കേരളത്തിൽ തിരിച്ചെത്തുന്ന പ്രവാസികൾ അറിയാൻ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

അബുദാബി-കൊച്ചി, ദുബായ്-കോഴിക്കോട് എന്നീ രണ്ടു വിമാനങ്ങളാണ് ഇന്ന് എത്തുക

കൊച്ചി: വിദേശത്തു നിന്നുള്ള പ്രവാസികൾ ഇന്നുമുതൽ തിരിച്ചെത്തുമ്പോൾ വിപുലമായ ഒരുക്കങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കിയിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്. കോവിഡ് ബാധിത മേഖലകളിൽ നിന്ന് പ്രവാസികൾ കേരളത്തിലേക്ക് എത്തുമ്പോൾ രോഗവ്യാപന സാധ്യത കൂടുതലാണെന്നാണ് നിഗമനം. എന്നാൽ, വെെറസ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള നടപടികളാണ് കേന്ദ്രവും സംസ്ഥാനവും സ്വീകരിച്ചിരിക്കുന്നത്.

ഇന്ന് രണ്ട് വിമാനം

വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ന് കേരളത്തിലെത്തുക രണ്ട് വിമാനങ്ങൾ. പുതിയ തീരുമാന പ്രകാരം കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ ഓരോ വിമാനങ്ങളാണ് എത്തുക. അബുദാബി-കൊച്ചി, ദുബായ്-കോഴിക്കോട് എന്നീ രണ്ടു വിമാനങ്ങളാണ് ഇന്ന് എത്തുക. നിലവിലെ സമയപ്പട്ടികയനുസരിച്ച് ദുബായിൽനിന്നുളള വിമാനം രാത്രി 10.30 ഓടെ കരിപ്പൂരിൽ എത്തുമെന്നാണ് വിവരം.അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാത്രി 9.40ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. 171 യാത്രക്കാരാണ് ഈ വിമാനത്തിൽലെത്തുക.

ഗർഭിണികൾക്ക് കൂടുതൽ പരിഗണന; പ്രവാസികൾ ഇന്നുമുതൽ നാട്ടിലെത്തും

പ്രവാസികൾ ശ്രദ്ധിക്കുക

യാത്രയിലും വിമാനത്താവളത്തിൽ എത്തിയാലും സാമൂഹിക അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. വിദേശത്തുനിന്നും മടങ്ങിയെത്തുന്ന മലയാളികൾക്ക് 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. മടങ്ങിയെത്തുന്നവര്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ രണ്ടാഴ്ച കഴിഞ്ഞതിനു ശേഷം മാത്രമേ വീടുകളിലേക്ക് മടക്കൂ. ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റൈനിലും തുടര്‍ന്ന് ഏഴ് ദിവസം വീട്ടില്‍ ക്വാറന്റൈനിലും എന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ തന്നെ 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കണമെന്ന് കേന്ദ്രം കര്‍ശന നിര്‍ദേശം നല്‍കി. ഇതോടെയാണ് തീരുമാനത്തില്‍ മാറ്റമുണ്ടായത്.

നടപടികൾ ഇങ്ങനെ

പ്രവാസികൾക്ക് യാത്ര പുറപ്പെടുന്നതിനു മുൻപ് മെഡിക്കൽ സ്ക്രീനിങ് മാത്രമാണ് നടത്തുക. മെഡിക്കൽ സ്ക്രീനിങ്ങിൽ കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമേ തുടർ യാത്രയ്‌ക്ക് അനുവദിക്കൂ. യാത്രയിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും സ്വയം ഏറ്റെടുക്കുന്നു എന്ന് എഴുതി നൽകണം. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും യാത്രാ ചുമതല വഹിക്കുന്ന നോഡൽ ഓഫീസർമാർ ഉണ്ടാകും.

ഇവർ ഇന്ത്യയിലെത്തിയാൽ തെർമൽ സ്ക്രീനിങ്ങിനു വിധേയരാക്കും. രോഗലക്ഷണം കണ്ടെത്തുന്നവരെ ചികിത്സയ്‌ക്ക് വിധേയമാക്കും. രോഗലക്ഷണങ്ങളില്ലാത്തവർ അതാത് സംസ്ഥാന സർക്കാരുകൾ സജ്ജമാക്കിയ ക്വാറന്റെെൻ കേന്ദ്രങ്ങളിൽ തങ്ങണം. 14 ദിവസം ക്വാറന്റെെൽ കേന്ദ്രത്തിലായിരിക്കണം. 14 ദിവസം കഴിഞ്ഞ് ഇവർക്ക് കോവിഡ് പരിശോധന നടത്തും. ഫലം നെഗറ്റീവ് ആയാൽ ഇവരെ വീട്ടിലേക്ക് അയക്കും. വീട്ടിലെത്തിയാൽ 14 ദിവസം കൂടി ക്വാറന്റെെനിൽ തുടരണം. വിദേശത്തു നിന്ന് മടങ്ങിയെത്തുന്ന എല്ലാ പ്രവാസികളും മൊബെെൽ ഫോണിൽ ആരോഗ്യസേതു ആപ് ഡൗണ്‍ലോഡ് ചെയ്യണം.

ഗർഭിണികളെയും കുട്ടികളെയും ഒഴിവാക്കും

ഗർഭിണികളെയും കുട്ടികളെയും സംസ്ഥാന സർക്കാരുകളുടെ ക്വാറന്റെെൻ കേന്ദ്രങ്ങളിൽ നിന്നു ഒഴിവാക്കും. ഇവരെ വിമാനത്താവളത്തിലെ പരിശോധനകൾക്ക് ശേഷം വീട്ടിലേക്ക് വിടും. ഇവർ വീടുകളിൽ ക്വാറന്റെെനിൽ ഇരുന്നാൽ മതി.

മുൻഗണന ആർക്കെല്ലാം?

നാട്ടിലെത്താൻ മുൻഗണനയുള്ളത് ഗർഭിണികൾക്കും രോഗികൾക്കും വിസിറ്റിങ് വിസയിൽ പോയവർക്കുമാണ്. ഇതിൽ തന്നെ ഗർഭിണികൾക്ക് കൂടുതൽ പരിഗണന നൽകുകയാണ് ചെയ്യുന്നത്. പ്രവാസികളിൽ ഗർഭിണികളായവർക്ക് മുൻഗണന നൽകുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അറിയിച്ചു. 28 ആഴ്‌ചയിലധികം ആയ ഗർഭിണികളെയാണ് ആദ്യം നാട്ടിലെത്തിക്കുക. നാട്ടിലേക്ക് തിരിച്ചുപോകാൻ പേര് രജിസ്റ്റർ ചെയ്‌തവരിൽ ഭൂരിഭാഗവും ഗർഭിണികളാണെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ആയ നീരജ് അഗർവാൾ പറഞ്ഞു. ഇന്ന് ദുബായിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന ഫ്ലെെറ്റിൽ 11 ഗർഭിണികൾ ഉണ്ടാകും. പേര് രജിസ്റ്റർ ചെയ്‌ത എല്ലാ ഗർഭിണികളും അത്യാവശ്യമായി നാട്ടിലെത്തേണ്ട സാഹചര്യത്തിലല്ല. അതുകൊണ്ടാണ് 28 ആഴ്‌ചയിൽ കൂടുതൽ ഗർഭിണികളായവർക്ക് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ദുബായിൽ നിന്നു ഇന്ത്യയിലേക്ക് എത്താൻ പേര് രജിസ്റ്റർ ചെയ്‌തിരിക്കുന്നവരിൽ കൂടുതലും ഗർഭിണികളാണ്. ഏകദേശം 6,500 ഗർഭിണികൾ ഇന്ത്യയിലേക്ക് എത്താൻ പേര് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. അത്യാവശ്യമായി നാട്ടിലെത്തിക്കേണ്ട സ്ഥിതിയുള്ള ഗർഭിണികൾക്ക് കൂടുതൽ പരിഗണന നൽകിയായിരിക്കും തുടർ നടപടികൾ.

Read Also: പ്രവാസികളേ ഞങ്ങളിതാ പുറപ്പെടുന്നു; വന്‍ ദൗത്യത്തിനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കൊച്ചിയിലെ ഒരുക്കങ്ങൾ

നിലവിലെ സമയപ്പട്ടികയനുസരിച്ച് അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം വ്യാഴാഴ്‌ച രാത്രി 9.40 ഓടെ കൊച്ചി വിമാനത്താവളത്തിലെത്തും. യാത്രക്കാരിൽ 25 പേരാണ് എറണാകുളം ജില്ലയിലേക്കുള്ളത്. തൃശൂർ – 73, പാലക്കാട് – 13, മലപ്പുറം – 23, കാസർകോട് – 1, ആലപ്പുഴ -15, കോട്ടയം – 13, പത്തനംതിട്ട – 8 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നിന്നുള്ളവരുടെ കണക്ക്.

ഇവരെ വിമാനത്താവളത്തിൽ നിന്നും അതത് ജില്ലകളിലെ ക്വാറന്റെെൻ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. ഗർഭിണികൾ, മുതിർന്ന പൗരൻമാർ, പത്തു വയസിൽ താഴെയുള്ള കുട്ടികൾ എന്നിവർക്ക് അവരവരുടെ വീടുകളിലാണ് ക്വാറന്റെെൻ നിശ്ചയിച്ചിട്ടുള്ളത്. കാസർഗോഡ് ജില്ലക്കാരനായ ഏക യാത്രക്കാരനും തൽക്കാലം എറണാകുളത്താണ് ക്വാറന്റെെൻ. കളമശേരിയിലെ എസ് സി.എം.എസ് ഹോസ്റ്റലിലാണ് ജില്ലയിലെത്തുന്ന പ്രവാസികൾക്ക് ക്വാറന്റെെൻ ഒരുക്കിയിട്ടുള്ളത്.

വിമാനത്തിന് പ്രത്യേക പാർക്കിങ് ബേ, എയറോബ്രിഡ്‌ജുകൾ എന്നിവ ലഭ്യമാക്കും. യാത്രക്കാരുടെ ബഹിർഗമനമാർഗം പലതവണയായി നടത്തിയ മോക് ഡ്രില്ലിലൂടെ നിശ്ചയിച്ചിട്ടുണ്ട്. ടെർമിനലിലേയ്ക്ക് പ്രവേശിക്കുമ്പോൾ തന്നെ ടെമ്പറേച്ചർ ഗൺ, തെർമൽ സ്‌കാനർ ഇവ ഉപയോഗിച്ച് യാത്രക്കാരുടെ താപനില പരിശോധിക്കും. രോഗലക്ഷണമുള്ളവരെ പ്രത്യേക പാതയിലൂടെ ആംബുലൻസിലേയ്ക്ക് മാറ്റും. അവിടെ നിന്ന് ആലുവ ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും.

രോഗലക്ഷണമില്ലാത്തവർക്ക് ഹെൽത്ത് കൗണ്ടറുകളിൽ വീണ്ടും ആരോഗ്യ പരിശോധന നടത്തും. തുടർന്ന് ഇവരെ ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിക്കും. പത്തു ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാൻ പാകത്തിൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ഗ്ലാസ് മറകൾ സ്ഥാപിച്ചിട്ടുണ്ട്. തുടർന്ന് ഇവരെ ബാഗേജ് ഏരിയയിലേയ്ക്ക് കൊണ്ടുപോകും. ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് മുമ്പിലും കൺവെയർ ബെൽറ്റിന് വശങ്ങളിലും സാമൂഹിക അകലം പാലിച്ച് നിൽക്കാനുള്ള പ്രത്യേക അടയാളങ്ങൾ വച്ചിട്ടുണ്ട്. അഞ്ചാം നമ്പർ ബെൽറ്റാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.

ബാഗേജുകളെ അണുനശീകരണം നടത്താൻ ഡിഫൻസ് റിസർച്ച് ഡവലപ്‌മെന്റ് ഓർഗനൈസേഷന്റെ സഹായമുൾപ്പെടെ വിപുലമായ സന്നാഹമാണ് സിയാലിൽ ഒരുക്കിയിട്ടുള്ളത്. ജില്ലാ അധികൃതർ, സംസ്ഥാന സർക്കാർ ആരോഗ്യവകുപ്പ്, പോലീസ്, തദ്ദേശ സ്ഥാപനങ്ങൾ, സി.ഐ.എസ്.എഫ് എന്നീ വിഭാഗങ്ങളുടെ ഏകോപനത്തോടെ കോവിഡ്-19 പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള പദ്ധതിയാണ് സിയാലിൽ നടപ്പിലാക്കുന്നത്.

വിമാനത്തിൽ നിന്ന് ബാഗേജ് പുനർവിന്യാസ സംവിധാനത്തിലെത്തുന്ന ബാഗുകളെ ആദ്യം സോഡിയം ഹൈപ്പോക്ലോറേറ്റ് ഉപയോഗിച്ച് അണുവിമുക്തമാക്കും. തുടർന്ന് ബെൽറ്റിലൂടെ നീങ്ങുന്ന ബാഗേജുകൾ രണ്ട് ടണലുകളിലൂടെ കടന്നുപോകും. ഓരോ ടണലിന് മുമ്പിലും ബാഗിന്റെ ഓരോ വശത്തും അൾട്രാവയലറ്റ് രശ്മികൾ പതിപ്പിക്കും. ഇത് ഓട്ടോമാറ്റിക് സംവിധാനമാണ്. ഇതിനുശേഷമാകും യാത്രക്കാർ ബാഗുകളെടുക്കുന്ന കെറോസൽ ഭാഗത്തേയ്ക്ക് ഇവയെത്തുക. കളമശ്ശേരി മെഡിക്കൽ കോളേജിന്റെ സഹായത്തോടെയാണ് എൻ.പി.ഒ.എൽ ഈ സംവിധാനം വികസിപ്പിച്ചത്. ഓരോ ബാഗിലും വൈറസ് ഉണ്ടെങ്കിൽ എത്ര അളവിൽ അൾട്രാവയലറ്റ് രശ്മി പതിപ്പിക്കണമെന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.

വിമാനത്തിലെ യാത്രക്കാർക്ക് ഉപയോഗിക്കാനായി 500 ട്രോളികൾ സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുന്ന ജീവനക്കാർക്കായി പി.പി.ഇ കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ യാത്രക്കാർക്കും കയ്യുറകൾ, ഭക്ഷണം, വെള്ളം എന്നിവയടങ്ങിയ പായ്ക്കറ്റ് സിയാൽ നൽകും. സിയാലിലെ അമ്പതോളം ഏജൻസികളിലെ ജീവനക്കാർക്ക് സാമൂഹിക അകലം പാലിക്കലുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകിക്കഴിഞ്ഞു.

സിന്തറ്റിക്, തുണി, ലെതർ എന്നീ ആവരണമുള്ള ഫർണിച്ചർ എല്ലാം മാറ്റിയിട്ടുണ്ട്. രണ്ടായിരത്തോളം പ്ലാസ്റ്റിക് കസേര താൽക്കാലികമായി ഒരുക്കിക്കഴിഞ്ഞു. ടെർമിനലും ഉപകരണങ്ങളും മൂന്നുഘട്ടങ്ങളിലായി അണുനാശനം വരുത്തിക്കഴിഞ്ഞു. ഓരോ സർവീസിന് ശേഷവും ഈ പ്രക്രിയ ആവർത്തിക്കും. ബാഗേജുമായി പുറത്തുവരുന്ന യാത്രക്കാരെ ജില്ലതിരിച്ചുള്ള പ്രത്യേക മേഖലയിലേയ്ക്ക് മാറ്റും. തുടർന്ന് പുറത്ത് ഒരുക്കിയിട്ടുള്ള ബസ്സുകളിലേയ്ക്ക് ഇവരെ നയിക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 gulf evacuation kerala flights airports timing all things to know

Next Story
പ്രവാസികളേ ഞങ്ങളിതാ പുറപ്പെടുന്നു; വന്‍ ദൗത്യത്തിനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com