ചരിത്രം കുറിച്ച് കൊണ്ടാണ് അബുദാബിയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം IX 452 പറന്നുയര്‍ന്നത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ക്ഡൌണില്‍ ആയ വിദേശരാജ്യങ്ങളില്‍ നിന്നും പ്രവാസി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ‘വന്ദേ ഭാരത്’ പദ്ധതിയുടെ ഭാഗമായ ആദ്യ വിമാനമാണ് 182 യാത്രക്കാരെയും കൊണ്ട് ഇന്നലെ കൊച്ചിയിലെത്തിയത്.
ചരിത്രദൗത്യം നിര്‍വ്വഹിച്ച വിമാനത്തില്‍ ക്യാപ്റ്റന്‍ അനുഷുല്‍ ഷോറന്റെ നേതൃത്വത്തില്‍ ദീപക് മേനോന്, അഞ്ജന ജോണി, സന്തോഷ് റിയാങ്ക, ഭൂട്ടിയ താഷി എന്നിവര്‍ അടങ്ങുന്ന കാബിന് ക്രൂവാണുണ്ടായിരുന്നത്, അബുദാബിയില്‍ നിന്നും പുറപ്പെടുന്നതിനു മുന്‍പ് ക്യാപ്റ്റന്‍ യാത്രക്കാരോട് പറഞ്ഞു. ‘Welcome onboard. We are going home.’
ക്യാപ്റ്റന്‍ അനുഷുല്‍ ഷോറന്റെ വാക്കുകള്‍
“ഭാരത സര്‍ക്കാര്‍ ഇന്ന് ആരംഭിച്ച ‘വന്ദേ ഭാരത് മിഷന്റെ’ ഭാഗമായുള്ള ആദ്യത്തെ ഇവാക്വേഷന് ഫ്ലൈറ്റില്‍ നിങ്ങളെ കൂട്ടിക്കൊണ്ടു പോകാന്‍ സാധിച്ചതില്‍ ഞാനും എന്റെ സഹപ്രവര്‍ത്തകരും അഭിമാനിക്കുന്നു. ഏഴു ആഴ്ചകള്‍ക്ക് ശേഷം, ഇന്നാണ് ഇന്ത്യന്‍ വ്യോമപാത തുറക്കുന്നത് – കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരികെയെത്തിക്കാനായി.
അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കാണ് നമ്മള് പോകുന്നത്. അറേബ്യന്‍ ഉള്‍ക്കടലിന് മുപ്പത്തിയയ്യാരത്തോളം അടി മുകളില്‍ നമ്മള് പറക്കുമ്പോള്‍, താഴെ സമുദ്രത്തില്‍, ‘ഓപ്പറേഷന് സമുദ്ര സേതു’ എന്ന സമാനമായ ഒരു ഉദ്യമത്തില്‍ ഇന്ത്യന്‍ നേവി ഏര്‍പ്പെട്ടിരിക്കുന്നു എന്നതും ഓര്‍ക്കാം.
ഇത്തരത്തില്‍ വലിയ ഒരു ഉദ്യമത്തില്‍ പങ്കു ചേരുന്നതില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അഭിമാനിക്കുന്നു. ഞാനും ഈ വിമാനത്തിലുള്ള എന്റെ സഹപ്രവര്‍ത്തകരും സുരക്ഷാകവചങ്ങള്‍ അണിഞ്ഞിട്ടുണ്ട്. പക്ഷേ അതിനു ഞങ്ങളുടെ പുഞ്ചിരിയെ മറയ്ക്കാന്‍ ആവില്ല. ഇപ്പോഴും എന്ന പോലെ ഈ യാത്രയിലും നിങ്ങളുടെ സുരക്ഷയും സുഖവും ഞങ്ങള്‍ ഉറപ്പു വരുത്തും. നിഷ്കര്‍ച്ചിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളെല്ലാം ദയവായി പാലിക്കുക. ബുദ്ധപൂര്‍ണിമയുടെ ഈ വിശേഷദിനത്തില്‍ നടക്കുന്ന ഈ ചരിത്ര ദൗത്യത്തിന്റെ ഭാഗമായതില്‍ അഭിമാനിക്കാം. വരൂ, കാത്തിരിക്കുന്ന പ്രിയപ്പെട്ടവര്‍ക്കരികിലേക്ക്, വീട്ടിലേക്ക് പോകാം.”
വന്ദേഭാരത്: സുരക്ഷയുടെ തീരമണഞ്ഞത് 359 പ്രവാസികള്‍
കോവിഡ്-19 ബാധിത പ്രദേശങ്ങളില്‍ നിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്ന വന്ദേഭാരത് പദ്ധതിയുടെ ഭാഗമായുള്ള യുഎഇയില്‍ നിന്നുള്ള ആദ്യ രണ്ട് വിമാനങ്ങള്‍ ഇന്നലെ കേരളത്തിലെത്തി. അബുദാബിയില്‍ നിന്നുള്ള ആദ്യ വിമാനം രാത്രി 10.08-ന് കൊച്ചി വിമാനത്താവളത്തില്‍ എത്തി. പിന്നാലെ ദുബായില്‍ നിന്നുള്ള വിമാനം രാത്രി 10.30 ഓടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി.
അബുദാബിയില്‍ നിന്നെത്തിയ വിമാനത്തില്‍ 177 പേരാണ് എത്തിയത്. 49 ഗര്‍ഭിണികളും നാല് കൈക്കുഞ്ഞുങ്ങളും ഈ വിമാനത്തില്‍ ഉണ്ടായിരുന്നു. കരിപ്പൂരില്‍ 182 പേരാണുള്ളത്. ഇതില്‍ അഞ്ച് കുട്ടികളും പെടുന്നു.
വിമാനങ്ങളില്‍ നിന്നും പ്രത്യേക സംഘങ്ങളായി ഇറങ്ങിയ യാത്രക്കാരെ ഇരുവിമാനത്താവളങ്ങളിലും തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് പരിശോധിച്ചു. ഇവര്‍ യാത്ര ആരംഭിച്ചപ്പോഴും റാപ്പിഡ് ടെസ്റ്റ് നടത്തിയിരുന്നു. രോഗബാധയില്ലെന്ന് ഉറപ്പാക്കിയതിനെ തുടര്‍ന്നാണ് ഇവരെ ഇന്ത്യയിലേക്ക് വരാന്‍ അനുവദിച്ചത്.
ഗര്‍ഭിണികളേയും കുട്ടികളേയും വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ അനുവദിച്ചു. ഇവര്‍ വീടുകളിലേക്ക് യാത്ര തിരിച്ചു. ഇവരെ കൊണ്ടുപോകാന്‍ വീട്ടില്‍ നിന്നും ഒരാള്‍ വാഹനവുമായി വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇവര്‍ക്കൊപ്പം വീട്ടുകാരും ക്വാറന്റൈനില്‍ കഴിയണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് വിമാനത്താവളത്തിലെത്തിയ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
Horoscope Today May 08, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ക്വാറന്റൈന് നിബന്ധകള്‍ പാലിക്കുമെന്ന് യാത്രക്കാര്‍ സത്യവാങ്മൂലം ഒപ്പിട്ട് നല്കി. ആരോഗ്യ പ്രവര്‍ത്തകര്‍ ഫോണ്‍ വിളിക്കുമ്പോള്‍ ഫോണെടുക്കണമെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. കൂടാതെ, എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ തോന്നിയാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും വേണം.
ഒമ്പത് ജില്ലകളിലെ പ്രവാസികളാണ് കരിപ്പൂരില്‍ ഇറങ്ങിയത്. മലപ്പുറം ജില്ലക്കാരെ കാളികാവിലെ കോവിഡ്-19 സെന്ററിലേക്ക് കൊണ്ടുപോകും. മറ്റുള്ളവരെ അതത് ജില്ലകളിലേക്ക് അയക്കും. ഇതിനായി വാഹന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആദ്യ സംഘം 10.44 ഓടെ പുറത്തിറങ്ങി. ആദ്യമിറങ്ങിയ 24 പേരെ എയ്റോ ബ്രിഡ്ജില്‍വച്ചു തന്നെ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കി. ഇതിനായി ഡോക്ടര്‍മാരുള്‍പ്പെടുന്ന നാല് പ്രത്യേക ടീമുകള്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് പിന്നാലെ മറ്റു സംഘങ്ങളും വിമാനത്തിന് പുറത്തെത്തി പരിശോധനകള്‍ക്ക് വിധേയരായി.
ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം യാത്രക്കാര്‍ക്ക് കോവിഡ് പ്രതിരോധത്തിന് ആവശ്യമായ ബോധവല്‍ക്കരണ ക്ലാസ് നല്കി. തുടര്‍ന്ന് ഓരോ യാത്രക്കാരുടേയും വിവര ശേഖരണം നടത്തിയ ശേഷമാണ് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. വിവര ശേഖരണത്തിന് പത്തും എമിഗ്രേഷന്‍ പരിശോധനയ്ക്ക് പതിനഞ്ചും കസ്റ്റംസ് പരിശോധനകള്‍ക്കായി നാല് കൗണ്ടറുകളും വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു.