തിരുവനന്തപുരം: കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്ക് സർക്കാർ കേന്ദ്രത്തിൽ ഏഴ് ദിവസത്തെ ക്വാറന്റൈൻ. കോവിഡ് പരിശോധനഫലം നെഗറ്റീവ് ആകുന്നവരെ വീട്ടിലേക്ക് വിടും. അടുത്ത ഏഴ് ദിവസം വീടുകളിൽ ക്വാറന്റൈനിൽ കഴിഞ്ഞാൽ മതി. ഇക്കാര്യത്തിൽ മറ്റ് ആശയക്കുഴപ്പങ്ങളില്ലെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു.

പതിനാല് ദിവസത്തെ ക്വാറന്റൈൻ പിരീഡ് ആണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറയുന്നത്. സംസ്ഥാന സർക്കാരുകൾ സജ്ജീകരിക്കുന്ന കേന്ദ്രങ്ങളിൽ ഏഴ് ദിവസവും കോവിഡ് ഫലം നെഗറ്റീവ് ആകുന്നവർക്ക് വീടുകളിൽ ഏഴ് ദിവസവും ക്വാറന്റൈൻ ചെയ്യാനാണ് സംസ്ഥാന സർക്കാർ തീരുമാനമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. അതാത് സംസ്ഥാനങ്ങളുടെ സാഹചര്യമനുസരിച്ച് ഇക്കാര്യം ചെയ്യാമെന്നും കേന്ദ്രവുമായി ആശയവിനിമയം നടന്നെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. രോഗമില്ലെന്ന് ഉറപ്പാക്കിയശേഷമാണ് പ്രവാസികളെ വിമാനത്തില്‍ കയറ്റുന്നത്. ഏഴു ദിവസമാണ് വൈറസിന്റെ ഇൻകുബേഷന്‍ പീരിഡെന്നും ചീഫ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

Read Also: ആ പല്ലുകൾ നോക്കൂ; പൊതുവേദിയിലെത്തിയത് കിം ജോങ് ഉൻ തന്നെയോ?

അതേസമയം, 14 ദിവസം സർക്കാർ കേന്ദ്രങ്ങളിൽ ക്വാറന്റൈൻ വേണമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം. കേന്ദ്ര നിലപാടും അതു തന്നെയാണ്. ഏഴ് ദിവസത്തെ ക്വാറന്റൈൻ പൂർത്തിയായി പ്രവാസികൾ വീടുകളിലേക്ക് പോയാൽ പിന്നീട് വൈറസ് ബാധ സ്ഥിരീകരിച്ചാൽ കുടുംബത്തിലുള്ളവർക്കും രോഗം പകരാൻ സാധ്യതയുണ്ട്. ഇക്കാരണത്താലാണ് 14 ദിവസം സർക്കാർ കേന്ദ്രങ്ങളിൽ ക്വാറന്റൈൻ വേണമെന്ന് ആരോഗ്യവിദഗ്ധർ ആവശ്യപ്പെടുന്നത്.

അതേസമയം, കേരളത്തിൽ ഇന്ന് രണ്ട് വിമാനങ്ങളാണ് പ്രവാസികളുമായി എത്തുക. അബുദാബി-കൊച്ചി, ദുബായ്-കോഴിക്കോട് എന്നീ രണ്ടു വിമാനങ്ങളാണ് ഇന്ന് എത്തുക. നിലവിലെ സമയപ്പട്ടികയനുസരിച്ച് ദുബായിൽനിന്നുളള വിമാനം രാത്രി 10.30 ഓടെ കരിപ്പൂരിൽ എത്തുമെന്നാണ് വിവരം. അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാത്രി 9.40ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. 171 യാത്രക്കാരാണ് ഈ വിമാനത്തിലെത്തുക.

Read Also: റോഡിൽ ആളുകൾ ബോധംകെട്ട് വീഴുന്നു; ആന്ധ്രാപ്രദേശിൽ വിഷവാതക ദുരന്തം

വിമാനത്തിനുള്ളിൽ പ്രവേശിക്കുമ്പോൾ മുതൽ കർശന നിയന്ത്രണങ്ങളാണ് ബാധകമായിട്ടുള്ളത്. വിമാനത്തിൽ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് നിർബന്ധമാണ്. യാത്രക്കാർ പൂർണമായും സാമൂഹിക അകലം പാലിക്കണം. ലാൻഡിങ്ങിന് ‍45 മിനിറ്റ് മുമ്പ് വിമാനത്താവളത്തിലും ക്വാറന്റൈനിലും പാലിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് അറിയിപ്പുണ്ടാകും. സ്വന്തം വിവരങ്ങൾ പൂരിപ്പിക്കാനുള്ള ഫോമും നൽകും. ഇതു പൂരിപ്പിച്ച് ഹെൽപ് ഡെസ്കിൽ നൽകണം. 15-20 പേരെ ഒരു മീറ്റർ അകലം പാലിച്ച് ഒരേ സമയം വിമാനത്തിൽ നിന്നിറക്കും. ഇറങ്ങും മുൻപ് കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് ശുദ്ധിയാക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.