തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. തുടർച്ചയായ രണ്ടാം ദിനവും ആയിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് 15618 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 1,370 പേരാണ് രോഗബാധിതരായത്. 8.77 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 6,129 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്.
ഏതാനും ദിവസങ്ങളായി സംസ്ഥാനത്തെ കോവിഡ് വ്യാപന നിരക്ക് ക്രമേണ ഉയരുകയാണ്. ഇന്നലെ 1,197 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏകദേശം രണ്ടരമാസത്തിന് ശേഷമാണ് രോഗികളുടെ എണ്ണം ആയിരംകടക്കുന്നത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ കേസുകൾ. ഇന്നലെ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ പകുതിയിലധികവും കേരളത്തിലായിരുന്നു.
അതേസമയം, സംസ്ഥാനത്ത് രോഗികളുടെ എണ്ണം ആയിരംകടന്ന സാഹചര്യം പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കേസുകൾ ഉയർന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു.
മാർച്ച് അവസാനത്തോടെ കേരളത്തിലെ കോവിഡ് കേസുകളിൽ വലിയ രീതിയിലുള്ള കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതേതുടർന്ന് പ്രതിദിന കോവിഡ് കേസുകൾ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സർക്കാർ നിർത്തിവെച്ചിരുന്നു. ഇത് ഇപ്പോഴും പുനരാരംഭിച്ചിട്ടില്ല.
Also Read: ‘ലൈംഗികബന്ധം ഉഭയ സമ്മതപ്രകാരം, കേസ് അവസരം നൽകാത്തതിലുള്ള വൈരാഗ്യം’; ചോദ്യം ചെയ്യലിൽ വിജയ് ബാബു