scorecardresearch
Latest News

മഹാരാഷ്ട്രയില്‍ പ്രതിദിന കേസുകള്‍ മാര്‍ച്ച് 31 ന് ശേഷം ആദ്യമായി 40,000 ത്തില്‍ താഴെ രേഖപ്പെടുത്തി

കോവിഡ് പ്രതിസന്ധിയെക്കുറിച്ച് ചർച്ചചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം നടത്തണമെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. ഇക്കാര്യം ആവശ്യപ്പെട്ട് ചൗധരി രാഷ്ട്രപതി രാം നാഥ് കോവിന്ദിനു കത്തെഴുതി.

മഹാരാഷ്ട്രയില്‍ പ്രതിദിന കേസുകള്‍ മാര്‍ച്ച് 31 ന് ശേഷം ആദ്യമായി 40,000 ത്തില്‍ താഴെ രേഖപ്പെടുത്തി
ഫയൽ ചിത്രം

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം കുറയുന്നു. മാര്‍ച്ച് 31 ശേഷം ആദ്യമായി പ്രതിദിന കേസുകളുടെ എണ്ണം നാൽപ്പതിനായിരത്തിൽ താഴെ രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,236 പേര്‍ക്കാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തെ ആകെ മരണനിരക്ക് 76,398 ആയി ഉയര്‍ന്നിട്ടുണ്ട്.

കോവിഡ് പ്രതിസന്ധിയെക്കുറിച്ച് ചർച്ചചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം നടത്തണമെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം രാഷ്ട്രപതി രാം നാഥ് കോവിന്ദിനു കത്തെഴുതി.

അതിനിടെ, കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയം സംബന്ധിച്ച് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് കോടതി 13ലേക്ക് മാറ്റി. കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലം പഠിച്ചശേഷം കേസ് വ്യാഴാഴ്ച കോടതി പരിഗണിക്കും. കേന്ദ്രത്തിന്റെ വാക്സിൻ നയത്തിൽ കോടതി ഇടപെടൽ പുനഃപരിശോധിക്കണം എന്നായിരുന്നു സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ പറഞ്ഞത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ചത് 3,66,161 പേര്‍ക്ക്. തുടര്‍ച്ചയായ നാലു ദിവസത്തിനു ശേഷം ആദ്യമായാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം നാലു ലക്ഷത്തില്‍ താഴുന്നത്. മരണസംഖ്യയിലും കുറവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,754 മരണങ്ങളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മരണസംഖ്യ നാലായിരത്തിനു മുകളിലായിരുന്നു.

ടെസ്റ്റുകളുടെ എണ്ണത്തിലെ കുറവായിരിക്കാം പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകാനുള്ള കാരണം. 14.74 ലക്ഷം സാമ്പിളുകള്‍ മാത്രമാണ് ഞായറാഴ്ച ടെസ്റ്റ് ചെയ്തത്. സാധാരണ ഒരു ദിവസം 18-19 ലക്ഷം സാമ്പിളുകള്‍ ടെസ്റ്റ് ചെയ്യാറുണ്ട്.

രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹഹചര്യത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചു. നാളെ രാവിലെ ആറു മുതല്‍ 18 ന് രാവിലെ ആറു വരെയാണു കര്‍ഫ്യു. ഈ ദിവസങ്ങളില്‍ പഴങ്ങള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ 10 വരെ തുറക്കും. എന്നാൽ ഷോപ്പിങ് മാളുകള്‍, മാര്‍ക്കറ്റ് കോംപ്ലക്‌സുകള്‍, ജിമ്മുകള്‍, തിയറ്ററുകള്‍, യോഗ ഹാളുകള്‍, ബാറുകള്‍, മദ്യവില്‍പ്പന ശാലകള്‍ എന്നിവ തുടര്‍ ഉത്തരവുണ്ടാകുന്നതു വരെ അടച്ചിടും.

Also Read: മോദി സര്ക്കാരിന്റെ ക്രൂരതയാണിത്, ലാൽ സലാം സഖാവേ; മഹാവീർ നർവാളിന്റെ മരണത്തിൽ സിപിഎം

സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം മനസിലാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ മുഖ്യമന്ത്രിമാരുമായി ടെലിഫോണില്‍ സംസാരിച്ചു. പഞ്ചാബ്, കര്‍ണാടക, ബിഹാര്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരുമായാണു സംസാരിച്ചത്.

ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്ക് തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഒരാഴ്ച കൂടി ലോക്ക്ഡൗണ്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നീട്ടി. 17 ന് പുലര്‍ച്ചെ അഞ്ചു വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. ഈ കാലയളവില്‍ മെട്രോ സര്‍വീസുകളും നിര്‍ത്തിവയ്ക്കും. ഉത്തര്‍പ്രദേശില്‍ കര്‍ഫ്യൂ 17 വരെ നീട്ടി.

Live Updates
21:38 (IST) 10 May 2021
മഹാരാഷ്ട്രയില്‍ രോഗവ്യാപനം കുറയുന്നു

മഹാരാഷ്ട്രയില്‍ മാര്‍ച്ച് 31 ശേഷം ആദ്യമായി പ്രതിദിന കേസുകള്‍ 40,000ല്‍ കുറവ് രേഖപ്പെടുത്തി.

21:20 (IST) 10 May 2021
കേരള മിനറൽസിൽ കോവിഡ് ആശുപത്രി

കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ കോവിഡ് ആശുപത്രി സജ്ജമാക്കും. കമ്പനിക്കു സമീപത്തെ ചവറ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലും സ്‌കൂൾ ഗ്രൗണ്ടിലു, കമ്പനിക്കു മുൻവശത്തെ ടൈറ്റാനിയം റിക്രിയേഷൻ ക്ലബ് പരിസരത്തുമാണ് ആരോഗ്യ വകുപ്പുമായി ചേർന്ന് കോവിഡ് ആശുപത്രി സജ്ജമാക്കുന്നത്.

കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് (കെ എം എം…

Posted by Pinarayi Vijayan on Monday, 10 May 2021
21:15 (IST) 10 May 2021
പുറത്തേക്കു ഇനി ഓക്സിജൻ കൊടുക്കാൻ കഴിയില്ല; കേന്ദ്രത്തിനു കത്തെഴുതി കേരളം

ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തിന് പുറത്തേക്ക് ഓക്സിജൻ കൊണ്ടുപോവാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കത്തിലൂടെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. മേയ് ആറിനു ചേർന്ന കേന്ദ്ര ഓക്സിജൻ അലോക്കേഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരം 10 വരെ തമിഴ്‌നാടിന് 40 മെട്രിക് ടൺ ഓക്സിജൻ ലഭ്യമാക്കും.

20:52 (IST) 10 May 2021
നിരവധി മൃതദേഹങ്ങൾ ബീഹാറിലെ ഗംഗാ നദിയില്‍ കണ്ടെത്തി

നിരവിധി പേരുടെ അഴുകിയതും മറ്റുമായ മൃതദേഹങ്ങല്‍ ബീഹാറിലെ ഗംഗാ നദിയില്‍ കണ്ടെത്തി. മൃതദേഹം കോവിഡ് ബാധിച്ച് മരിച്ചവരുടേതാണെന്നാണ് സംശയിക്കുന്നത്.

20:42 (IST) 10 May 2021
കോവിഡ് വ്യാപനം: കൂടുതല്‍ രാജ്യങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി യുഎഇ

ശ്രീലങ്ക, പാകിസ്ഥാൻ, നേപ്പാൾ,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാർക്കാണ് യുഎഇ പുതുതായി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

20:25 (IST) 10 May 2021
ഇ-പാസ് അനുവദിച്ചത് 32,641 പേര്‍‍ക്ക്

അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പോലീസിന്‍റെ ഓണ്‍ലൈന്‍ ഇ -പാസിന് അപേക്ഷിച്ചത് 3,10,535 പേര്‍. ഇതില്‍ 32,641 പേര്‍ക്ക് യാത്രാനുമതി നല്‍കി. 2,21,376 പേര്‍ക്ക് അനുമതി നിഷേധിച്ചു. 56,518 അപേക്ഷകള്‍ പരിഗണനയിലാണ്. തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിവരെയുളളയുളള കണക്കാണിത്.

20:07 (IST) 10 May 2021
കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ചെങ്കല്‍ , കുറ്റിച്ചല്‍ , പാറശ്ശാല , പെരുങ്കടവിള ഗ്രാമപഞ്ചായത്തുകളെ പൂര്‍ണമായും കരവാരം ഗ്രാമപഞ്ചായത്തിലെ മുടിയോട്ടുകോണം, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ മേലാംകോട് എന്നി പ്രദേശങ്ങളെയും കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പ്രഖ്യാപിച്ചു.

19:57 (IST) 10 May 2021
കോവിഡ് -19 രോഗികൾക്കു ഭീഷണിയായി ‘കറുത്ത ഫംഗസ്’; എന്താണ് രോഗം, ചികിത്സ എന്ത്?

ചില സംസ്ഥാനങ്ങളിലെ കോവിഡ് -19 രോഗികളില്‍ അപൂര്‍വവും എന്നാല്‍ ഗുരുതരവുമായ ഫംഗസ് അണുബാധ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മ്യൂക്കര്‍മൈക്കോസെസ് എന്നറിയപ്പെടുന്ന ഈ രോഗം ‘ബ്ലാക്ക് ഫംഗസ്’ എന്നും വിളിക്കപ്പെടുന്നു. പലപ്പോഴും ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ രോഗം ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിക്കുന്നു. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിരവധി മ്യൂക്കര്‍മൈക്കോസെസ് കേസുകള്‍ കണ്ടെത്തിയതോടെ കോവിഡ് -19 ദേശീയ ദൗത്യസംഘത്തിലെ വിദഗ്ധര്‍ ഈ രോഗത്തെക്കുറിച്ച് തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ്.

https://malayalam.indianexpress.com/explained/black-fungus-mucormycosis-fungal-infections-in-covid-patients-496528/

19:44 (IST) 10 May 2021
റെയില്‍വെ ജീവനക്കാരില്‍ കോവിഡ് ബാധിതര്‍ ഉയരുന്നു

1952 റെയില്‍വെ ജീവനക്കാര്‍ കോവിഡ് ബാധിച്ച് ഇതിനോടകം മരിച്ചതായി റെയില്‍വെ അധികൃതര്‍. ദിവസേന 1000ത്തില്‍ അധികം തൊഴിലാളികള്‍ക്ക് രോഗം പിടിപെടുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

19:26 (IST) 10 May 2021
കോവിഡ്: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നീട്ടിവച്ചു

കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാചര്യത്തില്‍ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നീട്ടിവച്ചു. ജൂൺ അവസാന വാരം നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പാണ് മാറ്റിവച്ചത്. പുതിയ തീയതിയുടെ കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം വ്യക്തത വരുത്തിയിട്ടില്ല.

19:16 (IST) 10 May 2021
കോവിഡ് ചികിത്സയ്ക്ക് കെഎംഎംഎൽ ആശുപത്രി

കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് (കെ എം എം എൽ) കൊവിഡ് ആശുപത്രി സജ്ജമാക്കുകയാണ്. കമ്പനിക്ക് സമീപത്തെ ചവറ ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിലും, സ്‌കൂളിന്റെ ഗ്രൗണ്ടിലും, കമ്പനിക്ക് മുൻവശത്തെ ടൈറ്റാനിയം റിക്രിയേഷൻ ക്ലബ് പരിസരത്തുമാണ് ആരോഗ്യ വകുപ്പുമായി ചേർന്ന് കൊവിഡ് ആശുപത്രി തയ്യാറാക്കുന്നത്.

19:02 (IST) 10 May 2021
സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50ന് മുകളിലുള്ള 72 പഞ്ചായത്തുകൾ

സംസ്ഥാനത്ത് 72 ഗ്രാമപ്പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലെന്ന് മുഖ്യമന്ത്രി പിണറാി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 300ല്‍ അധികം പഞ്ചായത്തുകളില്‍ 30 ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്. 500 മുതല്‍ 2000 വരെ സജീവ കോവിഡ് കേസുകളുള്ള 57 പഞ്ചായത്തുകൾ സംസ്ഥാനത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

18:39 (IST) 10 May 2021
പൊലീസുകാര്‍ക്ക് സിഎഫ്എല്‍ടിസി സൗകര്യം

കോവിഡ് ബാധിക്കുന്ന പൊലീസുകാര്‍ക്ക് സിഎഫ്എല്‍ടിസി സൗകര്യമൊരുക്കും. തിരുവനന്തപുരത്തും കൊച്ചിയിലുമായാണ് ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക സൗകര്യം ഒരുക്കുന്നത്. വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ആരോഗ്യവകുപ്പ് മെഡിക്കല്‍ സഹായം എത്തിക്കും.

18:20 (IST) 10 May 2021
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2779 കേസുകള്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2779 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1385 പേരാണ്. 729 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9938 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 18 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

17:56 (IST) 10 May 2021
ആന്ധ്ര പ്രദേശില്‍ 84 കോവിഡ് മരണം

ആന്ധ്ര പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 14,986 പേര്‍ക്ക് കോവിഡ് ബാധിച്ചു. 84 മരണമാണ് കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം 16,000 പേര്‍ മഹാമാരിയില്‍ നിന്ന് രോഗമുക്തി നേടി

17:40 (IST) 10 May 2021
ആശങ്ക അകലുന്നില്ല; 27,487 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂര്‍ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂര്‍ 1838, കോട്ടയം 1713, കാസര്‍ഗോഡ് 919, പത്തനംതിട്ട 450, ഇടുക്കി 422, വയനാട് 328 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

17:27 (IST) 10 May 2021
ഡല്‍ഹിയില്‍ കോവിഡ് വ്യാപനം കുറയുന്നു

കോവിഡ് രണ്ടാം തരംഗം അതിതീവ്രമായി തുടര്‍ന്ന ഡല്‍ഹിയില്‍ രോഗശമനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,651 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് താഴെയാണ്. അതേസമയം 319 പേര്‍ക്ക് മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായി.

17:17 (IST) 10 May 2021
നോഡൽ ഓഫിസർമാരെ നിയമിച്ചു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കോവിഡ് പ്രതിരോധത്തിൽ സഹായിക്കുന്നതിന് സംസ്ഥാനതല വാർ റൂമിന്റെ ഭാഗമായി 11 നോഡൽ ഓഫിസർമാരെ നിയമിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. നിലവിൽ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നോഡൽ ഓഫിസർമാരായി തുടരുന്ന 11 പേരുടെ കാലാവധി കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണു പുതിയ നിയമനം.

17:01 (IST) 10 May 2021
കോവിഡ് ചികിത്സയുടെ നിരക്ക് സഭയുടെ ആശുപത്രികളില്‍ കുറയ്ക്കണം: കെസിബിസി

കത്തോലിക്ക സഭയുടെ ആശുപത്രികളില്‍ കൊവിഡ് ചികിത്സയ്ക്ക് കുറഞ്ഞ നിരക്കേ ഇടാക്കാന്‍ പാടുള്ളു എന്ന നിർദ്ദേശവുമായി കെസിബിസി. സഭാംഗങ്ങളായ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉറപ്പാക്കണമെന്നും കെസിബിസി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

16:45 (IST) 10 May 2021
കോവിഡ് രണ്ടാം തരംഗത്തിന്റെ കാരണം മോദി സര്‍ക്കാരിന്റെ കഴിവില്ലായ്മ: കെസി വേണുഗോപാല്‍

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെ തടയുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. രണ്ടാം തരംഗം ഗുരുതരമായ ഒരു വിപത്തിന് അകലയല്ലെന്നും മോദി സർക്കാരിന്റെ നിസ്സംഗത, അപകർഷതാബോധം, കഴിവില്ലായ്മ എന്നിവയുടെ അനന്തരഫലമാണ് രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു. കേന്ദ്രസർക്കാർ മനപൂർവ്വം വിദഗ്ധരുടെ ഉപദേശങ്ങൾ അവഗണിച്ചത് വിനയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

16:31 (IST) 10 May 2021
പ്രത്യേക പാർലമെന്റ് സമ്മേളനം വേണമെന്ന് ആദിർ രഞ്ജൻ ചൗധരി

കോവിഡ് പ്രതിസന്ധിയെക്കുറിച്ച് ചർച്ചചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം നടത്തണമെന്ന് കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി. ഇക്കാര്യം ആവശ്യപ്പെട്ട് ചൗധരി തിങ്കളാഴ്ച പ്രസിഡന്റ് രാം നാഥ് കോവിന്ദിന് കത്തെഴുതി.

The most important need is to rapidly expand vaccination coverage & ensure that no eligible citizen gets left out. INC stands prepared to work with the Union government in this most important and urgent of tasks: Congress President Smt. Sonia Gandhi at CWC meeting#covid19india pic.twitter.com/beqZb55Rwd— Congress (@INCIndia) May 10, 2021
16:01 (IST) 10 May 2021
ചികിൽസാ നിരക്കിന് കടിഞ്ഞാണിട്ട സർക്കാർ ഉത്തരവ് ഉടൻ നടപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്കിന് കടിഞ്ഞാണിട്ട സർക്കാർ ഉടൻ നടപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സർക്കാർ നിശ്ചയിച്ച നിരക്കുകൾ ന്യായയുക്തമാണന്ന് കോടതി നിരീക്ഷിച്ചു. കഴിഞ്ഞ നാളുകളിൽ വന്ന ബില്ലുകളുമായി അധികൃതരെ സമീപിച്ചാൽ അതിൽ നടപടി ഉണ്ടാവണം എന്ന് കോടതി വ്യക്തമാക്കി.

Read More: കോവിഡ് ചികിൽസാ നിരക്കിന് കടിഞ്ഞാണിട്ട് സർക്കാർ; ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് കോടതി

15:50 (IST) 10 May 2021
സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കുകൾ ക്രമപ്പെടുത്തി

സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്കുള്ള പരമാവധി നിരക്കുകൾ സർക്കാർ നിശ്ചയിച്ചു. സംസ്ഥാനത്ത് കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികൾ അമിത തുക ഈടാക്കുന്നു എന്ന പരാതി ഉയർന്നുവന്നിരുന്നു. ഇതിനു പിറകേയാണ് നിരക്കുകൾ ക്രമപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയത്.

Read More: കോവിഡ് ചികിൽസാ നിരക്കിന് കടിഞ്ഞാണിട്ട് സർക്കാർ; ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് കോടതി

15:44 (IST) 10 May 2021
ഒഡീഷയിൽ 10,031 പേർക്ക് കോവിഡ്

ഒഡീഷയിൽ തിങ്കളാഴ്ച 10,031 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാാധകളുടെ എണ്ണം 5,44,873 ആയി ഉയർന്നു. 17 കോവിഡ് മരണങ്ങളും ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചു.

15:31 (IST) 10 May 2021
ഹിമാചൽ പ്രദേശിൽ 34 കോവിഡ് മരണങ്ങൾ കൂടി

ഹിമാചൽ പ്രദേശിൽ 34 കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണങ്ങൾ 1,906 ആയി ഉയർന്നു. സംസ്ഥാനത്ത്1,340 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗബാധ 1,32,763 ആയി ഉയർന്നു.

14:25 (IST) 10 May 2021
കൂടുതൽ റെംഡെസിവിർ നൽകണം; കേന്ദ്രത്തോട് തമിഴ്നാട്

കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന റെംഡെസിവിർ കൂടുതൽ നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സംസഥാനത്തിന് നൽകിയ റെംഡെസിവിർ വളരെ കുറവായതിൽ ആശങ്ക പങ്കുവെച്ചാണ് മുഖ്യമന്ത്രി കൂടുതൽ മരുന്ന് ആവശ്യപ്പെട്ടത്.

13:40 (IST) 10 May 2021
കോവിഡ് ബാധിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ അച്ഛൻ മരിച്ചു

2011 വേൾഡ് കപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന സ്പിന്നർ പിയുഷ് ചൗളയുടെ അച്ഛൻ പ്രമോദ് കുമാർ കോവിഡ് ബാധിച്ച് മരിച്ചു. ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

13:15 (IST) 10 May 2021
വേഗത്തിൽ 17 കോടി ജനങ്ങൾക്ക് വാക്സിൻ നൽകുന്ന രാജ്യമായി ഇന്ത്യ: കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഏറ്റവും വേഗത്തിൽ 17 കോടി ജനങ്ങളിൽ വാക്സിനേഷൻ പൂർത്തിയാകുന്ന രാജ്യം ഇന്ത്യയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചൈന 119 ദിവസം കൊണ്ടും അമേരിക്ക 115 ദിവസം കൊണ്ടുമാണ് 17 കോടി ജനങ്ങൾക്ക് വാക്സിൻ നൽകിയത്. ഫെബ്രുവരി 2നാണ് ഇന്ത്യയിൽ വാക്സിനേഷൻ ആരംഭിച്ചത്.

12:53 (IST) 10 May 2021
കേരളം വില കൊടുത്ത് വാങ്ങുന്ന ആദ്യ ഡോസ് കോവിഡ് വാക്സിൻ എത്തി

കേരളം വില കൊടുത്ത് വാങ്ങുന്ന ആദ്യ ഡോസ് കോവിഷീൽഡ്‌ വാക്സിൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി. മൂന്ന് ലക്ഷം ഡോസ് വാക്സിനാണ് എത്തിയത്.

12:06 (IST) 10 May 2021
ഏറ്റവും മോശം സാഹചര്യവും നേരിടാൻ കേരളം തയ്യാർ; ഐസക്കിന്റെ ട്വീറ്റ്

കോവിഡിന്റെ ഏറ്റവും മോശം സാഹചര്യം നേരിടാനും കേരളം തയ്യാറായെന്ന് മുൻ മന്ത്രി തോമസ് ഐസക്ക് ട്വിറ്ററിൽ. എല്ലാ ആശുപത്രികളും കൂടുതൽ ഓക്സിജൻ കിടക്കകൾ സജ്ജീകരിക്കുമെന്നും വാർഡ് തല സമിതികൾ സജീവമായെന്നും വിശന്നിരിക്കുന്നവരെയും ക്വാറന്റൈനിൽ കഴിയുന്നവരെയും സഹായിക്കാൻ തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയെന്നും അതോടൊപ്പം എല്ലാ ജില്ലകളിലും വാർ റൂമുകൾ സ്ഥാപിച്ചെന്നും ഐസക് ട്വിറ്ററിൽ പറഞ്ഞു.

11:46 (IST) 10 May 2021
വിലയ്ക്കു വാങ്ങുന്ന ആദ്യ ബാച്ച് കോവിഡ് വാക്സിൻ ഇന്നെത്തും

കേരളം വില കൊടുത്ത് വാങ്ങുന്ന ആദ്യ ബാച്ച് വാക്സിൻ ഇന്ന് സംസ്ഥാനത്തെത്തും. മൂന്നുലക്ഷം ഡോസ് കോവിഷീൽഡ്‌ വാക്സിനാണ് ഇന്ന് എറണാകുളത്ത് എത്തുക. ഒരു കോടി വാക്സിനാണ് സംസ്ഥാന സർക്കാർ വാക്സിൻ കമ്പനികളിൽനിന്നു വാങ്ങുന്നത്.

11:12 (IST) 10 May 2021
കോവിഡ് രണ്ടാം തരംഗത്തില്‍ വിറച്ച് ഗ്രാമീണ ഇന്ത്യ

ന്യൂഡല്‍ഹി: ഗ്രാമങ്ങളെ കാര്യമായി ബാധിച്ചുവെന്നതാണ് രാജ്യത്തെ രണ്ടാം കോവിഡ് തരംഗത്തിന്റെ അസ്വസ്ഥതപ്പെടുത്തുന്ന സവിശേഷത. സെപ്റ്റംബറിലെ ആദ്യ ഏറ്റവും ഉയര്‍ന്ന നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍, രാജ്യത്തെ ഉള്‍പ്രദേശങ്ങളിലെയോ പിന്നാക്ക പ്രദേശങ്ങളിലെയോ കേസുകളുടെ എണ്ണവും മരണങ്ങളും നാലിരട്ടിയായി വര്‍ധിച്ചു.

10:40 (IST) 10 May 2021
3,66,161 പേര്‍ക്കു കൂടി കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ചത് 3,66,161 പേര്‍ക്ക്. തുടര്‍ച്ചയായ നാലു ദിവസത്തിനു ശേഷം ആദ്യമായാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം നാലു ലക്ഷത്തില്‍ താഴുന്നത്. മരണസംഖ്യയിലും കുറവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,754 മരണങ്ങളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍മരണസംഖ്യ നാലായിരത്തിനു മുകളിലായിരുന്നു.

Web Title: Covid 19 india coronavirus kerala live updates