തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കോവിഡ് സ്ഥിരീകരിക്കന്നവരുടെ പ്രതിദിന കണക്ക് ഇന്നും ആയിരത്തിന് മുകളിൽ. ഇന്ന് പുതിയതായി 1184 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് ഏഴ് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കാസർഗോഡ്, കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം, വയനാട്, മലപ്പുറം എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 784 പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും സമ്പർക്കപ്പട്ടികയിലുള്ളവരാണ്. 956 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 114 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.  106 പേർ വിദേശത്ത് നിന്ന് എത്തിയവരും 73 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. 41 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം – 255
തിരുവനന്തപുരം – 200
പാലക്കാട് -147
കാസർഗോഡ് – 146
എറണാകുളം – 101
കോഴിക്കോട്- 66
കണ്ണൂർ – 63
കൊല്ലം – 41
തൃശൂർ – 40
കോട്ടയം – 40
വയനാട് – 33
ആലപ്പുഴ – 30
ഇടുക്കി – 10
പത്തനംതിട്ട – 4

കരിപ്പൂർ വിമാന ദുരന്തം

കരിപ്പൂർ വിമാന ദുരന്തത്തിൽ പരുക്കേറ്റ 109 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 82 പേർ കോഴിക്കോടും 27 പേർ മലപ്പുറത്തുമാണ് ചികിത്സയിലുള്ളത്. ഇവരിൽ 23 പേരുടെ നില ഗുരുതരമാണ്. മൂന്ന് പേർ വെന്റിലേറ്ററിലാണ്. 81 പേർ സുഃഖം പ്രാപിച്ചു. വിമാനദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിൽ പോയവർ സ്വയം നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി.

രാജമലയിൽ തെരച്ചിൽ തുടരുന്നു

രാജമല പെട്ടിമുടിയിൽ ആറു പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഇവിടെ മരണസംഖ്യ 49 ആയി. ഒരാളെ തിരിച്ചറിയാനുണ്ടെന്നും. 27 പേരെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുന്നതായും മുഖ്യമന്ത്രി. ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് പുറമെ സംസ്ഥാന സേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. പെട്ടിമുടി ആറിന്റെ 16 കിലോ മീറ്റർ വിസ്തൃതിയിലാണ് തെരച്ചിൽ നടക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.