏറെക്കുറെ പൂര്‍ണമായും തടയാനാകും എന്നാണ്. ഈയൊരു ചെറിയ മുന്‍കരുതല്‍ നടപടി വലിയ വിപത്തില്‍ നിന്നു നമ്മെ പ്രതിരോധിക്കുമെങ്കില്‍ ആ പ്രതിരോധവുമായി മുന്നോട്ടു പോകുന്നതാണ് ബുദ്ധി. ഇക്കാര്യത്തില്‍ പരസ്പരം പ്രേരിപ്പിക്കാനും കഴിയണം.

മാസ്ക് ധരിക്കാത്ത 4944 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റെയ്ന്‍ ലംഘിച്ച 12 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 kerala numbers cm pinarayi vijayan latest update

Next Story
സാമ്പത്തിക തകർച്ചയുടെ വിജയകരമായ ഒമ്പത് പാദങ്ങളും, ആസന്നമായ മാന്ദ്യവും; സർക്കാരിനെതിരെ ആഞ്ഞടിച്ച് ചിദംബരംChidambaram, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com