കൊച്ചി: കോവിഡ് ഭീതിയുടെ സാഹചര്യത്തില്‍ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തിയതു രണ്ടാഴ്ചത്തെ സമാനതകളില്ലാത്ത തയ്യാറെടുപ്പ്. ലോക്ക് ഡൗണില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടന്ന പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ദൗത്യത്തിനായി എത്തിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാനും ഏറെ ബുദ്ധിമുട്ടി.
കേരളത്തിലേക്ക് ഒരാഴ്ചയ്ക്കുള്ളില്‍ എട്ട് വിമാനങ്ങള്‍ ഉപയോഗിച്ച് 14 സര്‍വീസുകളാണു കൊച്ചി ആസ്ഥാനമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്നത്. ഇന്ന് മുതല്‍ 13 വരെ നീളുന്ന ആദ്യ ഘട്ടത്തില്‍ 2478 പ്രവാസികളാണ് തിരിച്ചെത്തുക. ഓരോ സര്‍വീസിലും 177 പേര്‍ വീതം. യു എ ഇയില്‍ നിന്നും കേരളത്തിലെ ഏതു വിമാനത്താവളത്തിലേക്കും എത്താന്‍ 725 ദിര്‍ഹം (ഏകദേശം 15,000 രൂപ) ആണ് നല്‍കേണ്ടത്.
നേരിട്ടും അല്ലാതെയുമായി രണ്ടായിരത്തോളം ജീവനക്കാരാണ് എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്റെ ഒഴിപ്പിക്കല്‍ ദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പൈലറ്റുമാര്‍, കാബിന്‍ ക്രൂ, ഗ്രൗണ്ട് ഹാന്‍ഡലിങ് ജീവനക്കാര്‍, ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ദൗത്യത്തിന്റെ ആദ്യഘട്ടത്തിലേക്ക് 60 പൈലറ്റുമാരെയും 120 കാബിന്‍ ക്രൂവിനെയുമാണു കമ്പനി തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ടു പൈലറ്റുമാരും നാലു കാബിന്‍ ക്രൂവുമാണ് ഓരോ സര്‍വീസിലുമുണ്ടാകുക. കാബിന്‍ ക്രൂവില്‍ കുറഞ്ഞത് ഒരാള്‍ വനിതയായിരിക്കും.
ലോക്ക് ഡൗണിനെത്തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീടുകളില്‍ കഴിയുന്ന ജീവനക്കാരെ റോഡ് മാര്‍ഗമാണു വിവിധ വിമാനത്താവളങ്ങളില്‍ എത്തിച്ചത്. പ്രത്യേകാനുമതി വാങ്ങി വിമാനത്താവളങ്ങള്‍ക്കു സമീപത്തെ ഹോട്ടലുകള്‍ തുറന്നാണ് ഇവര്‍ക്കു താമസസൗകര്യം ഒരുക്കിയത്.
ദൗത്യത്തില്‍ പങ്കെടുക്കുന്നവര്‍ക്കാവശ്യമായ പി.പി.ഇ. കിറ്റുകള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരുക്കുകയെന്നതായിരുന്നു അടുത്ത വെല്ലുവിളി. കമ്പനിയുടെ മുംബൈയിലെ ഓഫീസില്‍നിന്നു പി.പി.ഇ. കിറ്റുകള്‍ എത്തിക്കാന്‍ നിലവില്‍ കഴിയാത്തതിനാല്‍ അതാതു വിമാനത്താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലെ പ്രാദേശിക മാര്‍ക്കറ്റുകളില്‍നിന്നാണ് ഇവ വാങ്ങിയത്.

ഒരു ജൈവ യുദ്ധമുണ്ടാകുമ്പോള്‍ നടത്തുന്ന തയ്യാറെടുപ്പാണ് ഈ ദൗത്യത്തിലുമുള്ളത്. പൈലറ്റ് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ മുഴുവന്‍ പ്രതിരോധ സംവിധാനങ്ങള്‍ ധരിക്കും. എറണാകുളം മെഡിക്കല്‍ കോളേജില്‍ പരിശീലനം നേടിയ ശേഷമാണു കൊച്ചിയില്‍ നിന്നുളള വിമാനത്തിലെ പൈലറ്റുമാരും ക്യാബിന്‍ ക്രൂവും ദൗത്യത്തിനു പുറപ്പെടുന്നത്. പിപിഇ. സ്യൂട്ടുകള്‍ ധരിക്കാനും പ്രോട്ടോക്കോള്‍ പ്രകാരം അഴിച്ച് മാറ്റാനുമുള്ള പ്രായോഗിക പരിശീലനം നേടിയവരാണ് ഇവര്‍. ഹെല്‍ത്ത് എമര്‍ജന്‍സികള്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനവും നാല് പൈലറ്റുമാര്‍ അടക്കം 12 പേരടങ്ങുന്ന സംഘത്തിനു മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം നല്‍കിയിട്ടുണ്ട്.
സര്‍വീസിന് ഒരു ദിവസം മുന്‍പ് പൈലറ്റ് ഉള്‍പ്പെടെയുള്ള വിമാന ജീവനക്കാര്‍ക്കു കോവിഡ് രക്തപരിശോധന നടത്തും. തുടര്‍ന്ന് ദൗത്യം ആരംഭിക്കുന്നതു വരെ ഇവര്‍ മറ്റുള്ളവരില്‍നിന്ന് അകലം പാലിക്കും. കൊച്ചിയില്‍ നിന്നും കോഴിക്കോട് നിന്നും ആദ്യ സര്‍വീസിനായി പുറപ്പെടുന്ന വിമാനങ്ങളിലെ ജീവനക്കാര്‍ ഇന്നലെ രക്തപരിശോധനയ്ക്കു വിധേയരായി.
Read More: ആശങ്കയ്ക്ക് വിരാമമായി; ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍ നാളെ തിരിച്ചെത്തും
വിമാനത്തില്‍ യാത്രക്കാരുടെ സമീപത്തേക്ക് അടിയന്തര ഘട്ടത്തിലല്ലാതെ ജീവനക്കാര്‍ പോകില്ല. സമ്പര്‍ക്കം ഒഴിവാക്കാനായി ഒരു ജോഡി മാസ്‌ക്, 100 മില്ലി ലിറ്റര്‍ സാനിറ്റെസര്‍ കുപ്പി, സ്‌നാക്‌സ് ബോക്‌സ്, ഒരു കുപ്പി വെള്ളം തുടങ്ങിയവ യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതിനു മുന്‍പേ ഓരോ സീറ്റിലും വയ്ക്കും. ഈ വസ്തുക്കളൊക്കെ ദൗത്യം ആരംഭിക്കുന്ന വിമാനത്താവളത്തില്‍നിന്ന് കൊണ്ടു പോകുകയാണു ചെയ്യുക. വിദേശത്തു നിന്ന് ഭക്ഷണം ശേഖരിക്കുന്നതിലൂടെ അണുക്കള്‍ പകരുന്നത് ഒഴിവാക്കാനാണ് ഈ നടപടി. അതതു വിമാനത്താവളങ്ങള്‍ക്കു സമീപത്തെ ഫൈ്‌ളറ്റ് കിച്ചണുകള്‍ പ്രത്യേക അനുമതിയോടെ തുറപ്പിച്ചാണു ഭക്ഷണമൊരുക്കുന്നത്. ഇതിനായി ഷെഫുമാര്‍ ഉള്‍പ്പെടെയുള്ളവരെ നോട്ടീസ് നല്‍കി കേരളത്തിനു പുറത്തു നിന്നു പോലും വിളിച്ചു വരുത്തുകയായിരുന്നു.
ക്വിക്ക് ടേണ്‍ എറൗണ്ട് (ക്യു.ടി.എ) മോഡലിലാണു ദൗത്യത്തില്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുക. ഇതു മൂലം വിമാനങ്ങള്‍ കാലിയായി വിദേശത്തേക്കു പോകേണ്ടി വരികയാണ്. ചില വിമാനങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് എത്തിയ ശേഷമാണു കൊച്ചിയില്‍ നിന്നു വിദേശത്തേക്കു പുറപ്പെടുന്നത്. ഇതുമൂലം വലിയ സാമ്പത്തിക നഷ്ടമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുണ്ടാകുക. ചരക്കു കടത്തു വഴി അല്‍പ്പമെങ്കിലും നഷ്ടം കുറയ്ക്കാനാണു കമ്പനിയുടെ ശ്രമം. കേരളത്തിലെ പഴങ്ങളും പച്ചക്കറികളും കൊണ്ടു പോകാനാണു ശ്രമം. ഇതു മൂലം ഈ ലോക്ക് ഡൗണ്‍ കാലത്ത് കേരളത്തിലെ കര്‍ഷകര്‍ക്ക് അല്‍പ്പം സാമ്പത്തിക നേട്ടം നല്‍കാന്‍ കമ്പനി ലക്ഷ്യമിടുന്നു. എന്നാല്‍ പഴങ്ങളും പച്ചക്കറികളും ശേഖരിക്കുന്നതു ചുരുങ്ങിയ സമയത്തിനുള്ളിലായതിനാല്‍ കുറഞ്ഞ അളവില്‍ മാത്രമേ ഇവ കൊണ്ടു പോകാനാകൂയെന്നാണു കമ്പനി കരുതുന്നത്.
ഇവിടെ നിന്നു പുറപ്പെടുന്ന വിമാനങ്ങള്‍ ഒരു മണിക്കൂര്‍ മാത്രമാണു വിദേശരാജ്യത്തെ വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്യുക. അണുവ്യാപനം പരമാവധി കുറയ്ക്കാനാണ് ഈ നടപടി. വിമാനങ്ങള്‍ ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്നതിനു മുന്‍പും തിരിച്ചെത്തിയ ശേഷവും അണുവിമുക്തമാക്കും. കേന്ദ്ര വെയര്‍ഹൗസിങ് കോര്‍പറേഷനാണ് ഇതിന്റെ ചുമതല.
അതതു വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളാണു യാത്രക്കാരുടെ പട്ടിക വിമാനക്കമ്പനികള്‍ക്കു ലഭ്യമാക്കുന്നത്. ഈ പട്ടികയില്‍ നിന്നുള്ളവരെ വിളിച്ച് വിമാനക്കമ്പനികള്‍ ടിക്കറ്റ് ബുക്കിങ് പ്രകിയ പൂര്‍ത്തിയാക്കും. സര്‍വീസ് നടത്തുന്ന വിദേശരാജ്യങ്ങളിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസുകള്‍ മൂന്ന് ദിവസം മുന്‍പ് തുറന്നിട്ടുണ്ട്. അതേ സമയം, എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും നിലവില്‍ സര്‍വീസ് നടത്താത്ത ക്വലാലംപൂരില്‍ താല്‍ക്കാലിക സംവിധാനമൊരുക്കിയാണ് ഒഴിപ്പിക്കല്‍ ദൗത്യം നടത്തുന്നത്. മറ്റു വിമാനക്കമ്പനി ജീവനക്കാരെ ഉപയോഗിച്ച് ചെന്നൈയില്‍ നിന്നും തിരുച്ചിറപ്പള്ളിയില്‍ നിന്നും നിയന്ത്രിച്ചാണ് ക്വലാലംപൂരിലെ ദൗത്യം പൂര്‍ത്തിയാക്കുക.
Read More: കേരളത്തിൽ നാളെ എത്തുക രണ്ടു വിമാനങ്ങൾ; ആദ്യ വിമാനം കൊച്ചിയിൽ
വന്ദേ ഭാരത് മിഷന്റെ ഭാഗമായി കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നീ നാലു വിമാനത്താവളങ്ങളിലേക്കും എയര്‍ എന്ത്യ എക്‌സ്പ്രസ് പ്രവാസികളെ തിരിച്ചെത്തിക്കും. ഇന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമാണ് ആദ്യ ദൗത്യം. അബുദാബിയില്‍നിന്നു കൊച്ചിയിലേക്കും ദുബായില്‍നിന്നു കോഴിക്കോട്ടേക്കും 177 പേരെ വീതമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് എത്തിക്കുക. കൊച്ചിയില്‍ നിന്ന് ഉച്ചയ്ക്കു 12.30 നു പുറപ്പെടുന്ന വിമാനം 3.15ന് അബുദാബിയിലെത്തും. 4.15ന് 177 പേരുമായി അവിടെ നിന്നു തിരിക്കുന്ന വിമാനം രാത്രി 9.40നു കൊച്ചിയില്‍ ലാന്‍ഡ് ചെയ്യും. കോഴിക്കോട്ടു നിന്ന് ഉച്ചയ്ക്ക് 1.20നു പുറപ്പെടുന്ന വിമാനം വൈകിട്ട് നാലിനു ദുബായിലിറങ്ങും. തുടര്‍ന്ന് 117 പേരുമായി അഞ്ചു മണിക്കു തിരിക്കുന്ന വിമാനം രാത്രി 10.30 നും കരിപ്പൂരിലെത്തും.
നേരത്തെ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമായി നാല് വിമാനങ്ങള്‍ ആദ്യ ദിനത്തില്‍ സര്‍വീസ് നടത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും രണ്ടെണ്ണമായി ചുരുക്കുകയായിരുന്നു. യാത്രക്കാരെ ഒരുക്കി നിര്‍ത്താനുള്ള പ്രയാസത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണു രണ്ടു സര്‍വീസുകള്‍ കുറച്ചതെന്നാണു വിവരം.
വരും ദിവസങ്ങളിലും ഷെഡ്യൂളില്‍ മാറ്റം വരാനുള്ള സാധ്യതയുണ്ട്. 12നാണു കണ്ണൂരിലേക്കുള്ള ആദ്യ സര്‍വീസ്. കേരളത്തിലേക്ക് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇന്ന് മുതല്‍ 13 വരെ സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുക. എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ ഇതിനു പുറമെയാണ്. മൂന്ന് യുദ്ധക്കപ്പലുകളിലും വിദേശത്തു നിന്ന് ഇന്ത്യക്കാരെ എത്തിക്കും.