തിരുവനന്തപുരം: കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചുവെന്ന് ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 10000 സ്‌ക്വയര്‍ ഫീറ്റ് വരെ വാടകയ്ക്ക് എടുത്തിരിക്കുന്ന കമ്പനികള്‍ക്ക് ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലെ വാടക ഒഴിവാക്കി.  ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഇന്‍ക്യുബേഷന്‍ സെന്ററുകളേയും ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലെ വാടക നല്‍കുന്നതില്‍ നിന്നും ഒഴിവാക്കി.

പതിനായിരം സ്‌ക്വയര്‍ ഫീറ്റിനു മുകളില്‍ സ്ഥലം വാടകയ്ക്ക് എടുത്തിരിക്കുന്ന കമ്പനികള്‍ നല്‍കേണ്ട വാടകയ്ക്ക് ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ മൊററ്റോറിയം ഏര്‍പ്പെടുത്തി. ആ വാടക ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പിഴയോ സര്‍ചാര്‍ജോ ഇല്ലാതെ അടയ്ക്കാവുന്നതാണ്.

Read Also: Explained: ലോക്ക്ഡൗണ്‍ മൂലം മലിനീകരണം കുറഞ്ഞതാണോ ഓസോണ്‍ ദ്വാരം അടയാന്‍ കാരണം?

സര്‍ക്കാര്‍ ഐടി പാര്‍ക്കുകളില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്ററന്റുകള്‍ ഉള്‍പ്പെടെയുള്ള ഐടി ഇതര സ്ഥാപനങ്ങളും ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ വാടക നല്‍കേണ്ടതില്ല. ഐടി പാര്‍ക്കുകളിലെ സര്‍ക്കാര്‍ ബില്‍ഡിങ്ങുകളില്‍ പ്രവര്‍ത്തിക്കുന്ന ഐടി /ഐടി ഇതര സ്ഥാപനങ്ങള്‍ വാര്‍ഷികമായി വാടകയില്‍ വരുന്ന 5% വർധനവ് 2020-21 സാമ്പത്തിക വര്‍ഷം നല്‍കേണ്ടതില്ല.

ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറു മാസക്കാലയളവില്‍ വാടകയ്ക്കു മേലുള്ള സര്‍ചാര്‍ജുകളും ഒഴിവാക്കിയിട്ടുണ്ട്. മാര്‍ച്ച് 31, 2021 നോ അതിനു മുന്‍പോ ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഐടി കമ്പനികള്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷമുള്ള ആദ്യത്തെ മൂന്നു മാസം നല്‍കേണ്ട വാടക ഒഴിവാക്കുന്ന പ്രത്യേക സ്‌കീമും നടപ്പിലാക്കുന്നു.

Read Also: ശമ്പളം പൗരന്റെ അവകാശം; സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

ലോക്ക്ഡൗണ്‍ കാലയളവില്‍ വൈദ്യുതി ഉപഭോഗത്തില്‍ കാര്യമായ കുറവു വന്ന സ്ഥിതി പരിഗണിച്ച്, കമ്പനികളുടെ നിലവിലെ വൈദ്യുതി താരിഫ് അതിനു ആനുപാതികമായി കുറയ്ക്കാനുള്ള നടപടികളും സ്വീകരിച്ചു വരുന്നു. ഐടി പാര്‍ക്കുകളില്‍ ഭൂമി ദീര്‍ഘകാലത്തേയ്ക്ക് ലീസിനെടുത്തവര്‍ക്ക് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുള്ള സമയം 6 മാസം വരെ നീട്ടി നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ ഒരു വിദഗ്ധ സമിതിയേയും നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.