തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന്റെ പങ്ക്, അതിന്റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറു മാസം കൊണ്ട് സര്‍ക്കാര്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് പലരും പ്രവചിച്ചതുപോലുള്ള അപകടത്തിലേക്കു കേരളം പോവാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

”കോവിഡിനൊപ്പം നാം സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് ആറു മാസമാവുകയാണ്. സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തിയാണ് അപരിചിതമായ സാഹചര്യത്തെ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ ജാഗ്രതയും പിന്തുണയും ഊര്‍ജമേകികോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് എന്ത് പങ്കാണുള്ളതെന്ന ചോദ്യം ഇന്നു കേട്ടു. പ്രതിരോധത്തിന്റെ നാള്‍വഴികള്‍ പരിശാധിച്ചാല്‍ അതിനുള്ള ഉത്തരമുണ്ടാകും,” മുഖ്യമന്ത്രി പറഞ്ഞു.

ജനുവരി 30നാണു കേരളത്തില്‍ രോഗം സ്ഥിരീകരിച്ചതെങ്കിലും നമ്മുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അതിലേറെ പഴക്കമുണ്ട്. ജനുവരി രണ്ടാമത്തെ ആഴ്ച മുതല്‍ ആരോഗ്യ വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. അംഗീകരിക്കപ്പെട്ട പ്രോട്ടോക്കോള്‍ ഇല്ലാതിരുന്ന ഘട്ടത്തിലും പ്രോട്ടോക്കോളും പ്രവര്‍ത്തന രൂപരേഖയും നിര്‍ദേശങ്ങളും തയാറാക്കി. 105ഉം 93ഉം വയസുള്ളവരെ പോലും ചികിത്സിച്ച് കോവിഡ് മുക്തമാക്കാന്‍ നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

Also Read: കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ തുടങ്ങും: മുഖ്യമന്ത്രി

അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചതിനെത്തുടര്‍ന്നുള്ള കോവിഡിന്റെ മൂന്നാംഘട്ടത്തില്‍ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് പ്രതീക്ഷിച്ചതാണ്. എന്നാല്‍ രോഗവ്യാപന തോത് പ്രവചിക്കപ്പെട്ട രീതിയില്‍ വര്‍ധിക്കാതെ, മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കേരളം പിടിച്ചുനില്‍ക്കുകയാണ്.

ആരോഗ്യമേഖലയെ മാത്രം പരിശോധിച്ചാല്‍ സര്‍ക്കാര്‍ നടത്തിയ ഇടപടലുകള്‍ എത്രത്തോളമാണെന്നു മനസിലാകും. കോവിഡ് പ്രതിരോധത്തിനായി ഒറ്റ ദിവസം കൊണ്ട് 276 ഡോക്ടര്‍മാരെയാണ് നിയമിച്ചത്. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനസജ്ജമാക്കി. 273 തസ്തികസൃഷ്ടിച്ചു. 980 ഡോക്ടര്‍മാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിച്ചു. 6700 താല്‍ക്കാലിക തസ്തികകളിലേക്ക് എന്‍എച്ച്എം വഴിയും നിയമനം നടത്തി. ആരോഗ്യസംവിധാനത്തെ ഏറ്റവും താഴെത്തട്ടില്‍വരെ ശക്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

കോവിഡ് പ്രതിരോധത്തിനു മാത്രമായി ആയിരത്തോളം ആംബുലന്‍സുകള്‍ സജ്ജമാക്കി. 50 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തനം നടത്തുന്നു. ആശുപത്രികളെ കോവിഡ് ആശുപത്രികളാക്കി മാറ്റുകയും സൗകര്യങ്ങള്‍ സജ്ജമാക്കുകയും ചെയ്തു. വാര്‍ഡ് തല സമിതികള്‍ തുടങ്ങി മുകളറ്റം വരെ നീളുന്ന നിരീക്ഷണ സംവിധാനങ്ങളാണു കോവിഡ് പ്രതിരോധത്തിനു കരുത്താകുന്നത്.

Also Read: ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 506 പേർക്ക്; 794 പേർക്ക് രോഗമുക്തി

ഹോം കെയര്‍ ഐസൊലേഷനെതിരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തെ മുഖ്യമന്ത്രി തള്ളി. ‘സ്വയം ചികിത്സിക്കുന്ന അവസ്ഥയിലേക്ക്’ രോഗികളെ തള്ളിവിടുന്നുവെന്ന പരിഹാസം എങ്ങനെ വിശേഷിക്കപ്പെടേണ്ടതാണെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ.

രോഗലക്ഷണമില്ലാത്തവര്‍ക്കാണു ഹോം കെയര്‍ ഐസൊലേഷന്‍ അനുവദിക്കുക. ആരെയും നിര്‍ബന്ധിച്ച് ഹോം കെയര്‍ ഐസൊലേഷനില്‍ വിടില്ല. പരീക്ഷണാടിസ്ഥാനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. താല്‍പ്പര്യമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ സത്യവാങ്മൂലം നല്‍കണം.

ചെറിയ രോഗലക്ഷണങ്ങളുള്ളവരെ ഹോം കെയര്‍ ഐസൊലേഷനിലാക്കാമെന്ന് ഐസിഎംആര്‍ ജൂലൈ രണ്ടിനു പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞിട്ടുണ്ട്. സംവിധാനം മറ്റ് പല സംസ്ഥാനങ്ങളും നടപ്പാക്കി. ഹോം കെയര്‍ ഐസൊലേഷന്‍ സംവിധാനം സംസ്ഥാനത്തും നടപ്പാക്കാമെന്നാണു വിദഗ്ധ സമിതിയുടെ ശിപാര്‍ശ. ത്രിതല നിരീക്ഷണ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജെപിഎച്ച്എന്‍, ആശ വര്‍ക്കര്‍, വളണ്ടിയര്‍ എന്നിവരാരെങ്കിലും നിശ്ചിത ദിവസങ്ങളില്‍ രോഗികളളെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തും. വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടവുമുണ്ടാകും. ആരോഗ്യ നിലയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നെങ്കില്‍ ആശുപത്രിയിലാക്കും.

Also Read: രോഗ ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതർക്ക് വീട്ടിൽ ചികിത്സ; ഹോം കെയർ ഐസൊലേഷൻ കേരളത്തിലേക്കും

ഹോം ക്വാറന്റെ നടപ്പിലാക്കിയപ്പോഴും പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നതാണ്. മിറ്റിഗേഷന്‍ മെത്തേഡ് നടപ്പിലാക്കണമെന്നാണ് അന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത്. അവസാനം, കേരളത്തിന്റെ ഹോം ക്വാറന്റൈന്‍ ലോകം തന്നെ അംഗീകരിച്ചു.

29 കോവിഡ് ആശുപത്രികളിലായി 8715 ബെഡുകള്‍, 25 മറ്റു സര്‍ക്കാര്‍ ആശുപത്രികളിലായി 984 ബെഡുകള്‍, 103 സിഎഫ്എല്‍ടിസികളിലായി 14,894 ബെഡുകള്‍, 19 സ്വകാര്യ ആശുപത്രികളിലായി 943 ബെഡുകള്‍ ഉള്‍പ്പെടെ മൊത്തം 176 സ്ഥാപനങ്ങളിലായി 25,536 ബെഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അതിനാല്‍ രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ ചികിത്സാസൗകര്യം ഉണ്ടാകില്ലെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.