തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ദിനംപ്രതി കോവിഡ് സ്ഥിരീകരിക്കന്നവരുടെ എണ്ണം ആയിരത്തിനടുത്ത് തന്നെ തുടരുന്നു. ഇന്ന് പുതിയതായി 962 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും സമ്പർക്കപ്പട്ടികയിലുള്ളവരാണ്. 801 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 40 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.  55 പേർ വിദേശത്ത് നിന്ന് എത്തിയവരും 85 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. 15 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 815 പേർക്ക് രോഗം ഭേദമായി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 205
എറണാകുളം – 106
ആലപ്പുഴ – 101
തൃശൂർ – 85
മലപ്പുറം – 85
കാസർഗോഡ് – 66
പാലക്കാട് -59
കൊല്ലം – 57
കണ്ണൂർ – 37
പത്തനംതിട്ട – 36
കോട്ടയം – 35
കോഴിക്കോട്- 33
വയനാട് – 31
ഇടുക്കി – 26

Also Read: കോവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായി, ഇനി കർശന നടപടി: മുഖ്യമന്ത്രി

ഇന്ന് രോഗം ഭേദമായവർ (ജില്ല തിരിച്ച്)

തിരുവനന്തപുരം – 253
കൊല്ലം – 40
പത്തനംതിട്ട – 59
ആലപ്പുഴ – 50
കോട്ടയം – 55
ഇടുക്കി – 54
എറണാകുളം – 38
തൃശൂർ – 52
പാലക്കാട് – 67
മലപ്പുറം – 38
കോഴിക്കോട് – 26
വയനാട് – 8
കണ്ണൂർ – 25
കാസർഗോഡ് – 50

ചികിത്സയിൽ 11484 പേർ

സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരിൽ 11484 പേരാണ് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 1,45,234 പേരാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 10779 പേർ ആശുപത്രികളിലാണ്. ഇന്ന് 1115 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പരിശോധനയ്ക്ക് അയച്ച 19343 എണ്ണം ഉൾപ്പടെ സംസ്ഥാനത്ത് 400029 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3929 എണ്ണത്തിന്റെ ഫലം ഇനിയും വരേണ്ടതുണ്ട്. 506 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

പൊലീസിന് പ്രത്യേക ചുമതല

സമ്പർക്ക വ്യാപനം മൂലമുള്ള രോഗബാധ കൂടിവരുന്ന പശ്ചാത്തലത്തിൽ കണ്ടെയിൻമെന്റ് സോണുകൾ മാർക്ക് ചെയ്യാൻ പൊലീസിന് ചുമതല. ജില്ലാ പൊലീസ് മേധാവികൾ ആവശ്യമായ നടപടികൾ സ്വീകരിക്കണം. കണ്ടെയിൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നതിന് പൊലിസിന്റെ ഇടപ്പെടൽ കാര്യക്ഷമമാക്കണം. ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങുന്നവരെയും ശരീരിക അകലം പാലിക്കാതെ ഇരിക്കുന്നവരും ഇപ്പോഴുമുള്ളത് രോഗവ്യാപന തോത് വർധിപ്പിക്കുന്നു.

ക്വാറന്റൈനിൽ കഴിയുന്നവർ അവിടെയുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തണം. പുറത്തിറങ്ങിയാൽ കർശന നടപടി. സമ്പർക്ക വിലക്ക് ലംഘിക്കപ്പെട്ടാൽ പൊലീസിനെ അറിയിക്കണം. മാർക്കറ്റുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും ആളുകൾ നിശ്ചിത അകലം പാലിക്കുന്നുണ്ടെന്നും പൊലീസ് ഉറപ്പുവരുത്തണം.

Also Read: കോവിഡ് കാല പ്രതിഷേധങ്ങൾക്കുള്ള വിലക്ക് ഹൈക്കോടതി നീട്ടി

പോസിറ്റീവായ ഒരാളുടെ കോൺടാക്ടുകൾ കണ്ടെത്തുന്നതിനുള്ള നടപടി പൊലീസ് നേരിട്ട് നിർവഹിക്കണം. അതിനുള്ള പ്രത്യേക പരിശീലനത്തിന്റെ അന്വേഷണ മികവ് കൂടി ഉപയോഗിച്ച് ഇത്തരം ആളുകളെ കണ്ടെത്തുന്നതിന് എസ്ഐയുടെ നേതൃത്വത്തിൽ ടീം പ്രവർത്തിക്കും. കോൺടാക്ട് ട്രെയിസിങ്ങാണ് ഇവരുടെ പ്രധാന ചുമതല.

ഹെൽത്ത് ഇൻസ്‌പെക്ടർമാർ തയ്യാറാക്കുന്ന സമ്പർക്കപട്ടികയും പൊലീസിന്. 24 മണിക്കൂറിനുള്ളിൽ പ്രൈമറി സെക്കൻഡറി കോൺഡാക്ടുകൾ കണ്ടെത്തണം. കണ്ടെയിൻമെന്റ് സോണിന് അകത്തും പുറത്തും അകലം പാലിക്കൽ പ്രോട്ടോകോൾ പാലിക്കുന്നതും ഉറപ്പുവരുത്തണം. ഇക്കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് പൊലിസ് നോർഡൽ ഓഫീസറായി വിജയ് സാക്രെ ഐപിഎസിനെ നിയമിച്ചതായും മുഖ്യമന്ത്രി.

കണ്ടെയിൻമെന്റ് സോണുകളിൽ പുതിയ മാർഗനിർദേശം

നിലവിൽ കണ്ടെയിൻമെന്റ് സോണുകൾ നിശ്ചയിക്കുന്നത് വാർഡോ ഡിവഷനോ അടിസ്ഥാനപ്പെടുത്തിയാണ്. ഇതിൽ മാറ്റം വരുന്നു. പോസിറ്റീവ് ആയ ആളുടെ പ്രൈമറി, സെക്കൻഡറി കോൺഡാക്ടുകൾ താമസിക്കുന്ന സ്ഥലം പ്രത്യേകമായി വേർതിരിച്ച് അടയാളപ്പെടുത്തി കണ്ടെയിൻമെന്റ് സോണാക്കും. വാർഡെന്നതിലുപരി ഒരു പ്രദേശമായിരിക്കും കണ്ടെയിൻമെന്റ് സോണാകുക. ആളുകൾ താമസിക്കുന്ന പ്രദേശത്തെ മാപ്പ് ചെയ്താകും കണ്ടെയിൻമെന്റ് സോൺ നിശ്ചയിക്കുന്നത്. ഇവിടങ്ങളിൽ കർക്കശമായി പാലിക്കപ്പെടുന്ന വ്യവസ്ഥകളുണ്ടാകും.

ഇവിടങ്ങളിൽ അവശ്യസാധനങ്ങൾ വീട്ടിലെത്തിച്ചു നൽകും. ഇതിനായ കടകൾ സജ്ജമാക്കും. അതിനെന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ പൊലീസോ പൊലീസ് വോളന്റിയറോ സാധനങ്ങൾ വീട്ടിലെത്തിക്കും.

കണ്ടെയിൻമെന്റ് സോൺ ഒഴിവാകുന്നത് ഈ പ്രദേശത്തുള്ള പ്രൈമറി, സെക്കൻഡറി കോൺഡാക്ടുകൾ പരിശോധനയിലൂടെ രോഗമുക്തമായി എന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും. ഇത്തരം കാര്യങ്ങൾ കൃത്യമായി നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്താൻ ഇൻസിഡന്റ് കമന്റുകളിൽ ഒരാളായി ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി. ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ എല്ലാ ദിവസവും ജില്ലാ കലക്ടറും പൊലീസ് മേധാവിയും ഡിഎംഒയും യോഗം ചേരും.

രോഗവ്യാപനമുണ്ടായി ജീവഹാനി വരുന്നതിനേക്കാൾ ഈ പ്രയാസം ഇപ്പോൾ അനുഭവിക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി. രോഗവ്യാപനത്തിന് സമ്പർക്കമാണ് ഏറ്റവും വലിയ കാരണമായി കണ്ടെത്തിയിട്ടുള്ളത്. അത് ഒഴിവാക്കുക എന്നത് പ്രധാനമാണ്. ഇക്കാര്യത്തിൽ എല്ലാവരുടെയും സഹകരണം വേണമെന്നും മുഖ്യമന്ത്രി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.