തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ദൗത്യം ഇന്ത്യ തുടരുന്നു. ഇന്ന് കേരളത്തിലേക്ക് രണ്ട് വിമാന സർവീസുകളാണ് ഉള്ളത്. ഇന്ന് റിയാദിൽ കോഴിക്കോട്ടേക്കും ബഹ്റിനിൽ നിന്ന് കൊച്ചിയിലേക്കുമാണ് വിമാന സർവീസുകൾ ഉള്ളത്. രാത്രി എട്ടരയോടെ റിയാദ് വിമാനം കരിപ്പൂർ എയർപോർട്ടിൽ എത്തും. രാത്രി 10.50 നാണ് ബഹ്റിനിൽ നിന്നു പ്രവാസികളുമായി പുറപ്പെടുന്ന വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുക.
ഇന്നലെ എത്തിയത് രണ്ട് വിമാനങ്ങൾ
കോവിഡ്-19 ബാധിത പ്രദേശങ്ങളില്‍ നിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്ന ‘വന്ദേഭാരത്’ പദ്ധതിയുടെ ഭാഗമായി യുഎഇയില്‍ നിന്നുള്ള ആദ്യ രണ്ട് വിമാനങ്ങള്‍ ഇന്നലെ കേരളത്തിലെത്തി. അബുദാബിയില്‍ നിന്നുള്ള ആദ്യ വിമാനം രാത്രി 10.08-ന് കൊച്ചി വിമാനത്താവളത്തില്‍ എത്തി. പിന്നാലെ ദുബായില്‍ നിന്നുള്ള വിമാനം രാത്രി 10.30 ഓടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി. അബുദാബിയിൽ നിന്നെത്തിയ വിമാനത്തിൽ നാല് കുട്ടികൾ ഉൾപ്പെടെ 181 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 49 പേർ ഗർഭിണികളായിരുന്നു. കരിപ്പൂരില്‍ വിമാനമിറങ്ങിയത് 182 പേരാണ്. ഇതില്‍ അഞ്ച് കുട്ടികളും 19 ഗർഭിണികളും ഉണ്ടായിരുന്നു.
Read Also: വീ ആര് ഗോയിംഗ് ഹോം: ചരിത്രദൗത്യം നിര്‍വ്വഹിച്ച വിമാനത്തിലെ അനൗൻസ്മൻറ്റ് കേള്‍ക്കാം
വിമാനങ്ങളില്‍ നിന്നും പ്രത്യേക സംഘങ്ങളായി ഇറങ്ങിയ യാത്രക്കാരെ ഇരുവിമാനത്താവളങ്ങളിലും തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് പരിശോധിച്ചു. ഇവര്‍ യാത്ര ആരംഭിച്ചപ്പോഴും റാപ്പിഡ് ടെസ്റ്റ് നടത്തിയിരുന്നു. രോഗബാധയില്ലെന്ന് ഉറപ്പാക്കിയതിനെ തുടര്‍ന്നാണ് ഇവരെ ഇന്ത്യയിലേക്ക് വരാന്‍ അനുവദിച്ചത്. ഗര്‍ഭിണികളേയും കുട്ടികളേയും വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ അനുവദിച്ചു. ഇവര്‍ വീടുകളിലേക്ക് യാത്ര തിരിച്ചു. ഇവരെ കൊണ്ടുപോകാന്‍ വീട്ടില്‍ നിന്നും ഒരാള്‍ വാഹനവുമായി വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇവര്‍ക്കൊപ്പം വീട്ടുകാരും ക്വാറന്റൈനില്‍ കഴിയണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് വിമാനത്താവളത്തിലെത്തിയ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
മൂന്ന് പേർക്ക് ആരോഗ്യപ്രശ്നങ്ങൾ
ദുബായിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ പ്രവാസികളിൽ മൂന്ന് പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തി. രണ്ട് പേര് മലപ്പുറം സ്വദേശികളും ഒരാള്‍ വയനാട് സ്വദേശിയുമാണ്. വൃക്ക രോഗത്തിന് ചികിത്സയിലിരിക്കുന്ന മലപ്പുറം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും ചുമയുള്ള മറ്റൊരു മലപ്പുറം സ്വദേശിയേയും പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശിയേയും മഞ്ചേരി മെഡിക്കല്‍ കോളജിലേയ്ക്കും മാറ്റാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അഞ്ച് പേർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു.