ദുബയ്: കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ പ്രവാസി ഇന്ത്യക്കാരുമായി ആദ്യ രണ്ടു വിമാനങ്ങൾ യുഎഇയിൽ നിന്നും കേരളത്തിലെത്തും.അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കാണ് ഗൾഫിൽ നിന്നുള്ള ആദ്യ വിമാനം പറന്നിറങ്ങുക. വ്യാഴാഴ്ച തന്നെ രണ്ടാമത്തെ വിമാനം ദുബായിൽ നിന്ന് കരിപ്പൂരിലേക്കായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

മടങ്ങാനാഗ്രഹിക്കുന്നവരുടെ മെഡിക്കൽ സ്ക്രീനിംഗ് നടത്തും. യാത്രയ്ക്കിടെ, ഈ യാത്രക്കാരെല്ലാം ആരോഗ്യ മന്ത്രാലയവും സിവിൽ ഏവിയേഷൻ മന്ത്രാലയവും പുറപ്പെടുവിച്ച ഹെൽത്ത് പ്രോട്ടോക്കോളുകൾ പാലിക്കേണ്ടതുണ്ട്.

Read More: പ്രവാസികളെ തിരികെയെത്തിക്കാൻ നാവിക സേന കപ്പലുകൾ പുറപ്പെട്ടു

ആദ്യ സംഘത്തില്‍ മടങ്ങുന്നവരുടെ പട്ടിക യുഎയിലെ ഇന്ത്യന്‍ എംബസി തയ്യാറാക്കി. നോർക്ക വഴി രജിസ്റ്റർ ചെയ്തവരിൽ ആരോഗ്യ പ്രശനങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയില്‍ എത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍, അടുത്ത ബന്ധുക്കള്‍ മരിച്ചവര്‍, ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ എന്നിവർക്കാണ് മുൻഗണന. കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമേ തിരികെ കൊണ്ടു വരൂ.

യുഎഇയിലെ 197,000 ഇന്ത്യക്കാർ കോവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പൗരന്മാരുടെ വിവരങ്ങൾ ശേഖരിക്കുന്ന ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 200,000 ത്തോളം പേരെ ക്വാറന്റൈൻ കേന്ദ്രങ്ങളിലും ആശുപത്രികളിലും പാർപ്പിക്കാൻ കേരളം സജ്ജമായതിനാലാണ് ആദ്യ രണ്ടു വിമാനങ്ങളും കേരളത്തിലേക്ക് എത്തുന്നത്.

ഇന്ത്യയില്‍ എത്തിയാല്‍ ഇവർ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ആശുപത്രിയിലോ, പ്രത്യേകമായി സജ്ജീകരിക്കുന്ന സ്ഥലങ്ങളിലോ ആണ് ക്വാറന്റൈനില്‍ കഴിയേണ്ടത്. ക്വാറന്റൈനില്‍ കഴിയുന്നതിന്റെ ചെലവും പ്രവാസി തന്നെ വഹിക്കണം. 14 ദിവസത്തിന് ശേഷം കോവിഡ് പരിശോധന നടത്തും. കോവിഡ് ഇല്ലെന്ന് തെളിഞ്ഞാല്‍ വീട്ടിലേക്ക് പോകാം.

അതേസമയം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടന്നിരുന്ന പ്രവാസികളെ തിരികെയെത്തിക്കാന്‍ നാവിക സേന കപ്പലുകൾ പുറപ്പെട്ടു. രണ്ടു കപ്പലുകൾ മാലിദ്വീപിലേക്കും ഒരെണ്ണം ദുബായിലേക്കുമാണ് പുറപ്പെട്ടിരിക്കുന്നത്. തീര കടലില്‍ ഉണ്ടായിരുന്ന കപ്പലുകൾ പ്രവാസികളെ തിരികെയെത്തിക്കാന്‍ നിയോഗിച്ചതായി നാവികസേന അറിയിച്ചു.

ഐഎന്‍എസ് ജലാശ്വയും ഐഎന്‍എസ് മഗറുമാണ് മാലിദ്വീപിലേക്ക് പോയിരിക്കുന്നത്. ഐഎന്‍എസ് ഷര്‍ദുലാണ് ദുബൈയില്‍ എത്തുക. പ്രവാസികളുമായി കപ്പലുകള്‍ കൊച്ചിയിലേക്കാണ് എത്തുക. ഐഎന്‍എസ് മഗറും ഐഎന്‍എസ് ഷര്‍ദുലും ദക്ഷിണ നാവിക സേനയുടെ കപ്പലുകളാണ്. ഐഎന്‍എസ് ജലാശ്വ ഈസ്റ്റേണ്‍ നേവല്‍ കമാന്റിന്റെ കപ്പലാണ്. കേന്ദ്ര നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കപ്പലുകള്‍ യാത്ര തിരിച്ചിരിക്കുന്നത്.

കപ്പലുകള്‍ രണ്ടു ദിവസത്തിനകം ദുബായിലും മാലിദ്വീപിലും എത്തുമെന്ന് നാവിക സേന അറിയിച്ചു. സാധാരണഗതിയില്‍ ഒരു കപ്പലില്‍ 500-600 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ എത്ര പേരെ ഉള്‍ക്കൊള്ളിക്കാമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മാലിയില്‍ നിന്ന് 700 ഇന്ത്യക്കാരെയാണ് ഒഴിപ്പിക്കാനുള്ളതെന്നാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.