കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിയില്‍ ജനുവരി 30-ന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചതു മുതല്‍ മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് 241 പേരില്‍ രോഗം സ്ഥിരീകരിച്ചു. നിലവില്‍ 215 പേര്‍ ആശുപത്രികളിലെ ഐസോലേഷന്‍ വാര്‍ഡുകളില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ 24 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. രണ്ടുപേര്‍ മരണത്തിന് കീഴടങ്ങി.

ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണമെടുക്കുമ്പോള്‍ കേരളത്തിന് രണ്ടാം സ്ഥാനമാണുള്ളത്. 302 കേസുകളുള്ള മഹാരാഷ്ട്രയാണ് ഒന്നാമത്. കേരളത്തില്‍ ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് വിവിധ കാരണങ്ങളുണ്ട്. രോഗം ബാധിച്ചവരില്‍ ഭൂരിപക്ഷം പേരും മധ്യേഷ്യ, യൂറോപ്പ്, യുഎസ്, യുകെ എന്നീ രാജ്യങ്ങളില്‍ നിന്നും തിരിച്ചുവന്നവരാണ്. കേരളത്തില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ വിദേശ രാജ്യങ്ങളിലുള്ളത്. പ്രത്യേകിച്ച് മധ്യേഷ്യയിലും യുഎസിലു യൂറോപ്പിലും. രണ്ടാമത്തെ കാരണം, സംസ്ഥാനം നേരത്തേ തന്നെ ഈ രോഗത്തെ നേരിടുന്നതിന് തയ്യാറെടുത്തിരുന്നുവെന്നതും കേരളത്തിന്റെ ശക്തവും വികേന്ദ്രീകൃതവുമായ രോഗ നിരീക്ഷണ സംവിധാനം വിദേശത്തു നിന്നും മടങ്ങിയെത്തിയവരുടെ പ്രാഥമിക, ദ്വിതീയ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിനും അവരില്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും സഹായിച്ചു. മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാരണം, രോഗലക്ഷണങ്ങളുള്ളവരെ പരിശോധിക്കുന്നതിനും കൂടുതല്‍ പരിശോധന കേന്ദ്രങ്ങളും ലാബുകളും തുടങ്ങുന്നതിനും കാണിച്ച ദീര്‍ഘവീക്ഷണം.

മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം, സംസ്ഥാനം 7,485 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 241 എണ്ണം പോസിറ്റീവും 6,381 എണ്ണം നെഗറ്റീവുമായി. അവശേഷിക്കുന്ന സാമ്പിളുകളുടെ ഫലം വരാനിരിക്കുന്നു. അതായത്, പത്ത് ലക്ഷം പേരില്‍ 188.7 പേരില്‍ പരിശോധന നടത്തി. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പരിശോധന നിരക്കാണിത്. അതേസമയം, കര്‍ണാടകയില്‍ ഇത് 47.4 പേരും മഹാരാഷ്ട്രയില്‍ 29.3 ഉം ആണ്.

Read Also: നിസാമുദ്ദീന്‍ സമ്മേളനം: സംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കുമെതിരെ നടപടിയെടുക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പരിശോധന നിരക്കില്‍ മേല്‍ക്കൈയുണ്ടെങ്കിലും കേരളത്തിലെ ഡോക്ടര്‍മാരും വിദഗ്ദ്ധറും സമൂഹ വ്യാപനത്തിന്റെ സാധ്യതയെക്കുറിച്ച് ജാഗരൂകരായിരിക്കുകയും ഈ ഘട്ടത്തില്‍ സര്‍ക്കാരിനോട് ആലസ്യത്തില്‍ ആകരുതെന്ന് ആവശ്യപ്പെടുകയും ചെയ്യുകയാണ്. വരുന്ന ആഴ്ചകളില്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ലോക്ക് ഡൗണും സോഷ്യല്‍ ഡിസ്റ്റന്‍സിങ് നടപടികള്‍ ശക്തമായി തുടരുകയും ചെയ്യുന്നതിലൂടെയേ സംസ്ഥാനത്തിന് ഈ വിഷമഘട്ടത്തില്‍ നിന്നും കരകയറാന്‍ സാധിക്കുകയുള്ളൂ. ഏപ്രില്‍ ആദ്യ ആഴ്ച കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. വിമാനത്താവളങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടയ്ക്കുംമുമ്പ് വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയ അവസാന പട്ടികയിലുള്ളവര്‍ക്കുള്ള നിര്‍ബന്ധിത ഹോം ക്വാറന്റൈനിലെ അവസാന ആഴ്ചയാണിത്. രോഗികളുടെ എണ്ണത്തില്‍ കുതിച്ചു കയറാനുള്ള സാധ്യതയുണ്ടെങ്കില്‍ അതിപ്പോഴാണ്.

സംസ്ഥാനം കൂടുതല്‍ പരിശോധന നടത്തിയാലേ ഇതുവരെ പിടിതരാതെയിരിക്കുന്ന കേസുകളെ കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്നാണ് പൊതുവിലെ അനുമാനം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ലക്ഷണങ്ങള്‍ കാണിക്കാത്ത ആളുകള്‍ സമൂഹത്തില്‍ രോഗവ്യാപനം നടത്തിക്കൊണ്ടിരിക്കുന്നതിന്റെ സാധ്യത വളരെ കൂടുതലാണ്. കൂടുതല്‍ കേസുകള്‍ കണ്ടുപിടിക്കുമ്പോള്‍ അവരെ ഉടന്‍തന്നെ ഐസോലേറ്റ് ചെയ്യാനും ചികിത്സ നല്‍കാനും സാധിക്കും. കൂടാതെ, വൈറസ് ഹൈ-റിസ്‌ക് വിഭാഗത്തില്‍പ്പെട്ട വൃദ്ധര്‍, പ്രമേഹം, ഹൃദ്രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങളുള്ളവര്‍ എന്നിവരിലേക്ക് പടരാതെ സൂക്ഷിക്കാന്‍ സാധിക്കും.

നിങ്ങളോട് പ്രമേഹം കണ്ടെത്താന്‍ നൂറുപേരെ പരിശോധിക്കാന്‍ പറയുകയും അഞ്ച് പോസിറ്റീവ് കേസുകള്‍ ലഭിക്കുകയും ചെയ്യുന്നു. എന്നുവച്ചാല്‍, കേരളത്തില്‍ അഞ്ച് പ്രമേഹരോഗികള്‍ മാത്രമേയുള്ളൂവെന്നാണോ അര്‍ത്ഥം. അല്ല. നിങ്ങള്‍ കഴിയുന്നത്ര രോഗികളെ പരിശോധിക്കണം. ഇപ്പോള്‍, നമ്മള്‍ പരിശോധന 30 ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു. പത്ത് ലക്ഷം പേരില്‍ 200 പേരെ വീതം നമ്മളിപ്പോള്‍ പരിശോധിക്കുന്നു. അത് ദശലക്ഷത്തില്‍ 5000-6000 പേരെയാക്കണം, രോഗ പ്രതിരോധ വിദഗ്ദ്ധനും റുമാറ്റോളജിസ്റ്റുമായ ഡോക്ടര്‍ പത്മനാഭ ഷേണായി പറയുന്നു.

Read Also: രാമായണം കാണുന്നവരും, അതിജീവനത്തിനായി പൊരുതുന്നവരും; രണ്ടുതരം ഇന്ത്യക്കാർ

കോവിഡ്-19 സ്ഥിരീകരിക്കുന്നതിനുള്ള പോളിമെറേസ് ചെയ്ന്‍ റിയാക്ഷന്‍ (പിസിആര്‍) പരിശോധനയ്ക്കുള്ള കിറ്റുകള്‍ക്ക് ക്ഷാമമില്ലെന്ന് ഐസിഎംആര്‍ പറയുന്നുണ്ടെങ്കിലും ഗുരുതരമായ കേസുകള്‍ക്ക് മാത്രം പരിശോധന നടത്തുന്നതിനായി പല സംസ്ഥാനങ്ങളും കിറ്റുകള്‍ സൂക്ഷിച്ചു വയ്ക്കുകയാണ്.

പരിശോധന കിറ്റുകളുടെ എണ്ണം കുറവാണ്. കേന്ദ്രം അത് വര്‍ദ്ധിപ്പിക്കണം. കൂടുതല്‍ ഓര്‍ഡറുകള്‍ നേരത്തേ നല്‍കണം. ഒരു ആഴ്ചയ്ക്കുള്ളിലോ പത്ത് ദിവസത്തിനുള്ളിലോ നിര്‍മ്മിച്ച് നല്‍കാന്‍ കഴിയുന്ന കമ്പനികളുണ്ട്. കൂടുതല്‍ ഓര്‍ഡര്‍ ഒരുമിച്ച് നല്‍കുമ്പോള്‍ ചിലപ്പോള്‍ ഉയര്‍ന്ന വില നല്‍കേണ്ടി വന്നേക്കാം. പക്ഷേ, അത് ചെയ്യുന്നതിനൊരു രാഷ്ട്രീയ ഇച്ഛാശക്തി നിങ്ങള്‍ക്കുവേണം, ഷേണായി കൂട്ടിച്ചേര്‍ത്തു.

ഒരു മാതൃകാ ലോകത്ത് കേരളം തീര്‍ച്ചയായും കൂടുതല്‍ പരിശോധനകള്‍ നടത്തണം. എന്നാല്‍ അങ്ങനെയല്ല. ഒരു മാതൃകാ രാജ്യത്തില്‍ നമുക്ക് ലോകാരോഗ്യ സംഘടനയുടെ തലവന്‍ പറഞ്ഞതു പോലെ ചെയ്യാം. അതിന് വിഭവങ്ങള്‍ ഉണ്ടാകണം. നമ്മള്‍ മാത്രമല്ല ആവശ്യപ്പെടുന്നത്. ഇന്ത്യാ ഗവണ്‍മെന്റിന് കിട്ടുന്ന വിഭവങ്ങള്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് വിഭജിച്ചു നല്‍കണം. അതിന് നമുക്ക് എവിടെയെങ്കിലും ബാലന്‍സ് ചെയ്യേണ്ടതുണ്ട്, സംസ്ഥാന നോഡല്‍ ഹെല്‍ത്ത് ഓഫീസര്‍ (പബ്ലിക്ക് എമര്‍ജന്‍സി) ആയ ഡോക്ടര്‍ അമര്‍ ഫെറ്റില്‍ പറയുന്നു.

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മള്‍ മികച്ച രീതിയില്‍ ചെയ്യുന്നു. നമ്മള്‍ കൂടുതല്‍ പേരെ പരിശോധിച്ചിട്ടുണ്ട്. കൂടുതല്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ കൂടുതല്‍ രോഗികളെ കണ്ടെത്തും. നിങ്ങള്‍ക്ക് 10 ടെസ്റ്റ് കിറ്റുകള്‍ ഉണ്ടെങ്കില്‍ ഏറ്റവുമധികം അര്‍ഹിക്കുന്നയാള്‍ക്ക് പ്രാധാന്യം നല്‍കണം. ആ സാഹചര്യത്തില്‍ നമുക്ക് എല്ലാ ആളുകളേയും പരിശോധിക്കാന്‍ പറ്റില്ല. അവരോട് നിങ്ങള്‍ എന്ത് ചെയ്യും. നിങ്ങള്‍ ഐസോലേഷന്‍ രീതി പിന്തുടരും. കടുത്ത ക്വാറന്റൈനും കൈകാര്യം ചെയ്യണം നമുക്ക് ആവശ്യമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: ‘കൊറോണ’യെന്ന് മിണ്ടരുത്; വാക്ക് നിരോധിച്ച് ഒരു രാജ്യം

പൊതുജനാരോഗ്യ സംവിധാനത്തിനുമേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി മാര്‍ച്ച് രണ്ടാം വാരത്തില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തിനായുള്ള പരിശോധന, ക്വാറന്റൈന്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് തുടങ്ങിയ്ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേരള ആരോഗ്യ വകുപ്പ് പുതുക്കി. സംശയമുള്ള രോഗി, രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ അപകട സാധ്യത കൂടുതല്‍, അപകട സാധ്യത കുറവ് എന്നിവയുടെ നിര്‍വചനത്തില്‍ മാറ്റം വരുത്തിയിരുന്നു. കോവിഡ്-19-ന്റെ സാംക്രമിക രോഗ ശാസ്ത്ര പ്രകാരം 75-80 ശതമാനം രോഗബാധിതരില്‍ ചെറിയ ലക്ഷണങ്ങളേ കാണുകയുള്ളൂ. അതിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതില്ല. വയസ്സായവര്‍, നിലവില്‍ രോഗങ്ങളുള്ളവര്‍ എന്നിവരടങ്ങിയ ഹൈ റിസ്‌ക് ഗ്രൂപ്പിലാണ് കൂടുതല്‍ മരണനിരക്കുള്ളത്.

ഈ തന്ത്രം, ഗുരുതരമായ ശ്വാസകോശ രോഗങ്ങളുള്ളവരില്‍ ആരോഗ്യ സംവിധാനത്തിന് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുകയും എല്ലാ ലക്ഷണങ്ങളുമുള്ളുവര്‍ ആശുപത്രിയിലേക്ക് തള്ളിക്കയറുന്നത് ഒഴിവാക്കാനും സാധിക്കും.

പത്തനംതിട്ട ജില്ലയിലെ ദേശീയ ആരോഗ്യ ദൗത്യത്തിലെ ഒരു മുതിര്‍ന്ന ഡോക്ടര്‍ ഇതിനോട് യോജിക്കുന്നു. സംസ്ഥാനത്ത് കോവിഡ്-19 ഒരു മഹാമാരിയുടെ ഘട്ടത്തില്‍ എത്തിയിട്ടില്ലാത്തതിനാല്‍ കേരളത്തില്‍ ആവശ്യത്തിന് പരിശോധനകള്‍ നടക്കുന്നുണ്ടോയെന്ന് അഭിപ്രായപ്പെടാന്‍ അദ്ദേഹത്തെപ്പോലുള്ള ഡോക്ടര്‍മാര്‍ക്ക് കഴിയുന്നില്ല. നമ്മളിപ്പോഴും ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തുന്ന ഘട്ടത്തിലെത്തിയിട്ടില്ലെന്ന് അദ്ദേഹം പറുന്നു.

പത്തനംതിട്ട പോലുള്ള ജില്ലകളില്‍ നേരത്തേതിനേക്കാള്‍ കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുന്നുണ്ട്. പ്രാഥമികമായും വിദേശരാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്ന ആരോഗ്യ രംഗത്തെ ജീവനക്കാരില്‍ രോഗാണുവ്യാപനം ഉണ്ടായോയെന്ന് അറിയുന്നതിനുള്ള പരിശോധനയാണ് നടക്കുന്നത്. രോഗം പൊട്ടിപ്പുറപ്പെട്ട സമയത്ത് കേരളത്തില്‍ ആലപ്പുഴയിലെ എന്‍ഐവി ലാബില്‍ മാത്രമാണ് പരിശോധന നടന്നിരുന്നത്. എന്നാലിപ്പോള്‍, മറ്റ് എട്ടു ലാബുകളില്‍ കൂടെ പരിശോധയുണ്ട്. ലാബുകള്‍ കൂടുതലും മെഡിക്കല്‍ കോളെജ് ആശുപത്രികളിലാണ് സ്ഥാപിച്ചത്. ചെറിയ ലക്ഷണങ്ങളുമായി ഐസോലേഷനില്‍ കഴിയുന്നവരെ ചികിത്സിക്കുന്നതിനായി ഓരോ ജില്ലകളിലും കൊറോണ ഒന്നാം-നിര ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

ഓരോ പോസിറ്റീവ് കേസുകളുടേയും രോഗബാധ സ്രോതസ്സ് കണ്ടുപടിക്കാന്‍ കഴിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഇതുവരെ സാമൂഹിക വ്യാപനത്തിനുള്ള സാധ്യതയില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ തിരുവനന്തപുരത്ത് വിദേശ യാത്ര നടത്തുകയോ രോഗിയുമായി സമ്പര്‍ക്കത്തില്‍ വരികയോ ചെയ്തിട്ടില്ലാത്ത ഒരു 68 വയസ്സുകാരന്‍ പെട്ടെന്ന് മരിച്ചത് ഡോക്ടര്‍മാരേയും അധികൃതരേയും അലോസരപ്പെടുത്തുന്നു. അടിയന്തര നടപടിയെന്ന നിലയില്‍, പോത്തന്‍കോട് പ്രദേശത്തെ ജനങ്ങളോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Read Also: ലോക്ക് ഡൗണ്‍: വടക്ക് കര്‍ണാടകത്തിന്റെ ക്രൂരത; തെക്ക് തമിഴരായ രോഗികളെ കടത്തിവിട്ട് കേരളത്തിന്റെ മനുഷ്യത്വം

രോഗം പകര്‍ന്നതെവിടെ നിന്നെന്ന് കണ്ടെത്താന്‍ കഴിയാത്ത ഇത്തരം കേസുകളില്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് പ്രാഥമിക സ്‌ക്രീനിങ്ങ് ടെസ്റ്റായി നടത്താന്‍ ആരോഗ്യ വകുപ്പ് ആലോചിക്കുന്നു. തെറ്റായ പോസിറ്റീവ്, നെഗറ്റീവ് ഫലങ്ങള്‍ തരാമെന്നതിനാല്‍ ആന്റിബോഡി പരിശോധന കോവിഡ്-19 തിരിച്ചറിയുന്നതിനായി ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്നില്ല. എന്നാല്‍, സമീപകാലത്ത് എന്തെങ്കിലും വൈറല്‍ രോഗാണുബാധ ഉണ്ടായവരെ കണ്ടെത്താനും തുടര്‍ന്ന് അവരില്‍ രോഗ സ്ഥിരീകരണത്തിനായി പിസിആര്‍ ടെസ്റ്റ് നടത്താനും കഴിയുമെന്ന് കേരളം കരുതുന്നു.

കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷനിലെ (കെജിഎംഒ) ഡോക്ടര്‍ ജോസഫ് ചാക്കോ ഈ ആശയത്തോട് യോജിക്കുന്നു. സമൂഹ വ്യാപനം തടയുന്നതിനായി നമ്മള്‍ ഉടന്‍തന്നെ റാപ്പിഡ് ടെസ്റ്റുകള്‍ ആരംഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായാല്‍ സ്ഥിരീകരണ ടെസ്റ്റ് നടത്തിയാല്‍ മതി. 80 ശതമാനം രോഗികളിലും ലക്ഷണങ്ങള്‍ ഉണ്ടാകില്ല. പക്ഷേ, അവര്‍ വൈറസ് വാഹകരാണ്. അതിനാല്‍ റാപ്പിഡ് ടെസ്റ്റ് നടത്തണം, അദ്ദേഹം പറഞ്ഞു.

കിറ്റുകള്‍ വാങ്ങുന്നതിനും പരിശോധന ആരംഭിക്കുന്നതിനും ഐസിഎംആറിന്റേയും എന്‍ഐവി പൂനെയുടേയും അനുവാദം ലഭിച്ചുവെന്ന് മാര്‍ച്ച് 29-ന് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ കിറ്റുകള്‍ ലഭിച്ചോയെന്നും എന്ന് ഈ പ്രക്രിയ ആരംഭിക്കുമെന്നും വ്യക്തമല്ല.

റാപ്പിഡ് പരിശോധന തെറ്റായ മുന്നറിയിപ്പ് നല്‍കുമെന്ന് ഐഎംഎയുടെ കേരള ഘടകം ഡോക്ടര്‍ അബ്രഹാം വര്‍ഗീസ് പറയുന്നു.

Read in English: Kerala has best coronavirus test rate in country, but is that enough?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.