തിരുവനന്തപുരം: തുടർച്ചയായ മൂന്ന് ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 200ൽ നിന്ന് താഴേക്ക്. ഇന്ന് പുതിയതായി 193 പേർക്കാണ് കോരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 167 പേർ രോഗമുക്തിയും നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 92 പേർ വിദേശത്ത് നിന്ന് എത്തിയവരും 65 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. സമ്പർക്കത്തിലൂടെ 35 പേർക്ക് രോഗം ബാധിച്ചു. കോവിഡ് ചികിത്സയിലായിരുന്നു 82 വയസുള്ള മഞ്ചേരി സ്വദേശിയും 66 വയസുള്ള എറണാകുളം സ്വദേശിയും മരിച്ചതായി മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 7
കൊല്ലം – 11
പത്തനംതിട്ട – 26
ആലപ്പുഴ – 15
എറണാകുളം – 25
ഇടുക്കി – 6
കോട്ടയം – 6
തൃശൂർ – 14
പാലക്കാട് – 8
കോഴിക്കോട് – 15
വയനാട് – 8
മലപ്പുറം – 35
കണ്ണൂർ – 11
കാസർഗോഡ് – 6

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 7
കൊല്ലം – 10
പത്തനംതിട്ട – 27
ആലപ്പുഴ – 7
എറണാകുളം – 16
കോട്ടയം – 11
തൃശൂർ – 16
പാലക്കാട് – 33
കോഴിക്കോട് – 5
മലപ്പുറം – 13
കണ്ണൂർ – 10
കാസർഗോഡ് – 12

കേരളത്തിൽ ആകെ രോഗം സ്ഥിരീകരിച്ചത് 5622 പേർക്ക്

ഇതോടെ സംസ്ഥാനത്ത് 5622 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2252 പേർ കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 183291 പേരാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2075 പേർ ആശുപത്രികളിലാണ്. ഇന്ന് പരിശോധനയ്ക്ക് അയച്ച 9927 എണ്ണം ഉൾപ്പടെ സംസ്ഥാനത്ത് 204482 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 4179 ഫലം ഇനിയും വരേണ്ടതുണ്ട്. സെന്റിനൽ സർവേയ്‌ലൻസിന്റെ ഭാഗമായി 60006 സാമ്പിളുകൾ പരിശോധിച്ചതിൽ 57804ഉം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ആകെ 275823 പേർക്ക് റൊട്ടീൻ, സെന്റിനൽ, ട്രൂനാറ്റ്, സെബി നാറ്റ് ടെസ്റ്റുകൾ നടത്തി. 157 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് മുഖ്യമന്ത്രി. ദിവസംതോറുമുള്ള പോക്കുവരവ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദിവസേനയുള്ള പോക്കുവരവ് രോഗവ്യാപനം വർധിപ്പിക്കുന്നുവെന്ന് കണ്ടെത്താൽ. ജോലി ആവശ്യങ്ങൾക്ക് പോകുന്നവർ മാസത്തിലൊന്ന് വരുന്ന രീതിയിൽ പുഃനക്രമീകരിക്കണം.

ഐടി മേഖലയിൽ മിനിമം പ്രവർത്തനം അനുവദിക്കും. ടെക്നോ പാർക്കിലെ സ്ഥാപനങ്ങൾ ട്രിപ്പിൾ ലോക്ക്ഡൗണിലും മിനിമം പ്രവർന സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി. മന്ത്രിമാരുടെ ഓഫീസുകളും മിനിമം സ്റ്റാഫിനെ ഉപയോഗിച്ച് പ്രവർത്തിക്കും.

പാരമിലിട്ടറി വിഭാഗത്തിൽപ്പെട്ട 104 പേർക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ക്യാമ്പിൽ നിന്ന് രോഗമില്ലാത്തവർ പുറത്ത് പോകുന്നത് രോഗവ്യാപനത്തിന് വഴിവയ്ക്കുമെന്നതിനാൽ ആവശ്യമായ ക്രമീകരണങ്ങൾ ജില്ലാ ഭരണസംവിധാനങ്ങൾ ഒരുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

തിരുവനന്തപുരത്ത് ആന്റിജൻ ടെസ്റ്റ്

തിരുവനന്തപുരത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തമായ നടപടികൾ നേരത്തെ തന്നെ സ്വീകരിച്ചിരുന്നു. തമിഴ്നാടുമായി ചേർന്ന് കിടക്കുന്ന പ്രദേശമായതിനാലും തലസ്ഥാന നഗരമായതിനാലും നിരവധി ആളുകൾ ജില്ലയിലേക്ക് എത്തുന്നുണ്ട്. മെയ് മൂന്ന് വരെ 17 പേരായിരുന്ന രോഗികളുടെ എണ്ണം 277 ആയി വർധിച്ചു. 216 പേർക്ക് കേരളത്തിന് പുറത്ത് നിന്നു വന്നവരും 63 പേർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു. വളരെ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് മനസിലാക്കണം. ഇപ്പോൾ നിയന്ത്രിച്ചില്ലെങ്കിൽ കാര്യം കൈവിട്ട് പോകുമെന്നതിനാലാണ് സമൂഹവ്യാപനത്തിന് മുമ്പ് തന്നെ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതെന്നും മുഖ്യമന്ത്രി. തിരുവനന്തപുരത്ത് പല സ്ഥലങ്ങളിലും ആന്റിജൻ ടെസ്റ്റ് നടത്തിവരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഉറവിടം കണ്ടെത്ത കേസുകൾ രണ്ട് ശതമാനം

കോവിഡ് 19 എന്ന മഹാമാരിക്കെതിരെ ബഹുമുഖമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നമ്മൾ നടത്തി വന്നത്. സാമൂഹിക നിരീക്ഷണ സംവിധാനങ്ങളുടെ ക്വാറന്റൈൻ, ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ഇതെല്ലാം രോഗം പടരാനുള്ള സാധ്യതയെ പിടിച്ച് നിർത്താൻ സഹായിച്ചു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള കോൺടാക്ട് ട്രെയ്സിങ് രോഗവ്യാപനം തടയുന്നതിൽ പ്രധാനമാണ്. നിലവിൽ രണ്ട് ശതമാനം രോഗികളിൽ മാത്രമാണ് ഉറവിടം കണ്ടെത്താൻ സാധിക്കാതെ പോയത്. ഇന്ത്യയിലിത് 40 ശതമാനമാണ്. ജൂൺ 30 റിപ്പോർട്ട് ചെയ്ത 4442 കേസുകളിൽ 166 കേസുകളുടെ ഉറവിടമാണ് അറിയാൻ സാധിക്കാതെ പോയത്. 125 കേസുകളുടെ ഉറവിടം പിന്നീട് കണ്ടെത്താനായി.

ജൂലൈ അഞ്ച് വരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കേസുകൾ

ആകെ – 5429 രോഗബാധിതർ
വിദേശരാജ്യങ്ങളിൽ നിന്ന് എത്തിയവർ – 3328
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ – 1427
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ – 684
പുറത്ത് നിന്ന് ഏറ്റവും കൂടുതൽ ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചത് – മലപ്പുറം, 591 കേസുകൾ
സമ്പർക്കത്തിലൂടെ ഏറ്റവും കൂടതൽ പേർക്ക് രോഗം ബാധിച്ചത് – കണ്ണൂർ, 109

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.