തിരുവനന്തപുരം: സംസ്ഥാനം സമ്പൂർണ ലോക് ഡൗണിലേക്ക് പോകേണ്ടതില്ല. ക്ലസ്റ്ററുകളിൽ കർശന നടപടി മതിയെന്ന് സർവ്വകക്ഷിയോഗത്തിൽ അഭിപ്രായം ഉയർന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ പാലിക്കുന്ന രീതി തുടരും. സമ്പൂർണ ലോക് ഡൗൺ വേണ്ടി വരുന്ന സാഹചര്യം ഉണ്ടായാൽ അപ്പോൾ തീരുമാനിക്കും.ഈ ആഴ്ച ഏതായാലും സമ്പൂർണ ലോക് ഡൗൺ ഉണ്ടാകില്ലന്ന് മുഖ്യമന്ത്രി അറിയിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പ്രതിപക്ഷവും വിദഗ്ധ ഡോക്ടർമാരും എതിർപ്പറിയിച്ച് രംഗത്തെത്തി. സംസ്ഥാനം വീണ്ടും പൂർണമായി അടച്ചിടേണ്ട ആവശ്യമില്ലെന്നാണ് നിലപാട്.
രോഗതീവ്ര മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് എല്ലാ പാര്‍ട്ടികളും അഭിപ്രായപ്പെട്ടു. ഇതിനോട് യോജിക്കുന്നുവെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം തിങ്കളാഴ്ച നടക്കുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
സമ്പൂർണ ലോക്ക്ഡൗൺ ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. “വീണ്ടുമൊരു സമ്പൂർണ ലോക്ക്ഡൗൺ വേണ്ട. രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളിൽ മാത്രം നിയന്ത്രണങ്ങൾ കർശനമാക്കിയാൽ മതി. അഭിപ്രായം സർവകക്ഷിയോഗത്തിൽ അറിയിക്കും” ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Read Also: പാലത്തായി പീഡനക്കേസ് എസ്ഡിപിഐ അട്ടിമറിച്ചു: പി.ജയരാജൻ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതിയും മറ്റു ഡോക്ടർമാരും ലോക്ക്ഡൗൺ വേണ്ട എന്ന നിലപാടിലാണ്. സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ വേണമോ എന്ന കാര്യത്തിൽ ഇന്നു ചേരുന്ന സർവകക്ഷിയോഗത്തിൽ തീരുമാനിക്കും. മൂന്ന് മണിക്കാണ് യോഗം.
സമ്പൂർണ ലോക്ക്ഡൗൺ വേണ്ട എന്ന നിലപാടിലാണ് സിപിഎം സെക്രട്ടേറിയറ്റും. രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളിൽ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് നല്ലതെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി. ഇക്കാര്യം സർവകക്ഷിയോഗത്തിൽ അറിയിക്കും.
എന്നാൽ, ആരോഗ്യവകുപ്പിൽ ലോക്ക്ഡൗൺ വേണമെന്ന അഭിപ്രായമുണ്ട്. ആരോഗ്യവകുപ്പിലെ വിദഗ്ധ സംഘം നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കണമെന്ന നിലപാടിലാണ്. എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്ത ശേഷം മാത്രമായിരിക്കും വീണ്ടുമൊരു സമ്പൂർണ അടച്ചുപൂട്ടൽ വേണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തുക.
കർശന നിയന്ത്രണം വേണമെന്ന ആരോഗ്യവകുപ്പിന്റെ നിലപാട് മന്ത്രി കെ.കെ.ശെെലജ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ലോക്ക്ഡൗണ്‍ കാര്യത്തില്‍ സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ കണക്കിലെടുക്കണമെന്ന അഭിപ്രായവും കഴിഞ്ഞ മന്ത്രിസഭായോഗത്തിലുയര്ന്നു. അതേസമയം, സമ്പൂര്‍ണ ലോക്ക്ഡൗണിനെ വിദഗ്ധ സമിതി പൂര്‍ണമായി പിന്തുണയ്ക്കുന്നില്ല.
Read Also: മുഖ്യമന്ത്രിക്ക് മാന്യമായി രാജിവയ്ക്കാനുള്ള അവസാന അവസരമാണിത്: ചെന്നിത്തല
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത് ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ പറഞ്ഞിരുന്നു.
“നേരത്തെ നമ്മള് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കിയതാണ്. ഇപ്പോഴും അങ്ങനെ ചില അഭിപ്രായങ്ങള്‍ വരുന്നുണ്ട്. അതേസമയം, ആളുകളുടെ ജീവിതപ്രശ്നങ്ങൾ കണക്കിലെടുക്കേണ്ടതിനാൽ ഇനിയൊരു ലോക്ക്ഡൗണ്‍ പ്രായോഗികമാണോയെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. അക്കാര്യം തീരുമാനിച്ചിട്ടില്ല. എങ്കിലും അത് ഗൗരവമായി പരിഗണിക്കേണ്ടി വരും. ഇക്കാര്യത്തിൽ എല്ലാവശവും പരിഗണിച്ചുകൊണ്ടു മാത്രമേ സർക്കാർ തീരുമാനത്തിലെത്തുകയുള്ളൂ,” മുഖ്യമന്ത്രി പറഞ്ഞു.
സര്‍വകക്ഷി യോഗത്തിന്റെയും മത, സാമുദായിക നേതാക്കളുടെയും അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ലോക്ക്ഡൗണ്‍ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. അതുവരെ നിലവിലെ നിയന്ത്രണങ്ങള്‍ കുടുതല്‍ ശക്തമാക്കും.