തിരുവനന്തപുരം: കേരളത്തില്‍ കോവിഡ്-19 വ്യാപനം വർധിക്കുന്നു. ഇന്ന് പുതിയതായി 722 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവാണിത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. അതേസമയം സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 39 വയസുള്ള തൃശൂർ സ്വദേശിയും 25 വയസുള്ള കണ്ണൂർ സ്വദേശിയുമാണ് ഇന്ന് മരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും സമ്പർക്കപട്ടികയിലുള്ളവരാണ്. 481 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 34 പേരുടെ രോഗ ഉറവിടം അറിയാത്തത് ആശങ്ക വർധിപ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.  157 പേർ വിദേശത്ത് നിന്ന് എത്തിയവരും 62 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. 12 ആരോഗ്യ പ്രവർത്തകര്‍ക്കും അഞ്ച് ബിഎസ്എഫുകാർക്കും മൂന്ന് ഐടിബിപിക്കാർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

Also Read: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഞ്ച് ഡോക്ടര്‍മാര്‍ക്ക് കോവിഡ്, സര്‍ജറി വിഭാഗം അടച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 339
എറണാകുളം – 57
കൊല്ലം – 42
മലപ്പുറം – 42
പത്തനംതിട്ട – 39
കോഴിക്കോട്- 33
തൃശൂർ – 32
ഇടുക്കി – 26
പാലക്കാട് -25
കണ്ണൂർ – 23
ആലപ്പുഴ – 20
കാസർഗോഡ് – 18
കോട്ടയം – 13
വയനാട് – 13

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 1
കൊല്ലം – 17
പത്തനംതിട്ട – 18
ആലപ്പുഴ – 13
കോട്ടയം – 7
ഇടുക്കി – 6
എറണാകുളം – 7
തൃശൂർ – 8
പാലക്കാട് – 72
മലപ്പുറം – 37
കോഴിക്കോട് – 10
വയനാട് – 1
കണ്ണൂർ – 8
കാസർഗോഡ് – 23

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 10275 പേർക്ക്

സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10275 ആയി. 5372 പേരാണ് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 1,83,900 പേരാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 5432 പേർ ആശുപത്രികളിലാണ്. ഇന്ന് 804 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിദിന കണക്കിലെ ഏറ്റവും ഉയർന്ന വർധനവാണിത്. ഇന്ന് പരിശോധനയ്ക്ക് അയച്ച 16,052 എണ്ണം ഉൾപ്പടെ സംസ്ഥാനത്ത് 2,68,128 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 7,897 ഫലം ഇനിയും വരേണ്ടതുണ്ട്. സെന്റിനൽ സർവേയ്‌ലൻസിന്റെ ഭാഗമായി 85,767 സാമ്പിളുകൾ പരിശോധിച്ചതിൽ 81543 പേര്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പായി. 27134 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് പത്ത് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളാണുള്ളത്. ശ്രദ്ധയിൽപ്പെടാതെ രോഗവ്യപനം നടക്കുന്ന ഇടങ്ങളും സംസ്ഥാനത്തുണ്ടാകാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി. ഈ സാഹചര്യത്തിൽ സമൂഹത്തിൽ രോഗികളുണ്ടെന്ന വിചാരത്താൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണം. ബ്രേക്ക് ദി ചെയിൻ ജീവിത രീതികൾ പിന്തുടരണം. രോഗികളെയും അവരുടെ കുടുംബങ്ങളെ അകറ്റി നിർത്താതെ ആവശ്യമായ സഹായം നൽകണം.

കോവിഡ് വ്യാപനം തടയുന്നതിനും അതിവേഗം രോഗബാധിതരെ കണ്ടെത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് അറിയിച്ച മുഖ്യമന്ത്രി പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്നും കൂട്ടിച്ചേർത്തൂ. സ്വകാര്യ ലാബുകളുടെ സഹായം തേടുന്നതോടൊപ്പം മനുഷ്യ സ്രോതസും ഉപയോഗിക്കും. എല്ലാ പഞ്ചായത്തിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ തുടരുന്നു. നൂറ് കിടക്കകളുള്ള ട്രീറ്റ്മെന്റ് സെന്ററുകളാണ് ആരംഭിക്കുന്നത്. ഇതിന് ആരോഗ്യപ്രവർത്തരെയും കണ്ടെത്തും.

ഏത് നിമിഷവും സേവനവും ലഭ്യമാകുന്ന തരത്തിൽ സേനയെപോലെ പ്രവർത്തിക്കുന്ന സംഘത്തെ രൂപപ്പെടുത്തും. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പുറമെ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും പ്രവർത്തിക്കുന്നവരെ ഇതിന്റെ ഭാഗമാക്കും. വിദ്യാർഥികളെയും ഉൾക്കൊള്ളുന്ന സംവിധാനമാണ് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നത്. സ്വകാര്യ ആശുപത്രികളെയും ക്ലിനിക്കുകളെയും നല്ല രീതിയിൽ ചേർത്ത് പ്രവർത്തിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.