ഭക്ഷ്യക്കിറ്റ് വിതരണം ഏപ്രില്‍ 6 മുതല്‍; ആദ്യം അന്ത്യോദയ കാര്‍ഡുകാര്‍ക്ക്

കൊറോണക്കാലത്ത് ആര്‍ക്കും ഭക്ഷണമില്ലാതിരിക്കരുതെന്ന സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ഭക്ഷ്യവിഭവങ്ങള്‍ വിതരണം ചെയ്യുന്നത്‌

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ മൂലം രാജ്യമെമ്പാടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ടി വരരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായി 87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ അടുത്തയാഴ്ചയോടെ വിതരണം ചെയ്തു തുടങ്ങും. ആദ്യം അന്ത്യോദയ അന്നോദയ (എഎവൈ), പ്രയോരിറ്റി ഹൗസ്ഹോള്‍ഡ്‌ (പിഎച്ച്എച്ച്) വിഭാഗങ്ങളില്‍പ്പെടുന്ന മുന്‍ഗണനാ കുടുംബങ്ങള്‍ക്കും പിന്നീട് മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും കിറ്റ് നല്‍കാനാണു തീരുമാനിച്ചിരിക്കുന്നതെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞിരുന്നു.

ഈയാഴ്ച്ച വിതരണം ചെയ്ത് തുടങ്ങാനാണ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നതെങ്കിലും കര്‍ണാടകം കേരളത്തിലേക്കുള്ള റോഡുകള്‍ അടച്ചത് പദ്ധതി താളം തെറ്റിച്ചു. “കര്‍ണാടകയില്‍ നിന്നും എത്തേണ്ട പയറു വര്‍ഗങ്ങള്‍ എത്താത്തതിനാല്‍ വിതരണം അടുത്തയാഴ്ചയാകാന്‍ സാധ്യതയുണ്ട്‌,” മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ട്രെയിന്‍ വഴി എത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: കുറഞ്ഞ അളവിൽ മദ്യം നൽകാനുള്ള സർക്കാർ ഉത്തരവിന് സ്റ്റേ

അതേസമയം, സ്റ്റോക്കുള്ള സാധനങ്ങള്‍ വച്ച് കിറ്റ് തയ്യാറാക്കുകയാണെന്നും ബാക്കിയുള്ള സാധനങ്ങള്‍ രണ്ട് മൂന്ന് ദിവസത്തിനകം എത്തുമെന്നും ഏപ്രില്‍ ആറാം തിയതിയോടെ വിതരണം ചെയ്ത് തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സപ്ലൈകോയുടെ മാര്‍ക്കറ്റിങ് മാനേജരായ സതീഷ് ബാബു പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന അരി റേഷന്‍ കടകളില്‍ വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ്. അതിന്റെ കൂടെ വിതരണം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കിറ്റ് ആവശ്യമില്ലെന്നു സ്വയം വെളിപ്പെടുത്തുന്നവരേയും നികുതിദായകരായ ഉയര്‍ന്ന വരുമാനക്കാരെയും സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നല്‍കുന്നതില്‍നിന്ന് ഒഴിവാക്കും. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും കിറ്റുകള്‍ നല്‍കും.

കേരളത്തില്‍ മൊത്തം 87 കാര്‍ഡ്‌ ഉടമകളാണ് ഇതിന്റെ ഗുണഭോക്താക്കളാവുക. ആദ്യ ഘട്ടത്തില്‍ എഎവൈ കാര്‍ഡുകള്‍ ഉള്ള അഞ്ച് ലക്ഷം പേര്‍ക്ക് ഏപ്രില്‍ നാല് മുതല്‍ വിതരണം ചെയ്തു തുടങ്ങും. അടുത്ത ഘട്ടത്തില്‍, 35 ലക്ഷത്തോളം വരുന്ന പിഎച്ച്എച്ച്  കുടുംബങ്ങള്‍ക്കാണ് ലഭിക്കുക. അതിനു ശേഷമാവും നോണ്‍ പ്രിയോരിറ്റി, നോണ്‍ സബ്സിഡി കാര്‍ഡുകാര്‍ക്ക് വിതരണം ആരംഭിക്കുക.

Read Also: കോവിഡ് മരണസംഖ്യ 50,000 ത്തിലേക്ക്; ആശങ്കയോടെ ലോകാരോഗ്യസംഘടന

1000 രൂപ വില വരുന്ന 17 വിഭവങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുക. പഞ്ചസാര (ഒരു കിലോഗ്രാം), ചായപ്പൊടി (250 ഗ്രാം), ഉപ്പ് (ഒരു കിലോ ഗ്രാം), ചെറുപയറ് (ഒരു കിലോ ഗ്രാം), കടല (ഒരു കിലോ ഗ്രാം), വെള്ളിച്ചെണ്ണ (അര ലിറ്റര്‍), ആട്ട (രണ്ടു കിലോ ഗ്രാം), റവ (ഒരു കിലോ ഗ്രാം), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), പരിപ്പ് (250 ഗ്രാം), മഞ്ഞള്‍പ്പൊടി (100 ഗ്രാം) ,ഉലുവ (100 ഗ്രാം), കടുക് (100 ഗ്രാം), സോപ്പ് (രണ്ടെണ്ണം), സണ്‍ ഫ്ളവര്‍ ഓയില്‍ (ഒരു ലിറ്റര്‍), ഉഴുന്ന് (ഒരു കിലോ ഗ്രാം) എന്നീ വിഭവങ്ങളാണ് കിറ്റുകളിലുണ്ടാകുക.

സപ്ലൈകോയുടെ സംസ്ഥാനത്തെ 56 ഡിപ്പോകളിലും ഗാന്ധിനഗറിലെ ഹെഡ്ഓഫീസിലും തിരഞ്ഞെടുത്ത സൂപ്പര്‍മാര്‍ക്കറ്റുകളിലും തയ്യാറാക്കിയ കിറ്റുകള്‍ റേഷന്‍ കടകളിലൂടെയാണ് വിതരണത്തിന് എത്തിക്കുന്നതെന്ന് സപ്ലൈകോ സിഎംഡി പി.എം.അലി അസ്ഗര്‍ പാഷ അറിയിച്ചിരുന്നു.

കൊറോണ കാലത്ത് ആര്‍ക്കും ഭക്ഷണമില്ലാതിരിക്കരുതെന്ന സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ഭക്ഷ്യവിഭവങ്ങള്‍ സപ്ലൈകോ റേഷന്‍ കടകളിലൂടെ വിതരണത്തിനെത്തിക്കുന്നതെന്നും സിഎംഡി അറിയിച്ചു. ഭക്ഷ്യവിഭവങ്ങള്‍ക്കുള്ള സഞ്ചിയും ഇതോടൊപ്പമുണ്ട്. ഇതിനായി സര്‍ക്കാര്‍ 350 കോടിരൂപ സിഎംഡിആര്‍എഫില്‍ നിന്നും ആദ്യഗഡുവായി അനുവദിച്ചിരുന്നു. സൗജന്യ കിറ്റ് നല്‍കുന്നതിന് 756 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. കിറ്റിന്റെ വിതരണവും ഏപ്രില്‍ മാസത്തില്‍ത്തന്നെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. ഇത് കൂടാതെയുള്ള സൗജന്യ റേഷന്‍ വിതരണം ചെയ്തു തുടങ്ങി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 kerala government food kit list of items

The moderation of comments is automated and not cleared manually by malayalam.indianexpress.com