സംസ്ഥാനത്ത് കോവിഡ് രോഗ വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. അതിർത്തികളിൽ പരിശോധന ശക്തമാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും കൂടുതല്‍ ആളുകള്‍ കേരളത്തിലേക്കാണ് വരാനുള്ളതെന്ന് കണ്ട് വലിയ മുന്നൊരുക്കങ്ങളാണ് തുടക്കം മുതല്‍ നമ്മള്‍ നടത്തിയത്. അതിന്റെ ഫലം കണ്ടു എന്ന് തന്നെയാണ് കരുതുന്നത്. എന്നാല്‍ നമ്മള്‍ പ്രതീക്ഷിച്ചതിനപ്പുറത്തേക്ക് ലോക്ക്ഡൗണ്‍ പിന്‍വലിച്ചപ്പോള്‍ ആളുകള്‍ കൂടിച്ചേരുന്ന സ്ഥിതിയുണ്ടായി.

Also Read: നട്ടെല്ലിലെ ക്ഷതം കോവിഡ് രോഗികളിലെ മരണസാധ്യത ഇരട്ടിയാക്കുന്നതായി പഠനം

കേരളത്തിലിപ്പോൾ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ നവംബറിൽ രോഗവ്യാപനം കുറഞ്ഞേക്കുമെന്നും ആരോഗ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു. കൊവിഡ് മരണനിരക്ക് കുറക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം. രോഗികളുടെ എണ്ണം കൂടിയിട്ടും മരണനിരക്ക് കുറക്കാൻ കഴിഞ്ഞു. 0.4% മാത്രമാണ് കേരളത്തിലെ ഇപ്പോഴത്തെ മരണ നിരക്കെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് മെഡി.കോളേജ് നടത്തിയത് പോലെ കൊവിഡ് വൈറസിന്റെ ജനതിക പഠനം മധ്യകേരളത്തിലും തെക്കൻ കേരളത്തിലും നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Also Read: കോവിഡ്‌ പ്രതിരോധത്തില്‍ ഇൻഫ്ലുവൻസ വാക്സിനുള്ള പങ്ക്

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാനിടയാക്കിയത് നിര്‍ദേശങ്ങള്‍ പാലിക്കാത്തത് കൊണ്ടാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. 80 ശതമാനം ആളുകള്‍ നിര്‍ദേശങ്ങള്‍ പാലിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ സമരങ്ങളടക്കം ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികള്‍ നടന്നു. സമരങ്ങളില്‍ മുദ്രാവാക്യം വിളിക്കുമ്പോൾ ഉമനീര്‍ തെറിക്കും. ഇത് കോവിഡ് വ്യാപനത്തിന് കാരണമായെന്നും മന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.