തിരുവനന്തപുരം: സംസ്ഥാനത്ത് ഏതു നിമിഷവും സമൂഹവ്യാപനം നടന്നേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം കൂടുകയാണെന്നും പ്രവാസികൾക്ക് ഇന്നു മുതൽ ദ്രുത പരിശോധന നടത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മറ്റു ജില്ലകളിൽ നിന്നുള്ളവർ കൂടി വരുന്നതുകൊണ്ട് തിരുവനന്തപുരം ജില്ലയിൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. കന്യാകുമാരിയിൽ നിന്നടക്കം നിരവധി പേർ തലസ്ഥാനത്ത് എത്തുന്നുണ്ട്. സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്ക് ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്നത് 21 വിമാനങ്ങളാണ്. 3420 പ്രവാസികളാണ് ഇന്ന് നാട്ടിലെത്തുക. ഇന്നലെ 21 വിമാനങ്ങളിലായി 4060 പ്രവാസികള്‍ കൊച്ചിയിലെത്തിയിരുന്നു. ഗള്‍ഫ് രാജ്യങ്ങൾക്ക് പുറമെ ലണ്ടൻ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളും ഇക്കൂട്ടത്തിലുണ്ട്.
Read More: ഇനി ഉപദേശമില്ല, പിഴയടക്കം കർശന നടപടിയെന്ന് ഡിജിപി
സംസ്ഥാനത്ത് ഇതുവരെ 3,603 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,691 പേര്‍ വിവിധ ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഒന്‍പതു ജില്ലകളിലാണ് നൂറിലധികം രോഗികള്‍ ഉള്ളത്.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുകയാണ്. ഇന്നലെ മാത്രം 152 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ ആറ് ദിവസമായി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം മുൻ ദിവസങ്ങളെ അപേക്ഷിച്ച് വർധിക്കുകയാണ്.
രോഗവ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളും സംസ്ഥാനത്ത് കര്‍ശനമാക്കുകയാണ്. സമ്പർക്കത്തെത്തുടർന്ന് രോഗവ്യാപനം കണ്ടെത്തിയ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് അധിക നിയന്ത്രണങ്ങൾ നിലവിൽ വന്നു. ഇന്നലെ 14 ഹോട്ട്സ്പോട്ടുകൾ പുതുതായി ഉൾപ്പെടുത്തുകയും ചെയ്തു.
നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് ഇനി ഉപദേശമില്ലെന്നും പിഴയടക്കം കർശന നടപടിയിലേക്ക് നീങ്ങുകയാണെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ജനങ്ങളുടെ ജാഗ്രത കുറയുന്നതിനാലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. പൊലീസ് ഇറങ്ങുന്നത് സാമൂഹിക അകലം ഉറപ്പാക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ടെയ്ൻമെന്‍റ് സോണുകളിലടക്കം അതി കർശനമായി നിയന്ത്രണങ്ങൾ നടപ്പാക്കും. കടകളിലടക്കം ജീവനക്കാരുടെ എണ്ണത്തിൽ നിർദ്ദേശങ്ങൾ പാലിക്കണം. പലയിടത്തും ഇതു പാലിക്കപ്പെടുന്നില്ല. ഇതിൽ പൊലീസ് ഇടപെടലുണ്ടാകുമെന്നും ഡിജിപി പറഞ്ഞു.
നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നു മുതൽ കൂടുതൽ പൊലീസുകാർ രംഗത്തുണ്ടാകും. സംസ്ഥാനത്തെ 90 ശതമാനം പൊലീസുകാരെയും കോവിഡ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. സ്പെഷല്‍ ബ്രാഞ്ച് ഒഴികെയുള്ള മുഴുവന്‍ പൊലീസുകാരേയും കോവിഡ് പ്രതിരോധത്തിന് നിയോഗിക്കാനാണ് തീരുമാനം. പൊലീസ് വിന്യാസ ചുമതല ബറ്റാലിയന്‍ എഡിജിപിക്കായിരിക്കും.