തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 506 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 794 പേർ രോഗമുക്തി നേടി. ഈ കണക്ക് അപൂർണമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഐസിഎംആർ വെബ് പോർട്ടലിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഉച്ചവരെയുള്ള കണക്ക് മാത്രമാണ് ലഭ്യമായതെന്നും ബാക്കിയുള്ളത് പിന്നീട് വരുന്നതനുസരിച്ച് അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും സമ്പർക്കപ്പട്ടികയിലുള്ളവരാണ്. 375 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 29 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.  31 പേർ വിദേശത്ത് നിന്ന് എത്തിയവരും 40 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. 37 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തൃശൂർ – 83
തിരുവനന്തപുരം – 70
പത്തനംതിട്ട – 59
ആലപ്പുഴ – 55
കോഴിക്കോട്- 42
കണ്ണൂർ – 39
എറണാകുളം – 34
മലപ്പുറം – 32
കോട്ടയം – 29
കാസർഗോഡ് – 28
കൊല്ലം – 22
ഇടുക്കി – 6
പാലക്കാട് -4
വയനാട് – 3

ഇന്ന് രോഗം ഭേദമായവർ (ജില്ല തിരിച്ച്)

തിരുവനന്തപുരം – 220
കൊല്ലം – 83
പത്തനംതിട്ട – 81
ആലപ്പുഴ – 20
കോട്ടയം – 49
ഇടുക്കി – 31
എറണാകുളം – 69
തൃശൂർ – 68
പാലക്കാട് – 36
മലപ്പുറം – 12
കോഴിക്കോട് – 57
വയനാട് – 17
കണ്ണൂർ- 47
കാസർഗോഡ് – 4

കോവിഡ് പ്രതിരോധത്തിൽ സർക്കാരിന് എന്ത് പങ്ക്?

കോവിഡ് പ്രതിരോധത്തിൽ സർക്കാരിന് എന്ത് പങ്ക് എന്നൊരു ചോദ്യം കേട്ടു. അതിന് കോവിഡ് പ്രതിരോധത്തിന്റെ നാൾവഴികൾ പരിശോധിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി. ജനുവരി 30നാണ് സംസ്ഥാനത്തെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നതെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ജനുവരി രണ്ടാം വാരം തന്നെ പ്രോട്ടോകോൾ ഉൾപ്പടെ തയ്യാറാക്കിയിരുന്നു.

ആദ്യഘട്ടം മൂന്ന് കേസുകളിൽ ഒതുങ്ങി. ലോകരാജ്യങ്ങളിൽ രോഗം പടർന്ന് പിടിക്കുമ്പോഴാണ് കേരളം വ്യാപനമില്ലാതെ ആദ്യ ഘട്ടം അവസാനിപ്പിച്ചത്. മാർച്ച് എട്ടിന് രണ്ടാം ഘട്ടം ആരംഭിച്ച് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്ന മാർച്ച് 24ന് കേരളത്തിൽ 105 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. മെയ് മൂന്നിന് അത് 95 ആയി കുറയുകയും ചെയ്തു. രണ്ടാം ഘട്ടം പിന്നിടുമ്പോൾ 496 പേർക്കാണ് ആകെ രോഗം ബാധിച്ചത്. അതിൽ തന്നെ 165 പേർക്ക് മാത്രമാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.

അൺലോക്ക് പ്രക്രിയ ആരംഭിച്ചതോടെയാണ് രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചത്. സംസ്ഥാന അതിർത്തികളും എർപോർട്ട്, സീപോർട്ട് വഴിയും ആളുകൾ എത്തിതുടങ്ങിയ ഘട്ടമായിരുന്നു അത്. സംസ്ഥാനത്തേക്ക് ഇതുവരെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള 262756 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 419943 പേരുമെത്തി. ആകെ 682699 പേരാണ് ഇത്തരത്തിൽ കേരളത്തിലേക്ക് എത്തിയത്.

മൂന്നാം ഘട്ടം ഇന്നലെ വരെ പുറത്ത് നിന്നെത്തിയ 9099 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 12199 പേർക്ക് സമ്പർക്കത്തിലൂടെയും രോഗം പകർന്നു. മൂന്നാം ഘട്ടത്തിൽ രോഗവ്യാപനം പ്രതീക്ഷിച്ചതാണെന്നും എന്നാൽ രോഗവ്യാപനതോത് പ്രവചിക്കപ്പെട്ട രീതിയിൽ കൂടാതെയാണ് ഇപ്പോഴും മറ്റ് സ്ഥലങ്ങളെ അപോക്ഷിച്ച് കേരളം പിടിച്ചു നിൽക്കുന്നതെന്നും മുഖ്യമന്ത്രി.

ആറു മാസത്തിനിടയിൽ നാം നടത്തിയ ചിട്ടയായ നടപടി ക്രമമാണ് പ്രവചിക്കപ്പെട്ടത് പോലെയുള്ള അപകടങ്ങളിലേക്ക് കേരളം പോകാതിരുന്നതിന് കാരണം. ആരോഗ്യ മേഖലയിൽ മാത്രം പരിശോധിച്ചാൽ സർക്കാർ നടത്തിയ ഇടപ്പെടലുകൾ മനസിലാക്കാം.

ഒറ്റദിവസംക്കൊണ്ട് 276 ഡോക്ടർമാരെ നിയമിക്കുകയും കാസർഗോഡ് മെഡിക്കൽ കോളെജ് പ്രവർത്തക്ഷമമാക്കുകയും ചെയ്തു. 273 തസ്തികകളും 6700 താൽക്കാലിക തസ്തികകളും സൃഷ്ടിക്കുകയും ചെയ്ത് എൻഎച്ച്എം വഴി നിയമനം നടത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.