കോവിഡ്-19 പ്രതിരോധം: കേരളം ലോകത്തെ അത്ഭുതപ്പെടുത്തിയെന്ന് നോം ചോംസ്‌കി

ഈ പോരാട്ടത്തില്‍ ഏറ്റവും ശരിയായ ചുവടുവയ്പ് നടത്തിയ കേരളത്തിന് അഭിമാനിക്കാന്‍ എല്ലാ വകയുമുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ലോക്ഡൗണ്‍ നടപ്പാക്കിയ രീതി സംശയാസ്പദമാണ്: അമര്‍ത്യ സെന്‍

covid-19, kerala dialogude, kerala model, noam chomsky, amartya sen, saumy swaminathan, iemalayalm

തിരുവനന്തപുരം: കോവിഡ് 19 മഹാമാരിയോട് കേരളം പ്രതികരിച്ച രീതി ലോകത്തെയാകെ അത്ഭുതപ്പെടുത്തുന്നതാണെന്ന് പ്രസിദ്ധ തത്വചിന്തകനും സാമൂഹ്യ വിമര്‍ശകനുമായ നോം ചോംസ്‌കി.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പുതിയ ആശയങ്ങള്‍ ആരായാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കേരള ഡയലോഗ് എന്ന തുടര്‍ സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചോംസ്‌കി.

”കേരളത്തെപ്പോലെ വളരെ കുറച്ച് സ്ഥലങ്ങളേ ഈ രീതിയില്‍ കോവിഡിനെ നേരിട്ടിട്ടുള്ളൂ. യുഎസ്സിന്റെ ആക്രമണത്തില്‍ ശിഥിലമായ വിയറ്റ്‌നാമും മികച്ച രീതിയില്‍ ഈ മഹാമാരിയെ നേരിട്ടു. വിയറ്റ്‌നാമില്‍ ഒരു മരണം പോലും ഉണ്ടായിട്ടില്ല. ഓര്‍ക്കേണ്ടത് ചൈനയുമായി 1400 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് വിയറ്റ്‌നാം എന്നതാണ്,” അദ്ദേഹം പറഞ്ഞു.

ഉത്തര കൊറിയയും സമര്‍ത്ഥമായാണ് മഹാമാരിയെ നിയന്ത്രിച്ച് നിര്‍ത്തിയത്. അവിടെ ലോക്ക്‌ ഡൗണ്‍ പോലും വേണ്ടിവന്നില്ല. തായ് വാനും ഈ രോഗത്തെ പിടിച്ചുകെട്ടി. ഹോങ്കോങ്ങിലും നാം അത് കണ്ടു. ന്യൂസിലാന്‍ഡ് ആകട്ടെ ഈ രോഗത്തെ തുടച്ചുനീക്കി. എന്നാല്‍ അമേരിക്കയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ മരിച്ചു. മരണസംഖ്യ ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു.

യൂറോപ്യന്‍ യൂണിയനെയെടുത്താല്‍ ജര്‍മനിയാണ് ഒരുവിധം നല്ല രീതിയില്‍ ഈ രോഗത്തെ പ്രതിരോധിച്ചത്. അമേരിക്കയിലെപ്പോലെ വാണിജ്യാടിസ്ഥാനത്തിലുള്ള ആശുപത്രി സംവിധാനം ജര്‍മനി സ്വീകരിച്ചില്ല എന്നതാണ് അവര്‍ക്ക് രക്ഷയായത്. അമേരിക്കയില്‍ ആശുപത്രികളെന്നാല്‍ വെറും കച്ചവടമാണ്. കച്ചവടമാകുമ്പോള്‍ കരുതലായി കൂടുതല്‍ ബെഡ്ഡുകള്‍ ഉണ്ടാവില്ല. കാരണം ഒരു ബെഡ്ഡിനു പോലും അധികമായി കാശ് കളയാന്‍ കച്ചവടക്കാര്‍ തയാറാവില്ല. ഈ സാഹചര്യത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ അതൊരു ദുരന്തമാകും.

ജര്‍മനി നവഉദാരീകരണം തന്നെയാണ് സ്വീകരിച്ചത്. പക്ഷേ അവര്‍ അമേരിക്കയെ പോലെ തീവ്രഉദാരീകരണത്തിലേക്കോ ലിബറല്‍ ഭ്രാന്തിലേക്കോ പോയിട്ടില്ല. അതുകൊണ്ട് അവരുടെ നില അത്ര ഗുരുതരമായില്ല. ഈ മഹാമാരി വലിയ മനുഷ്യക്കെടുതി ഉണ്ടാക്കിയ രാജ്യമാണ് ഇറ്റലി. എന്നാല്‍, ജര്‍മന്‍ ഡോക്ടര്‍മാര്‍ അവരെ സഹായിക്കാന്‍ പോകുന്നത് നമ്മളാരും കണ്ടില്ല. ഇറ്റലിയും യൂറോപ്യന്‍ യൂണിയനിലെ അംഗമാണ്.

നമ്മളെന്താണ് കണ്ടത്? ആറ് പതിറ്റാണ്ടിലേറെയായി അമേരിക്കയുടെ സാമ്പത്തിക ആക്രമണത്തിന് ഇരയാകുന്ന പാവം ക്യൂബയിലെ ഡോക്ടര്‍മാരാണ് ഇറ്റലിയിലേക്ക് പോയത്. ഇറ്റലിയില്‍ മാത്രമല്ല, ക്യൂബയിലെ ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ മറ്റു രാജ്യങ്ങളിലേക്കെല്ലാം പോയി. ഇതുകണ്ടപ്പോള്‍ നമ്മുടെ ‘ലിബറല്‍ മാധ്യമങ്ങള്‍’ എന്താണ് പറഞ്ഞത്? ‘ഏകാധിപത്യ ക്യൂബ അവരുടെ ഡോക്ടര്‍മാരെ മറ്റു രാജ്യങ്ങളിലേക്ക് നിര്‍ബന്ധിച്ച് തള്ളിവിടുന്നു.’ ഇതാണ് നമ്മുടെ ലിബറല്‍ മാധ്യമങ്ങൾ.

Read Also: സിഐഎസ്എഫുകാരുൾപ്പടെ കേരളത്തിൽ ഇന്ന് 150 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ലോകത്തിലെ അസാധാരണമായ അസമത്വം കൂടുതല്‍ തെളിച്ചത്തോടെ കാണിക്കാന്‍ കോവിഡ് മഹാമാരിക്ക് കഴിഞ്ഞു. അമേരിക്കയില്‍ അത് ഏറ്റവുമധികം പ്രകടമായി. അമേരിക്കയുടെ വംശീയ സ്വഭാവം ഒന്നുകൂടി തുറന്നു കാണിക്കപ്പെട്ടു. 40 വര്‍ഷത്തെ ഉദാരീകരണം കഴിഞ്ഞപ്പോള്‍ 0.1 ശതമാനം ആളുകള്‍ 20 ശതമാനം സമ്പത്ത് കയ്യടക്കിവച്ചിരിക്കുന്നു. കറുത്തവരും സ്‌പെയിനില്‍ നിന്നും തെക്കേ അമേരിക്കയില്‍ നിന്നും വന്നവരുടെ പിന്‍മുറക്കാരുമാണ് അമേരിക്കയില്‍ ഏറ്റവുമധികം ദുരിതം ഈ വേളയില്‍ അനുഭവിച്ചത്. ഒരു തരത്തില്‍ ഡൊണാള്‍ഡ് ട്രംപ് പാവപ്പെട്ട കറുത്തവര്‍ഗക്കാരെ കൊല്ലുകയാണ്.

കോവിഡ് മഹാമാരി അവസാനിക്കുമ്പോള്‍ ലോകത്ത് അടിസ്ഥാനപരമായ മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് നിലവിലുള്ള അവസ്ഥ തുടരാനും കൂടുതല്‍ സ്വേച്ഛാധിപത്യത്തിലേക്കും നിയന്ത്രണങ്ങളിലേക്കും ജനങ്ങളെ നിരീക്ഷിക്കുന്ന രീതിയിലേക്കും പോകാനുമാണ് അമേരിക്കയെ പോലുള്ള രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്ന് ചോംസ്‌കി പറഞ്ഞു. എന്നാല്‍, ഇതിനെ പ്രതിരോധിക്കാനുള്ള പ്രസ്ഥാനങ്ങള്‍ ലോകമെങ്ങും ഉയര്‍ന്നുവരുന്നുണ്ട്. ഇത് ഏകോപിപ്പിച്ചാല്‍ വലിയൊരു ശക്തിയാകും. അവര്‍ക്ക് മാറ്റങ്ങള്‍ വരുത്താനാകും. പ്രോഗ്രസീവ് ഇന്റര്‍നാഷണല്‍ എന്നൊരു പ്രസ്ഥാനം തന്നെ ഇപ്പോള്‍ ഉദയം ചെയ്തിട്ടുണ്ട്. ഇവരെല്ലാം പുതിയൊരു ലോകം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.

ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ അടിച്ചേല്‍പ്പിച്ചു: അമര്‍ത്യസെന്‍

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം വളര്‍ത്തിയെടുത്ത ശക്തമായ സംവിധാനവും മെച്ചപ്പെട്ട പൊതുജനാരോഗ്യ ശൃംഖലയുമാണ് കോവിഡ് മഹാമാരിയെ വിജയകരമായി പ്രതിരോധിക്കാന്‍ കേരളത്തെ സഹായിക്കുന്നതെന്ന് നൊബേല്‍ സമ്മാന ജേതാവും പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യസെന്‍ പറഞ്ഞു.

ഈ പോരാട്ടത്തില്‍ ഏറ്റവും ശരിയായ ചുവടുവയ്പ് നടത്തിയ കേരളത്തിന് അഭിമാനിക്കാന്‍ എല്ലാ വകയുമുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ലോക്ഡൗണ്‍ നടപ്പാക്കിയ രീതി സംശയാസ്പദമാണ്. ലോക്ഡൗണ്‍ ആയാലും അല്ലെങ്കിലും പൊതുസമൂഹവുമായി ഭരണാധികാരികള്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുമായും യൂണിയനുകളുമായും ആശയവിനിമയം നടത്തേണ്ടിയിരുന്നു. അതുണ്ടായില്ല, പകരം ഏകപക്ഷീയമായി ലോക്ഡൗണ്‍ അടിച്ചേല്‍പ്പിച്ചു. ജനങ്ങള്‍ വീട്ടിലേക്ക് മടങ്ങുന്നത് പെട്ടെന്ന് അവസാനിപ്പിച്ചു. പിന്നീട് അവര്‍ക്ക് ജീവിക്കാന്‍ വരുമാനമൊന്നും ഉണ്ടായില്ല. അന്നന്നത്തെ വരുമാനം കൊണ്ട് ജീവിക്കുന്നവര്‍ക്ക് ഇതൊരു ദുരന്തമായി മാറി.

Read Also: മീറ്റിങ് ഉണ്ട്; മൂന്നാം തവണയും വിവാഹം മാറ്റിവച്ച് ഡെന്മാർക്ക് പ്രധാനമന്ത്രി

1957ലെ തിരഞ്ഞെടുപ്പിനു ശേഷമാണ് കേരളത്തില്‍ വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും പൊതു ഇടപെടല്‍ ഉണ്ടായത്. അക്കാലത്ത് ഒരു വാദപ്രതിവാദം നടന്നത് ഓര്‍ക്കുന്നു. ദരിദ്രമായ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണ് കേരളമെന്നും എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ചിലവഴിക്കാന്‍ കേരളത്തിന് ശേഷിയില്ലെന്നുമായിരുന്നു ഒരു വാദം. മാത്രമല്ല, കേരളത്തില്‍ തൊഴിലാളികളുടെ കൂലിയും കുറവായിരുന്നു. അതുകൊണ്ട് കേരളം ചെയ്യുന്നത്, ധനപരമായ പിശകാണെന്ന് വാദമുയര്‍ത്തി. എന്നാല്‍ അതെല്ലാം തെറ്റാണെന്ന് കാലം തെളിയിച്ചു. നിങ്ങള്‍ എങ്ങനെയാണ് പണം വകയിരുത്തുന്നത് എന്നതാണ് പ്രധാനം. ക്രമേണ കേരളം രാജ്യത്ത് ഏറ്റവും അധികം ആളോഹരി ചെലവഴിക്കുന്ന സംസ്ഥാനമായി കേരളം ഉയര്‍ന്നു. ആളോഹരി വരുമാനവും അതിന് അടുത്തേക്ക് വര്‍ദ്ധിച്ചു.

ജനകീയ പങ്കാളിത്തത്തോടെയുള്ള ആസൂത്രണമാണ് കേരളത്തിന്റെ കരുത്ത്: മുഖ്യമന്ത്രി

കോവിഡ്-19 നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചുമുള്ള പുനര്‍വിചിന്തനത്തിന് വഴിതെളിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പുതിയ ലോകത്തിനനുസരിച്ച് നാം മാറേണ്ടതുണ്ട്. നമ്മുടെ മുന്‍ഗണനകളും സമൂഹത്തെ സംഘടിപ്പിക്കുന്ന രീതിപോലും മാറണം. നമുക്കുള്ള പൊതുവായ ചില അറിവുകള്‍ ഉപയോഗശൂന്യമായേക്കാം. പുതിയ ചിലതുമായി പൊരുത്തപ്പെടാന്‍ കൂടുതല്‍ അറിവുകള്‍ വേണ്ടിവന്നേക്കാം. ഇത് സര്‍ക്കാര്‍ മാത്രം ചെയ്യേണ്ടതല്ല. സമൂഹത്തിലാകെ വിപുലമായ സംവാദങ്ങള്‍ വേണ്ടതുണ്ട്.

Read Also: ചൈനയെ നേരിടാന്‍ ഇന്ത്യയ്ക്ക് യുഎസിനെയും യൂറോപ്പിനെയും എത്രമാത്രം ആശ്രയിക്കാനാകും?

നമുക്കു മുന്നിലുള്ള വലിയ ചോദ്യം അഭിമുഖീകരിക്കാന്‍ കേരളം സന്നദ്ധമാകുന്നതിന്റെ തുടക്കമാണ് ‘കേരളാ ഡയലോഗ്’ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനകീയ പങ്കാളിത്തത്തോടെയുള്ള ആസൂത്രണമാണ് കേരളത്തിന്റെ കരുത്ത്. അധികാരവികേന്ദ്രീകരണത്തില്‍ നാം ഏറെ മുന്നേറി. അതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് കോവിഡിനെതിരായ പോരാട്ടത്തില്‍ ഗണ്യമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞത്. സാമൂഹികവും സാമ്പത്തികവുമായ അസമത്വം കോവിഡ് മഹാമാരിയുടെ പശ്ചാതലത്തില്‍ കൂടുതല്‍ വഷളാവുകയാണ്. പാര്‍ശ്വവല്‍കൃതരും ദരിദ്രരുമായ ജനങ്ങളെയാകെ ഇത് ബാധിക്കുന്നു. ജനങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ തിരിക്കേണ്ടതുണ്ട്. പുതിയ കേരളത്തിനു വേണ്ടിയുള്ള പരിശ്രമങ്ങളില്‍ മുതല്‍ക്കൂട്ടാവുന്നതാണ് ലോകപ്രശ്‌സതരായ പണ്ഡിതര്‍ പങ്കെടുക്കുന്ന കേരള ഡയലോഗെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളം പ്രശ്‌നസാധ്യത മുന്‍കൂട്ടി കണ്ടു: സൗമ്യ സ്വാമിനാഥന്‍

ലോകാരോഗ്യ സംഘടന നല്‍കിയ മുന്നറിയിപ്പനുസരിച്ച് വളരെ നേരത്തേ തന്നെ തയ്യാറെടുപ്പുകള്‍ നടത്തിയ പ്രദേശങ്ങളില്‍ പൊതുവേ കോവിഡ്-19 മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ സാധിച്ചുവെന്ന്‌ ലോകാരോഗ്യസംഘടനയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ സൗമ്യ സ്വാമിനാഥന്‍ സംവാദത്തില്‍ പറഞ്ഞു.

ജനുവരി 30-നാണ് ലോകാരോഗ്യ സംഘടന ആഗോളതലത്തില്‍ കോവിഡ്-19 പ്രതിരോധത്തിനായി അടിയന്തര മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ പ്രശ്‌ന സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് കേരളം ജനുവരി ആദ്യം തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അതുകൊണ്ടാണ് വുഹാനില്‍ നിന്നു വന്ന ആദ്യത്തെ കേസുകള്‍ കണ്ടെത്താനായത്. അതിനെത്തുടര്‍ന്ന് സമ്പര്‍ക്കമുള്ളവരെ കണ്ടെത്താനും ക്വാറന്റൈന്‍ ചെയ്യാനും കോവിഡിനെ മെച്ചപ്പെട്ട രീതിയില്‍ തടയിടാനും കേരളത്തിനു സാധിച്ചു.

പ്രതിരോധത്തിനാവശ്യമായ മുന്നൊരുക്കങ്ങളും പ്രവര്‍ത്തനങ്ങളും വളരെ വേഗത്തില്‍ ചെയ്യാന്‍ കേരളത്തിനായതിനാലാണ് രോഗബാധയെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചത്.

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എന്‍. റാം, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍, എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് ആമുഖം അവതരിപ്പിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 kerala dialogue noam chomsky amartya sen on kerala

Next Story
രഹ്ന ഫാത്തിമ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽrahna fathima, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com