കാസര്‍ഗോഡ്: കോവിഡ്-19 രോഗ ഹോട്ട്‌സ്‌പോട്ടായ കാസര്‍ഗോഡ് ജില്ലയില്‍ അതിജാഗ്രത തുടരുമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ അല്‍കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ച്ച സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കിയതിന്റെ ഫലമായി ജില്ലയില്‍ കോവിഡ്-19 രോഗബാധിതരുടെ എണ്ണം കുറച്ചു കൊണ്ടുവരാന്‍ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കര്‍ശനമായ ജാഗ്രത ഇനിയും തുടരണമെന്നും നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ കോവിഡിനെ അതിജീവിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണവൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് കാസര്‍ഗോഡ്.

കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതും ഹോസ്പിറ്റല്‍ ക്വാറന്റൈനിലുണ്ടായിരുന്ന രോഗികള്‍ രോഗം മാറി ആശുപത്രി വിട്ടതും റൂം ക്വാററ്റൈനിലുള്ളവര്‍ പുറത്തിറങ്ങുന്നത് കര്‍ശനമായി തടഞ്ഞ് ലോക് ഡൗണും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും കര്‍ശനമായി നടപ്പാക്കിയതിന്റെയും പ്രാഥമിക വിജയമാണ്. കൊവിഡ്-19 സ്ഥിരീകരിച്ച രോഗികളുടേയും അവരുടെ സമ്പര്‍ക്ക പട്ടികയിലുള്‍പ്പെട്ടവരുടേയും സാമ്പിള്‍ ശേഖരണത്തിലും ക്വാറന്റെന്‍ ചെയ്യുന്നതിലും സാധിച്ചതിനാല്‍ സമൂഹ വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ട്. ചുമ, പനി തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരുടെ സര്‍വ്വേ നടത്തി ആവശ്യമായവരുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനനടത്തേണ്ടതുണ്ട്. വിദേശത്ത് നിന്നു വന്നവരിലും ഏറ്റവും അടുത്ത് സമ്പര്‍ക്ക പുലര്‍ത്തിയവരിലും മാത്രമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കൃത്യമായ റൂട്ട് മാപ്പും ട്രാവല്‍ ഹിസ്റ്ററിയും തയ്യാറാക്കാന്‍ സാധിച്ചതിനാല്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചു.

Read Also: ലോക്ക്ഡൗണ്‍: മേയ് മൂന്ന് വരെ വിമാന, ട്രെയിൻ സർവീസുകളില്ല

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം നാലു ദിവസം കൊണ്ടാണ് മെഡിക്കല്‍ കോളേജിനെ അതിനൂതന കോവിഡ് ചികിത്സാ കേന്ദ്രമായി യുദ്ധകാലാടിസ്ഥാനത്തില്‍ പരിവര്‍ത്തിപ്പിച്ചത്. കോവിഡ് രോഗബാധിതര്‍ക്ക് വേണ്ടി ആദ്യ ഘട്ടത്തില്‍ ഇരുന്നൂറോളം കിടക്കകളും പത്ത് ഐസിയു കിടക്കകളുമാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്. പിന്നീട് 100 കിടക്കകളും പത്ത് ഐസിയു കിടക്കകളും കൂടി സജ്ജമാക്കും. മെഡിക്കല്‍ കോളേജിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കാണ് കോവിഡ് ആശുപത്രിയാക്കി മാറ്റിയത്.

വൈറസ് ബാധയെ തുടര്‍ന്ന് രോഗികളെ കിടത്തി ചികിത്സിക്കാന്‍ ജില്ലയില്‍ വ്യാപകമായി ബെഡുകള്‍ തയ്യാറാക്കി. പ്ലാന്‍ എയില്‍ ഉള്‍പ്പെടുത്തി മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവടങ്ങളില്‍ 709 ബെഡും 24 ഐസിയു ബെഡും തയ്യാറാക്കി. പ്ലാന്‍ ബിയില്‍ തൃക്കരിപ്പൂര്‍, പുടംകല്ല് താലൂക്ക് ആശുപത്രികള്‍, പെരിയ, ബദിയഡുക്ക സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ 101 ബെഡ് തയ്യാറാക്കി. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍, സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിയുള്‍പ്പെടുന്ന പ്ലാന്‍ സിയില്‍ 936 ബെഡുകളും 10 ഐസിയുകളും സജ്ജീകരിച്ചു. ഇത് കൂടാതെ ഐസൊലേഷന് വേണ്ടി ഏഴ് കോവിഡ് കെയര്‍ സെന്ററുകളിലായി 345 ബെഡുകള്‍ തയ്യാറാക്കി. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായി നിശ്ചയിച്ച 11 സ്ഥാപനങ്ങളില്‍ 404 ബെഡുകളാണ് സജ്ജീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

Read Also: ലാത്തിയടിയും ഡ്രോണും മാത്രമല്ല; വിഷുക്കണിയും കൈനീട്ടവുമുണ്ട് പൊലീസിന്റെ കൈയില്‍

അതേസമയം, ജില്ലാ ഭരണകൂടം കെയര്‍ ഫോര്‍ കാസര്‍ഗോഡെന്ന കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രൂപം നല്‍കി ഫലപ്രദമായി സ്വീകരിക്കുന്ന നടപടിക്രമങ്ങളും പ്രവര്‍ത്തനങ്ങളും വിശദമാക്കുന്ന കര്‍മപദ്ധതിരേഖ യാണ് കെയര്‍ഫോര്‍ കാസറഗോഡ്. ജില്ലാ ഭരണകൂടത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പും പോലീസും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഒരു കുടക്കീഴിലാണ് ഇത് നടപ്പിലാക്കുന്നത്. ആരോഗ്യവകുപ്പ്,പോലീസ് ,റവന്യൂ വകുപ്പ്, പഞ്ചായത്ത് വകുപ്പ് തുടങ്ങിയ വിവിധങ്ങളായ വകുപ്പുകള്‍ ഇതിന്റെ ഭാഗമായി. ലോക്ഡൗണ്‍ മുതല്‍ ജില്ലയില്‍ നടപ്പാക്കിയ നടപടിക്രമങ്ങള്‍,കോവിഡ് നിയന്ത്രണത്തിനുള്ള നിര്‍ദേശങ്ങള്‍ ,കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം, ഇതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍,സാമ്പിള്‍ ശേഖരം മുതലുള്ള നടപടിക്രമങ്ങള്‍,ജില്ലയിലെ ആശുപത്രികളില്‍ ലഭ്യമാക്കുന്ന സൗകര്യങ്ങളെകുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയ സമഗ്ര വിവരങ്ങള്‍ അടങ്ങിയതാണ് കെയര്‍ ഫോര്‍ കാസര്‍കോട് കര്‍മ്മപദ്ധതി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.