മലപ്പുറം: കോവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിൽ സിആര്‍പിസി 144ാം വകുപ്പു പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. നേരത്തേ കാസര്‍കോഡ്, കോഴിക്കോട് ജില്ലകളില്‍ 144 പ്രഖ്യാപിച്ചിരുന്നു. ഇതിനു പിറകേയാണ്  കലക്ടര്‍ ജാഫര്‍ മലിക് മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഇന്ന് അര്‍ധരാത്രിമുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. ഈമാസം 31 അര്‍ധ രാത്രി വരെ നിയന്ത്രണങ്ങള്‍ തുടരുമെന്നും കളക്ടര്‍ വ്യക്തമാക്കി

144ാം വകുപ്പ് പ്രകാരം ജില്ലയില്‍ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല. സ്‌കൂള്‍, കോളെജ്, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപഠന കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലെ ക്ലാസ്സുകളും ക്യാംപുകള്‍, ചര്‍ച്ചകള്‍, വിനോദയാത്രകള്‍ എന്നിവയും വിലക്കിയിട്ടുണ്ട്.

Also Read: മാർച്ച് 31 വരെ കേരളത്തിൽ ലോക്ക്ഡൗണ്‍: അറിയേണ്ട 10 കാര്യങ്ങള്‍

ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്കും കൂട്ടിരിപ്പുകാരായി ഒന്നിലധികം പേര്‍ എത്തുന്നതിനും വിലക്കേര്‍പ്പെടുത്തി.കായിക മത്സരങ്ങള്‍, പരിശീലനങ്ങള്‍ എന്നിവ നടത്താന്‍ പറ്റില്ല. വ്യായാമ കേന്ദ്രങ്ങള്‍, ജിംനേഷ്യം, ടര്‍ഫ് ഗ്രൗണ്ടുകള്‍ എന്നിവയുടെ പ്രവര്‍ത്തനവും വിലക്കിയിട്ടുണ്ട്.

എല്ലാ തരം പ്രകടനങ്ങളും ധര്‍ണ്ണകളും മാര്‍ച്ചുകളും നിരോധിക്കും. ഘോഷയാത്രകള്‍, ഉത്സവങ്ങള്‍ ആരാധനാലയങ്ങളിലെ കൂട്ട പ്രാര്‍ത്ഥനകള്‍ എന്നിവ നടത്തുന്നതും നിരോധിച്ചു. ടൂറിസം കേന്ദ്രങ്ങളിലേയ്ക്കും, ബീച്ചുകളിലേയ്ക്കുമുള്ള സഞ്ചാരികളുടെ പ്രവേശനത്തിനും നിരോധനം ബാധകമാണ്.

വിവാഹങ്ങളില്‍ ഒരേസമയം പത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാന്‍ പാടില്ല. വിവാഹ തിയ്യതിയും സ്ഥലവും മുന്‍കൂട്ടി ബന്ധപ്പെട്ട വില്ലേജാഫീസിലും പോലിസ് സ്റ്റേഷനിലും അറിയിക്കേണ്ടതാണ്. ചടങ്ങുകള്‍ വീട്ടില്‍ തന്നെ നടത്തുവാന്‍ ശ്രമിക്കേണ്ടതാണ്.

ഹാര്‍ബറുകളിലെ മത്സ്യലേല നടപടികള്‍ നടത്തുന്നത് നിരോധിച്ചിട്ടുണ്ട്. പകരം സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡപ്രകാരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നിശ്ചയിക്കുന്ന നിരക്കില്‍ മത്സ്യ വില്‍പ്പന നടത്തണം. മത്സ്യ വില്‍പനയുമായി ബന്ധപ്പെട്ട് അഞ്ച് പേരില്‍ കൂടുതല്‍ ഒരേ സമയം ഒരു കേന്ദ്രത്തില്‍ കൂട്ടം കൂടരുത്.

Also Read: കോവിഡ്-19: നിയന്ത്രണങ്ങൾ ലംഘിച്ചാൽ 188-ാം വകുപ്പ്, അറിയാം ശിക്ഷകൾ എന്തൊക്കെയെന്ന്

എല്ലാ വ്യാപാര സ്ഥാപനങ്ങലിലും ഹോട്ടലുകളിലും ഉപഭോക്താക്കള്‍ക്കായി സോപ്പും സാനിറ്റൈസറും പ്രവേശന കവാടത്തിനു സമീപം സ്ഥാപിക്കണം. ഷോപ്പിംഗ് മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയിലുള്ള കേന്ദ്രീകൃത ഏയര്‍ കണ്ടീഷന്‍ സംവിധാനം നിര്‍ത്തി വച്ച് പകരം ഫാനുകള്‍ ഉപയോഗിക്കേണ്ടതാണ്. ഇത്തരം സ്ഥലങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ ചുരുങ്ങിയത് ഒരു മീറ്റര്‍ അകലം പാലിക്കുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണെന്നും ജില്ലാ ഭരണകൂടം നിര്‍ദേശിക്കുന്നു. ഫോണില്‍ക്കൂടി ഓര്‍ഡറുകള്‍ സ്വീകരിച്ച് അവശ്യ സാധനങ്ങള്‍ ഉപഭോക്താക്കളുടെ വീടുകളിലേയ്ക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ വ്യാപാര സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

നിബന്ധനകള്‍ പാലിക്കാത്തവര്‍ക്കെതിരെ ഐപിസി 269,188, 270 വകുപ്പുകൾ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നിബന്ധനകളില്‍ യാതൊരുവിധത്തിലുമുള്ള ഇളവുകളും അനുവദനീയമല്ലെന്നും ഉത്തരവില്‍ പറയുന്നു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.