തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആദ്യമുണ്ടായിരുന്ന ജാഗ്രതയും ശ്രദ്ധയും കെെമാേശം വന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികള്‍ കൂടിയത് അലംഭാവവും വിട്ടുവീഴ്‌ചയും മൂലമാണ്. ഇക്കാര്യം കുറ്റസമ്മതത്തോടെ എല്ലാവരും ഓർക്കണം. പ്രതിരോധ പ്രവർത്തനങ്ങളിൽ ഇനിമുതൽ കർശന നിലപാടായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യമന്ത്രി കെ.കെ.ശെെലജയും പരിപാടിയിൽ പങ്കെടുത്തു.

“ക്വാറന്റെെൻ, സാമൂഹിക അകലം പാലിക്കൽ എന്നിവയുടെ ഗൗരവം നിലനിർത്തികൊണ്ടുപോകുന്നതിൽ എല്ലാവരുടെയും ഭാഗത്തുനിന്ന് ജാഗ്രതക്കുറവുണ്ടായി. പൊതുവേ കോവിഡ് മാനദണ്ഡങ്ങളിൽ പുലർത്തേണ്ട ജാഗ്രത കെെവെടിഞ്ഞു. അലക്ഷ്യമനോഭാവമുണ്ടായി. ആദ്യ ഘട്ടത്തിലെ പോലെ ശ്രദ്ധയും കരുതലും തുടർന്നുണ്ടായില്ല. കോവിഡ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് ഇനി പരാതി ഉയർന്നാൽ കർശന നടപടികളുമായി മുന്നോട്ടുപോകും,” മുഖ്യമന്ത്രി പറഞ്ഞു.

Read Also: വേഗം വീട്ടിലേക്ക്‌ വാ; രക്ഷാബന്ധന്‍ ദിനത്തില്‍ അഭിഷേകിനോട് സഹോദരി

വിദേശത്തു നിന്ന് ആളുകൾ എത്തിയിരുന്ന സമയത്ത് കൃത്യമായ ജാഗ്രതയുണ്ടായി. വിദേശത്തു നിന്നുള്ളവർ എത്തണമെന്ന് തന്നെയായിരുന്നു സർക്കാർ നിലപാടും. എന്നാൽ, ആ സമയത്ത് കാണിച്ച ജാഗ്രതയും കരുതലും ഇപ്പോൾ ഇല്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അതേസമയം, കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്‌തു. സംസ്ഥാനത്ത് കോവിഡ് മരണം വലിയ രീതിയിൽ പിടിച്ചുനിർത്താൻ സാധിച്ചു. കുടുംബാരോഗ്യ കേന്ദ്രങ്ങളും ഇതിൽ പങ്കുവഹിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഗൗരവം കുറച്ചുകാണുന്നത് തെറ്റായ സന്ദേശം ജനങ്ങളിലെത്തിക്കും. ശക്തമായ നിയന്ത്രണങ്ങൾക്കിടയിലും രോഗവ്യാപനം വർധിക്കുന്നത് ആശങ്കാജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: മറുപടി അർഹിക്കാത്തതുകൊണ്ടാണ് പറയാത്തത്; രാഷ്‌ട്രീയ ആരോപണങ്ങളിൽ പിണറായിയുടെ പ്രതികരണം

കേരളത്തിൽ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായത് ജൂലെെയിലാണ്. ഇപ്പോൾ ദിനംപ്രതി ആയിരത്തിലേറെ പോസിറ്റീവ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സമ്പൂർണ അടച്ചുപൂട്ടൽ ഉടനുണ്ടാകില്ല. സമ്പൂർണ നിയന്ത്രണങ്ങൾ ഇല്ലെന്ന് കരുതി പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവം കാണിക്കരുതെന്നാണ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.