scorecardresearch
Latest News

സമ്പർക്കത്തിലൂടെ 133 പേർക്ക്; സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 339 പേർക്ക്

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 117 പേർ വിദേശത്ത് നിന്ന് എത്തിയവരും 74 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്

Kerala Covid statics, കേരള കോവിഡ് കേസുകൾ, Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, July 7 Corona virus, കൊറോണ വെെറസ്, Covid Numbers Kerala, കേരളത്തിലെ കോവിഡ് കണക്കുകൾ, July 3 Covid Numbers, ജൂലെെ മൂന്ന് കോവിഡ് രോഗികൾ, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും കേരളത്തിൽ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 300ന് മുകളിൽ. ഇന്ന് പുതിയതായി 339 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവാണിത്. ചികിത്സയിലായിരുന്ന 149 പേർ രോഗമുക്തിയും നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 117 പേർ വിദേശത്ത് നിന്ന് എത്തിയവരും 74 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. സമ്പർക്കത്തിലൂടെ 149 പേർക്കാണ് രോഗം ബാധിച്ചത്.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണവും ഇന്ന് ഏറ്റവും കൂടുതലാണ്. അതിൽ തന്നെ ഉറവിടം കണ്ടെത്താൻ സാധിക്കാത്ത 7 പേരും ഉൾപ്പെടുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാല് ആരോഗ്യ പ്രവർത്തകരും ബിഎസ്ഇ, ബിഎസ്എഫ്, ഐടിബിപി വിഭാഗത്തിലുലുള്ള ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 95
മലപ്പുറം – 55
പാലക്കാട് -50
തൃശൂർ – 27
ആലപ്പുഴ: 22
ഇടുക്കി – 20
എറണാകുളം – 12
കാസർഗോഡ് – 11
കൊല്ലം – 10
കോഴിക്കോട്-8
കണ്ണൂർ – 8
കോട്ടയം – 7
വയനാട്- 7
പത്തനംതിട്ട – 12

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 9
കൊല്ലം – 10
പത്തനംതിട്ട – 7
ആലപ്പുഴ – 7
കോട്ടയം – 8
ഇടുക്കി – 8
കണ്ണൂർ – 16
എറണാകുളം – 15
തൃശൂർ – 29
പാലക്കാട് – 17
മലപ്പുറം – 6
കോഴിക്കോട് – 1
വയനാട് – 3
കാസർഗോഡ് – 13

കേരളത്തിൽ ആകെ രോഗം സ്ഥിരീകരിച്ചത് 6534 പേർക്ക്

ഇതോടെ സംസ്ഥാനത്ത് 6534 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2795പേർ കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 185960 പേരാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3261 പേർ ആശുപത്രികളിലാണ്. ഇന്ന് പരിശോധനയ്ക്ക് അയച്ച 12592 എണ്ണം ഉൾപ്പടെ സംസ്ഥാനത്ത് 220607 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 4854 ഫലം ഇനിയും വരേണ്ടതുണ്ട്. സെന്റിനൽ സർവേയ്‌ലൻസിന്റെ ഭാഗമായി 66934 സാമ്പിളുകൾ പരിശോധിച്ചതിൽ 63199ഉം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ആകെ 370219 പേർക്ക് റൊട്ടീൻ, സെന്റിനൽ, ട്രൂനാറ്റ്, സെബി നാറ്റ് ടെസ്റ്റുകൾ നടത്തി. 181 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള മൾട്ടിപ്പിൾ ക്ലസ്റ്ററുകൾ രൂപം കൊള്ളാനും സൂപ്പർ സ്പ്രെഡിലേക്ക് നീങ്ങനുമുള്ള സാധ്യത ഏറിവരുകയാണ്. ഇന്ത്യയിലെ വൻനഗരങ്ങളിൽ പലതിലും ഈ സ്ഥിതി ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് പൂന്തുറയിലാണ് ആദ്യത്തെ സൂപ്പർ സ്പ്രെഡിങ് ഉണ്ടായിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം രോഗം വ്യാപിക്കാനുള്ള സാധ്യത വലിയ രീതിയിൽ വർധിച്ചിരിക്കുന്നു. അതിനാൽ ആളുകൾ കൂട്ടംകൂടുന്നത് അനുവദിക്കാൻ സാധിക്കില്ല. കടകളിൽ ആളുകൾ കയറിയതിന് ശേഷം ഷട്ടറുകൾ അടയ്ക്കാൻ പാടില്ല.

കോവിഡ് 19 വ്യാപനത്തിൽ ഏറ്റവും നിർണായക ഘട്ടമാണ് ഇപ്പോൾ നേരിടുന്നത്. വലിയ ആശങ്കയുള്ള ഘട്ടം. സമൂഹവ്യാപനത്തിലേക്ക് വലിയ തോതിൽ അടുക്കുകയാണെന്നും മുഖ്യമന്ത്രി. ഒരു മത്സ്യമാർക്കറ്റിലുണ്ടായ രോഗവ്യാപനം തിരുവന്തപുരം നഗരത്തെ മുഴുവൻ ലോക്ക്ഡൗണിലേക്ക് നയിച്ചു. തലസ്ഥാന നഗരിയിൽ മാത്രമല്ല ഈ പ്രശ്നമുള്ളത്. ഇത്തരം പ്രതിഭാസങ്ങൾ കൊച്ചിയിലടക്കം കാണുന്നുണ്ട്. നിയന്ത്രണം കൂടുതൽ കടുപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

നിലവിലുള്ള നിയന്ത്രണങ്ങൾ സമൂഹത്തിന്റെ രക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. അത് കർശനമായി പാലിക്കേണ്ടതുണ്ട് അത് പാലിക്കുന്നില്ലായെങ്കിൽ സൂപ്പർ സ്പ്രെഡിലേക്കും സമൂഹവ്യാപനത്തിലേക്കും എത്തും. ഇതിന് അധികം സമയം വേണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വയം നിയന്ത്രണത്തിന്റെ തലം സൃഷ്ടിക്കാൻ സാധിക്കണം. രോഗംബാധിച്ചവരുടെ സമ്പർക്കപ്പട്ടിക വിപുലമാണ്. അത്തരം സാഹചര്യം ഉണ്ടാകാതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധ പ്രകടനങ്ങളിലടക്കം പങ്കെടുത്തവർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു. റിവേഴ്സ് ക്വാറന്റൈനിലുള്ളവർക്കാണ് ഏറ്റവും കൂടുതൽ രോഗം ബാധിക്കാനുള്ള സാധ്യത. അവരുടെ കാര്യത്തിൽ പ്രത്യേക കരുതൽ വേണം. റിവേഴ്സ് ക്വാറന്റൈനിലുള്ളവരുടെ വീട്ടിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കണം.

സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള സമയമല്ല ഇത്. ആ ബോധവും ബോധ്യവും നമ്മളെ നയിക്കുന്നില്ലെങ്കിൽ ഇതുവരെ നടത്തിയ ക്രമീകരണങ്ങളെല്ലാം അസ്ഥാനത്താകും. ഈ സാഹചര്യത്തിൽ മുന്നറിയിപ്പിൽ നിന്ന് കടുത്ത നടപടികളിലേക്ക് കടക്കാൻ നിർബന്ധിതരാകും. വലിയതോതിൽ രോഗം ബാധിച്ചതും ആളുകൾ തിങ്ങി താമസിക്കുന്ന സ്ഥലങ്ങളും വീടുകളിൽ കൂടുതൽ ആളുകൾ ഉള്ള വീട് എന്നിവിടങ്ങളിൽ റിവേഴ്സ് ക്വാറാന്റൈനിൽ ഉള്ളവർ പ്രത്യേക ജാഗ്രത പുലർത്തണം.

കോവിഡ് രോഗികളുടെ എണ്ണം ഇനിയും ഉയർന്നേക്കാം. നിലവിൽ എല്ലാവർക്കും ചികിത്സ നൽകാനുള്ള ശേഷി നമുക്കുണ്ട്. എന്നാൽ സമ്പർക്കത്തിലൂടെ അനിയന്ത്രിതമായി രോഗം ബാധിച്ചാൽ വലിയ പ്രതിസന്ധിയാകും. തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 95 പേരിൽ 88പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയെന്നും മുഖ്യമന്ത്രി അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Covid 19 kerala latest numbers new cases death toll