കൊച്ചി: കളമശേരിയിൽ കോവിഡ് സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഹെെക്കോടതിയിലെത്തിയെന്ന് വ്യക്‌തമായതോടെ ജഡ്‌ജി അടക്കമുള്ളവർ ക്വാറന്റെെനിൽ പോയി. ജസ്റ്റിസ് സുനിൽ തോമസാണ് സ്വയം ക്വാറന്റെെനിൽ പ്രവേശിച്ചത്. കോടതി ആവശ്യപ്പെട്ട കേസ് ഫയൽ ഹൈക്കോടതിയിലെത്തിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചത്.

ഹൈക്കോടതി കവാടത്തിലെ പൊലീസ് ഔട്ട് പോസ്റ്റിൽ ഒപ്പിട്ടശേഷമാണ് പൊലീസുദ്യോഗസ്ഥൻ കോടതി മന്ദിരത്തിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് കോടതിയിലെത്തി ഗവൺമെന്റ് പ്ലീഡർക്ക് കേസ് ഫയൽ കൈ മാറുകയും ചെയ്തു. ഗവൺമെന്റ് പ്ലീഡറും എജി ഓഫീസിലെ ചില ജീവനക്കാരും ക്വാറന്റെെനിൽ പ്രവേശിച്ചിട്ടുണ്ട്.

Read Also: രണ്ടാഴ്‌ചയ്‌ക്കിടെ പെട്രോളിനും ഡീസലിനും വർധിച്ചത് എട്ട് രൂപയോളം; ജനം വലയുന്നു

പൊലീസുദ്യോഗസ്ഥനുമായി ബന്ധപ്പെട്ട അഭിഭാഷകരുണ്ടെങ്കിൽ അവരെല്ലാം ക്വാറന്റെെനിൽ പോകണമെന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷനും നിർദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം

കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ. തിരുവനന്തപുരത്തും കൊല്ലത്തും പുതിയ കണ്ടെയ്‌ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ തിരുവനന്തപുരത്ത് കാലടി, ആറ്റുകാൽ, മണക്കാട്, ചിറമുക്ക് വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഉൾപ്പെടെ എട്ട് പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഐരാണിമുട്ടം സ്വദേശിയായ ഓട്ടോ ഡ്രെെവറും ഇയാളുടെ ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തിനാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഓട്ടോ ഡ്രെെവർ ജൂൺ 12 വരെ തിരുവനന്തപുരം നഗരത്തിൽ ഓട്ടോ ഓടിച്ചിട്ടുണ്ട്.

കൊല്ലം കോർപറേഷനിലെ മുണ്ടക്കൽ, കന്റോൺമെന്റ്, ഉദയമാർത്താണ്ഡപുരം ഡിവിഷനുകൾ, തൃക്കോൽവിൽവട്ടം (6,7,9), മയ്യനാട് (15,16), ഇട്ടിവ (17), കല്ലുവാതിൽക്കൽ (8,10,11,13) എന്നീ വാർഡുകൾ എന്നിവയെ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഇന്നു പുലർച്ചയോടെയാണ് പുതിയ കണ്ടെയ്‌ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചത്.

Read Also: ഉറവിടം കണ്ടെത്താത്ത രോഗികൾ വർധിക്കുന്നു; സാമൂഹ്യവ്യാപന സാധ്യത തള്ളാതെ വിദഗ്‌ധർ

ഇടുക്കി ജില്ലയിൽ ഇന്നലെ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഒരാൾ മധുരയിൽ നിന്നെത്തിയതാണ്. ഇയാൾ കട്ടപ്പനയിലെ പഴം-പച്ചക്കറി വാഹന ഡ്രെെവറാണ്. ഇതേ തുടർന്ന് കട്ടപ്പന മാർക്കറ്റ് ജില്ലാ കലക്‌ടർ ഉത്തരവിട്ടു. കട്ടപ്പന മുൻസിപാലിറ്റിയിലെ എട്ടാം വാർഡും കെഎസ്‌ആർടിസി ജങ്‌ഷനിൽ നിന്നുള്ള വെട്ടിക്കുഴി കവല റോഡും കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ ശക്തമായ നിയന്ത്രണം തുടരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.