തിരുവനന്തപുരം: കേരളത്തില്‍ കോവിഡ്-19 ബാധിച്ചവരില്‍ 63 ശതമാനം പേര്‍ക്കും രോഗം ഭേദമായി. ഇതുവരെ സംസ്ഥാനത്ത് 394 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 247 പേര്‍ക്ക് രോഗം ഭേദമായി. മൊത്തം രോഗബാധിതരിലെ 62.69 ശതമാനം പേര്‍ വരുമിത്. ഇപ്പോള്‍ 147 പേരാണ് ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗ ബാധിതരുടെ എണ്ണം ഒറ്റയക്കത്തിലാണ് കൂടുന്നത്. അതേസമയം, രോഗം ഭേദമാകുന്നവരുടെ എണ്ണം പുതിയ രോഗികളുടെ എണ്ണത്തേക്കാള്‍ വളരെ കൂടുതലുമാണ്.
Read Also: കുഞ്ഞുങ്ങളുടെ വാക്‌സിനേഷന്‍ അടുത്താഴ്ച മുതല്‍ പുനരാരംഭിക്കും
ഇന്നലെ കേരളത്തില്‍ ഏഴ് പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ 4, കോഴിക്കോട് 2, കാസര്‍ഗോഡ് 1 എന്നിങ്ങനെയായിരുന്നു പുതിയ രോഗികളുടെ കണക്ക്. അതേസമയം, 27 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള ജില്ലയായ കാസര്‍ഗോഡ് 24 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ എറണാകുളം, മലപ്പുറം, കണ്ണൂര്‍ ഒന്നു വീതം രോഗികളാണ് സൗഖ്യം പ്രാപിച്ചത്.
വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ ഏതാണ്ട് മൂന്നിരട്ടിയാണ് രോഗമുക്തി നേടിയവരുടെ എണ്ണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. അത് നമ്മുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഗുണഫലം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം നെടുമ്പാശേരി വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലിരിക്കെ കോവിഡ് ബാധിച്ച രണ്ടുപേര്‍ ഇന്ന് രോഗവിമുക്തരായ കൂട്ടത്തിലുണ്ടെന്ന കാര്യവും എടുത്തുപറയേണ്ടതാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Also: കോവിഡ്-19: ഇന്ത്യയിൽ രോഗികളുടെ എണ്ണം 13,000 കടന്നു, 437 മരണം
ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ പ്രത്യേക വിമാനം ഇന്നലെ കൊച്ചിയില്‍നിന്നും തിരുവനന്തപുരത്തും നിന്നുമായി 268 യാത്രക്കാരെ ബ്രിട്ടണിലേക്ക് കൊണ്ടുപോയി. ഈ കൂട്ടത്തില്‍ സംസ്ഥാനത്തുവച്ച് കോവിഡ് രോഗം ഭേദപ്പെട്ട ഏഴ് വിദേശ പൗരന്മാരുമുണ്ട്. നമ്മുടെ സംസ്ഥാനം കോവിഡിനെ പ്രതിരോധിക്കുന്നതിന് ഉണ്ടാക്കിയ നേട്ടത്തിന്റെ സൂചനയാണിതെന്നും അവര്‍ കേരളത്തിന് പ്രത്യേക കൃതജ്ഞത അറിയിച്ചിട്ടാണ് വിമാനം കയറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.