scorecardresearch
Latest News

കോവിഡ് രോഗികൾക്കും വോട്ട് വേണം; സർക്കാരിന് കത്ത്

പോസ്റ്റൽ, പ്രോക്‌സി വോട്ടുകൾ സാധ്യമാകും വിധം നിയമ ഭേദഗതി ആവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്

കോവിഡ് രോഗികൾക്കും വോട്ട് വേണം; സർക്കാരിന് കത്ത്

തിരുവനന്തപുരം: കോവിഡ് രോഗബാധിതർക്കും നിരീക്ഷണത്തിലുള്ളവർക്കും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം വേണമെന്ന് ആവശ്യം. തദ്ദേശ തിരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും വോട്ട് ചെയ്യാൻ അവസരം വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സർക്കാരിന് കത്ത് നൽകി. പോസ്റ്റൽ, പ്രോക്‌സി വോട്ടുകൾ സാധ്യമാകും വിധം നിയമ ഭേദഗതി ആവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്. ഇങ്ങനെയൊരു മാറ്റം കൊണ്ടുവരണമെങ്കിൽ പഞ്ചായത്തിരാജ് നിയമഭേദഗതി ആവശ്യമാണ്. ഇക്കാര്യം സർക്കാർ പരിഗണിക്കാനാണ് സാധ്യത.

Read Also: കോവിഡ് രോഗികളുടെ ഫോൺവിളി വിവരങ്ങൾ ശേഖരിക്കുന്നില്ലെന്ന് സർക്കാർ

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിക്കുന്നത്. ഒക്‌ടോബർ അവസാന വാരമോ നവംബർ ആദ്യ വാരമോ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്‌കരൻ നേരത്തെ പറഞ്ഞിരുന്നു. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടത്തും. ഏഴ് ജില്ലകൾ വീതം ഓരാേ ഘട്ടത്തിലും. വോട്ടിങ് സമയം ഓരോ മണിക്കൂർ നീട്ടും. രാവിലെ ഏഴ് മുതൽ വെെകീട്ട് ആറ് വരെയായിരിക്കും വോട്ടെടുപ്പ്. പുതുക്കിയ വോട്ടർ പട്ടിക ഓഗസ്റ്റ് രണ്ടാം വാരം പ്രസിദ്ധീകരിക്കും.

Read Also: പ്രണബ് മുഖര്‍ജിയുടെ നില അതീവ ഗുരുതരം; ശ്വാസകോശത്തില്‍ അണുബാധ

കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 14 ലക്ഷത്തോളം പുതിയ വോട്ടർമാർ ഇത്തവണയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. 2015 ൽ 2.51 കോടി വോട്ടർമാരാണ് ആകെയുണ്ടായിരുന്നത്. വോട്ടർമാരുടെ എണ്ണത്തിനു ആനുപാതികമായി പോളിങ് ബൂത്തകൾ ക്രമീകരിക്കും. പോളിങ് ബൂത്തുകളിൽ തിരക്ക് വർധിച്ചാൽ അത് കോവിഡ് പ്രതിരോധത്തിനു തിരിച്ചടിയാകുമെന്നതിനാൽ അതീവ ജാഗ്രതയോടെയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. സ്ഥാനാർഥികൾക്ക് പ്രചാരണത്തിനു വീടുകളിൽ കയറിയിറങ്ങാൻ അടക്കം നിയന്ത്രണങ്ങളുണ്ടാകും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Covid 19 kerala election voting election commission