തിരുവനന്തപുരം: സമ്പര്‍ക്ക രോഗ ബാധ രൂക്ഷമായ തിരുവനന്തപുരം കോര്‍പറേഷനിലെ നിയന്ത്രണങ്ങള്‍ ഒരാഴ്ച്ച കൂടെ നീട്ടും. അതിവ്യാപന മേഖലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ ശക്തമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ജില്ലയില്‍ ഉറവിടം അറിയാത്തതും സമ്പര്‍ക്ക രോഗബാധയും വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച്ച മുമ്പാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍, രോഗബാധ കുറയാത്തതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഒരാഴ്ച്ച കൂടെ നീട്ടാന്‍ തീരുമാനിച്ചത്.
തിരുവനന്തപുരത്ത് മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി, കുമരിചന്ത തുടങ്ങിയ പ്രദേശത്താണ് പ്രധാനപ്പെട്ട ക്ലസ്റ്റര്‍ രൂപപ്പെട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക വ്യാപനമില്ലെന്നും സൂപ്പര്‍ സ്പ്രെഡ് മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമൂഹവ്യാപനം എന്ന ഭീതിജനകമായ അവസ്ഥയിലേക്ക് എത്തിയിട്ടില്ലെങ്കിലും ചില ക്ലസ്റ്ററുകളില്‍ സൂപ്പര്‍ സ്പ്രെഡ് എന്ന നിലയിലേക്ക് രോഗവ്യാപനം എത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായാണ് സമ്പര്‍ക്കവും ഉറവിടമറിയാത്ത രോഗികളുടെ എണ്ണവും വര്‍ദ്ധിച്ചത്, മുഖ്യമന്ത്രി പറഞ്ഞു.
Read Also: പൂന്തുറ പ്രതിഷേധത്തിന് പിന്നില്‍ പ്രതിപക്ഷം; വ്യാജവാര്‍ത്ത പരത്തുന്നു: മുഖ്യമന്ത്രി
വെള്ളിയാഴ്ച്ച 129 കേസുകളാണ് ജില്ലയില്‍ സ്ഥിരീകരിച്ചത്. ഇതില്‍, 122 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 17 പേര്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് അറിയില്ല. ഇതില്‍ ഭൂരിപക്ഷവും പൂന്തുറയില്‍ നിന്നാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ഇത്രയും ഗുരുതരമായ അവസ്ഥ നിലനില്‍ക്കുന്ന സമയത്താണ് ചിലര്‍ പൂന്തുറയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവില്‍ ഇറക്കിയതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച രോഗികളില്‍ സമ്പര്‍ക്കത്തിലൂടെ ബാധിച്ചവരില്‍ പകുതിയില്‍ കൂടുതലും തിരുവനന്തപുരത്താണ്. 204 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.
ജില്ലയില്‍ 450 പേരാണ് രോഗം ബാധിച്ചത് ചികിത്സയില്‍ കഴിയുന്നത്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രണ്ടാമത്തെ ജില്ല. ഒന്നാമത്തേത് മലപ്പുറമാണ്. ഒരാഴ്ച്ച മുമ്പ് അവസാന സ്ഥാനങ്ങളിലായിരുന്നു തിരുവനന്തപുരം.
മാര്‍ച്ച് 11-നാണ് തിരുവനന്തപുരത്ത് ആദ്യ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്.