തിരുവനന്തപുരം: കൊറോണവൈറസ് മഹാമാരി മൂലം ചൈനയെ വ്യവസായികള്‍ ഉപേക്ഷിക്കുമെന്ന പ്രതീക്ഷയില്‍ അവരെ ആകര്‍ഷിക്കാന്‍ ലോകരാജ്യങ്ങള്‍ വിവിധ നടപടികള്‍ സ്വീകരിക്കുമ്പോള്‍ കേരളം പ്രതീക്ഷയുമായി മുന്നോട്ട്. സംസ്ഥാനത്തിന്റെ മനുഷ്യ വിഭവ ശേഷിയും കോവിഡ്-19-നോട് പൊരുതി നില്‍ക്കുന്നതും ലോക ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

ഈ പ്രതിസന്ധി ഘട്ടത്തിലെ അവസരങ്ങളെ ഉപയോഗപ്പെടുത്തിയാല്‍ മാത്രമേ നമുക്ക് മുന്നേറാന്‍ സാധിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ്-19 മഹാമാരി ഒരുപാട് പ്രതിസന്ധികള്‍ സൃഷ്ടിച്ചുവെങ്കിലും വിവിധ മേഖലകളില്‍ പുതിയ അവസരങ്ങള്‍ തുറക്കുന്നുണ്ട്. കോവിഡിനെ നേരിടുന്നതില്‍ കേരള ജനത കൈവരിച്ച അസാധാരണമായ നേട്ടം നമ്മുടെ സംസ്ഥാനത്തെ ലോകത്തെ തന്നെ ഏറ്റവും പ്രിയപ്പെട്ടതും സുരക്ഷിതവുമായ ഒരു സ്ഥലമായി മാറ്റിയിട്ടുണ്ട്.

ഇതിന്റെയൊരു പ്രത്യേകത ഏറ്റവും സുരക്ഷിതമായ നിക്ഷേപ കേന്ദ്രങ്ങളിലൊന്നായി നമ്മുടെ സംസ്ഥാനം മാറിയിരിക്കുന്നുവെന്നതാണ് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള നിക്ഷേപകരിലും സംരംഭകരിലും കേരളത്തെ സംബന്ധിച്ച് വലിയ താല്‍പര്യം ഉളവായിട്ടുണ്ട്. ഈ രംഗത്തു നിന്ന് നമുക്ക് ധാരാളം അന്വേഷണങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്നു. സംസ്ഥാനത്തെ മികച്ച വ്യവസായ കേന്ദ്രമാക്കുന്നതിനുള്ള നടപടികള്‍ക്ക് പ്രത്യേക ഉപദേശക സമിതി രൂപീകരിക്കും.

Read Also: കേരളത്തിൽ ഇന്നും ആർക്കും കോവിഡ്-19 സ്ഥിരീകരിച്ചില്ല; രോഗം ഭേദമായത് 61 പേർക്ക്

യഥാര്‍ത്ഥത്തില്‍ നമ്മുടെ ശക്തി ഇവിടത്തെ മനുഷ്യശേഷി തന്നെയാണ്. ആ വിഭവശേഷി ഒന്നുകൂടി ശക്തിപ്പെടുകയാണ്. കോവിഡ് കാരണം പ്രവാസികള്‍ കേരളത്തിലേക്ക് തിരിച്ചുവരുന്നു. വിവിധ രംഗങ്ങളില്‍ വലിയ അനുഭവസമ്പത്തുള്ളവരാണ് അവര്‍. വ്യത്യസ്ത ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നു. ഇതെല്ലാം നമുക്ക് വലിയ മുതല്‍ക്കൂട്ടായി മാറുന്നു. ഏത് വ്യവസായം നിലനില്‍ക്കാനും അഭിവൃദ്ധിപ്പെടാനും മനുഷ്യവിഭവശേഷി പ്രധാനമാണ്. നമ്മുടെ മനുഷ്യവിഭവശേഷി ഏത് രാജ്യവുമായും കിടപിടിക്കുന്നതാണ്. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്ത് വ്യവസായ മുതല്‍ മുടക്ക് വലിയതോതില്‍ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നു.

ഈ ഘട്ടത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക് ലൈസന്‍സുകളും മറ്റും ഒരാഴ്ച്ചയ്ക്കകം നല്‍കും. ഉപാധികളോടെയാണ് നല്‍കുന്നത്. ഒരു വര്‍ഷത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പഴങ്ങളും പച്ചക്കറിയും തൈകളും അടക്കമുള്ള കാര്‍ഷിക വിഭവങ്ങളുടെ കയറ്റിറക്കുമതിക്കായുള്ള അനുവാദം ലഭ്യമായിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ വികസനത്തിനായി മുഖ്യമന്ത്രി പ്രഖ്യാപിച്ച എട്ട് നടപടികള്‍

1. എല്ലാ പ്രധാനപ്പെട്ട വ്യവസായ ലൈസന്‍സുകളും അനുമതികളും അപേക്ഷിച്ച് ഒരാഴ്ചയ്ക്കകം നല്‍കും. ഉപാധികളോടെയാണ് അനുമതി നല്‍കുക. ഒരുവര്‍ഷത്തിനകം സംരംഭകന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. എന്തെങ്കിലും പോരായ്മയുണ്ടെങ്കില്‍ അതു തിരുത്താന്‍ അവസരം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകും.

2. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വിമാനത്താവളം, തുറമുഖം, റെയില്‍, റോഡ് എന്നിവ ബന്ധപ്പെടുത്തി ബഹുതല ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തും. അന്താരാഷ്ട്ര വ്യാപാരത്തിലും വാണിജ്യത്തിലും ഇതു കേരളത്തെ പ്രധാന ശക്തിയാക്കും.

3. ഇതിനുപുറമെ, കയറ്റുമതി-ഇറക്കുമതി സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ ആരംഭിക്കും.

4. ഉത്തര കേരളത്തിന്റെ ആവശ്യം മുന്‍നിര്‍ത്തി അഴീക്കല്‍ തുറമുഖം വികസിപ്പിക്കും. വലിയതോതില്‍ ചരക്ക് കൈകാര്യം ചെയ്യാന്‍ തുറമുഖത്തെ സജ്ജമാക്കും.

5. കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കും. പാലക്കാട് മെഗാ ഫുഡ് പാര്‍ക്കിലെ ഭൂമി കാര്‍ഷികോല്‍പന്നങ്ങളുടെ മൂല്യവര്‍ധനവിനു വേണ്ടി വ്യവസായികള്‍ക്ക് പാട്ടത്തിന് നല്‍കും.

6. മൂല്യവര്‍ധനവിന് ഊന്നല്‍ നല്‍കി ഉത്തരകേരളത്തില്‍ നാളികേര പാര്‍ക്ക് സ്ഥാപിക്കും.

7. കേരളത്തെ മികച്ച വ്യവസായ കേന്ദ്രമാക്കുന്നതിനുള്ള നടപടികള്‍ക്ക് ഉപദേശകസമിതി രൂപീകരിക്കും. വ്യവസായ നിക്ഷേപകര്‍, നയരൂപീകരണ വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി. ‘ചീഫ് മിനിസ്റ്റേഴ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി കമ്മിറ്റി’ എന്നായിരിക്കും ഇതിന്റെ പേര്.

8. വ്യവസായ മുതല്‍ മുടക്കിന് ‘സ്റ്റാര്‍ റേറ്റിങ്’ സമ്പ്രദായം ഏര്‍പ്പെടുത്തും. മുതല്‍മുടക്ക്, അതിന്റെ ഭാഗമായി ഉണ്ടാവുന്ന തൊഴില്‍ എന്നിവ കണക്കിലെടുത്ത് ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നീ സ്ഥാനങ്ങള്‍ നല്‍കും. സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളും ഇളവുകളും ഈ റാങ്കിങ് കൂടി പരിഗണിച്ചായിരിക്കും.

സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ വ്യവസായ ലോകം തയ്യാറാകണം: ഇപി ജയരാജന്‍

കൊവിഡ് 19 നു ശേഷം വലിയ സാധ്യതകളാണ് വ്യവസായ മേഖലയില്‍ ഉയര്‍ന്നുവരികയെന്നും ഈ അവസരം പ്രയോജനപ്പെടുത്താന്‍ നിക്ഷേപലോകം സജ്ജമാകണമെന്നും വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. വ്യവസായ മേഖലയുടെ പുനരുദ്ധാരണത്തിന് വിപുലമായ പാക്കേജ് തയ്യാറാവുകയാണെന്നും കേരള മാനേജ്മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച വീഡിയോ കോണ്‍ഫറന്‍സില്‍ മന്ത്രി വ്യക്തമാക്കി.

ആരോഗ്യ മേഖലയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവയുടെ ഉല്‍പ്പാദനത്തിന് വലിയ സാധ്യതയാണുള്ളത്. ഒപ്പം കാര്‍ഷികോല്‍പ്പാദനവും ക്ഷീരോല്‍പ്പാദനവും വര്‍ദ്ധിപ്പിക്കുകയും ഈ ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവിന് ആവശ്യമായ സംരംഭങ്ങള്‍ തുടങ്ങുകയും വേണം. നമ്മുടെ പരമ്പരാഗത മേഖലയെ ഉപയോഗപ്പെടുത്തി മാസ്‌ക് ഉള്‍പ്പെടെയുള്ളവയുടെ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കാമെന്നും മന്ത്രി പറഞ്ഞു.

Read Also: പ്രവാസികൾക്ക് മേയ് 7 മുതൽ മടങ്ങിയെത്താമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

നിക്ഷേപത്തിന് ഏറെ അനുകൂലമായ അന്തരീക്ഷമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. പൊതുമേഖലയെ ഉന്നതനിലവാരത്തിലേക്ക് ഉയര്‍ത്തുകയും ഒപ്പം സ്വകാര്യ മേഖലയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുന്ന നയമാണ്് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പുതിയ സാഹചര്യങ്ങളും സാധ്യതകളും വ്യക്തമായി മനസ്സിലാക്കി നിക്ഷേപകര്‍ പുതിയ വ്യവസായങ്ങള്‍ക്ക് തുടക്കമിടണം.

അതിഥി തൊഴിലാളികളുടെ മടങ്ങിപ്പോക്ക് കേരളത്തിലെ വ്യവസായ യൂണിറ്റുകള്‍ക്ക് വലിയ തിരിച്ചടിയാണ്. അവര്‍ തിരിച്ചുവരുന്നതു വരെ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ തൊഴില്‍സേനയെ കണ്ടെത്തണം. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും തിരിച്ചുവരുന്ന മലയാളികളുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.