തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പ്. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

നേരത്തേ, ചൈന, ഹോങ്കോംഗ്, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാരെ വകുപ്പ് പരിശോധിച്ചിരുന്നു. ഈ പട്ടികയിലേക്ക് ഇറ്റലിയും ഇറാനും കൂടെ ചേര്‍ത്തു. ഈ രാജ്യങ്ങളില്‍ നിന്നും 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിരുന്നു. ഇറ്റലിയില്‍ നിന്നും വന്ന മൂന്നംഗ കുടുംബമാണ് കേരളത്തില്‍ ഇപ്പോള്‍ വൈറസ് ബാധയ്ക്ക് കാരണമായത്.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകള്‍, സീ പോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. എയര്‍പോര്‍ട്ട്, സീ പോര്‍ട്ട് ഹെല്‍ത്ത് ഓഫിസര്‍മാരെയാണു സ്‌ക്രീനിങ്ങിനു നിയോഗിച്ചിരിക്കുന്നത്. യാത്രക്കാരില്‍ രോഗലക്ഷണം കണ്ടാല്‍ അവരെ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയ നിശ്ചിത ആശുപത്രിയിലേക്ക് അയക്കും. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ ബോധവത്ക്കരണം നല്‍കി വീടുകളില്‍ നിരീക്ഷിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ കൃത്യമായും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതെ വീടുകളില്‍ത്തന്നെ 28 ദിവസം കഴിയേണ്ടതാണ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ‘ദിശ’ 1056 നമ്പരില്‍ വിളിച്ച് ഐസൊലേഷന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുള്ള ആശുപത്രിയില്‍ അറിയിച്ച് പ്രത്യേകം വാഹനത്തിലാണ് എത്തേണ്ടത്.

Read Also: വിങ്ങലടക്കാനാകാതെ ഷഫാലി; ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് ചേച്ചിമാർ

ചൈന, ഹോങ്കോംഗ്, തായ്ലന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള ഫ്ലൈറ്റുകളിലെ യാത്രക്കാരെ പരിശോധനയ്്ക്കു വിധേയരാക്കും. റിപ്പബ്ലിക് ഓഫ് കൊറിയ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍നിന്നു വരുന്നവരോ 2020 ഫെബ്രുവരി 10 മുതല്‍ അത്തരം യാത്രാ ചരിത്രമുള്ളവരോ ഇന്ത്യയിലെത്തുമ്പോള്‍ 28 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയും പൊതു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് കര്‍ശനമായും ഒഴിവാക്കുകയും വേണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോവിഡ് 19 രോഗ ബാധിത രാജ്യങ്ങളില്‍ നിന്നും വന്നവര്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍മാരുമായോ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രവുമായോ നിര്‍ബന്ധമായും ഫോണ്‍ മുഖേന ബന്ധപ്പെടേണ്ടതാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഒ.പി.യിലോ ക്യാഷ്വാലിറ്റിയിലോ പോകരുത്. അവര്‍ ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള വാര്‍ഡിലേക്ക് ബന്ധപ്പെട്ട നോഡല്‍ ഓഫീസറെ അറിയിച്ച ശേഷം മാത്രം എത്തേണ്ടതാണ്. ഇത്തരം യാത്രികരുടെ വിവരങ്ങള്‍ അറിയുന്നവരും ആരോഗ്യ വകുപ്പിനെ അറിയിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ആരോഗ്യ വകുപ്പിന്റെ ദിശ 1056, 0471 2552056 എന്നീ നമ്പരുമായി ബന്ധപ്പെടേണ്ടതാണ്.

ആശുപത്രികള്‍ക്കും ജാഗ്രത നിര്‍ദേശം

മെഡിക്കല്‍ കോളേജുകളിലും പ്രധാന ജനറല്‍, ജില്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അവയെല്ലാം ശക്തിപ്പെടുത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. എല്ലാ ആശുപത്രികളിലും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. മാസ്‌ക്, കൈയുറ, സുരക്ഷാ കവചങ്ങള്‍ തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ ലഭ്യമാക്കാന്‍ കെ.എം.എസ്.സി.എല്‍.നെ ചുമതലപ്പെടുത്തി. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകള്‍ വൈറോളജി ലാബിലേക്ക് അയക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.