തിരുവനന്തപുരം :സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്‌സിനുകളാണ് എത്തിയത്. പൂനെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്‌സിനുകള്‍ വിമാനമാര്‍ഗമാണ് കൊച്ചി എയര്‍പോര്‍ട്ടിലും തിരുവനന്തപുരം എയര്‍പോര്‍ട്ടിലും എത്തിച്ചത്.

കൊച്ചിയിലെത്തിച്ച 1,80,000 ഡോസ് വാക്‌സിനുകള്‍ എറണാകുളം റീജിയണല്‍ വാക്‌സിന്‍ സ്റ്റോറിലും 1,19,500 ഡോസ് വാക്‌സിനുകള്‍ കോഴിക്കോട് റീജിയണല്‍ വാക്‌സിന്‍ സ്റ്റോറിലും എത്തിച്ചു. തിരുവനന്തപുരത്തെത്തിച്ച 1,34,000 ഡോസ് വാക്‌സിനുകള്‍ തിരുവനന്തപുരത്തെ റീജിയണല്‍ വാക്‌സിന്‍ സ്റ്റോറിലും എത്തിച്ചിട്ടുണ്ട്.

Read More: കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്: അറിയേണ്ടതെല്ലാം

കോഴിക്കോട് എത്തിച്ച വാക്‌സിനില്‍ നിന്നും 1,100 ഡോസ് വാക്‌സിനുകള്‍ മാഹിക്കുള്ളത്.റീജിയണല്‍ സംഭരണ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ എത്തിയ ഉടന്‍ തന്നെ നടപടിക്രമങ്ങള്‍ പാലിച്ച് ജില്ലകളിലേക്ക് വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

റീജിയണല്‍ വാക്‌സിന്‍ സ്റ്റോറില്‍ സ്റ്റോറില്‍ നിന്നും അതത് ജില്ലാ വാക്‌സിന്‍ സ്റ്റോറുകളിലാണ് എത്തിക്കുന്നത്. അവിടെ നിന്നാണ് ബന്ധപ്പെട്ട വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആവശ്യാനുസരണം വാക്‌സിന്‍ എത്തിക്കുന്നത്.

covid 19,covid 19 vaccine,covid vaccine,first phase covid vaccine,കൊവിഡ് 19,കൊവിഡ് വാക്സീൻ,കൊവിഡ് വാക്സീൻ കേരളത്തിന്,വാക്സീൻ കേരളത്തിന്,vaccine

കൊച്ചിയിൽ വാക്സിൻ എത്തിച്ചപ്പോൾ

തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂര്‍ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂര്‍ 32,650, കാസര്‍ഗോഡ് 6,860 എന്നിങ്ങനെ ഡോസ് വാക്‌സിനുകളാണ് ജില്ലകളില്‍ വിതരണം ചെയ്യുന്നത്.

Read More: Kerala Covid 19 Vaccination Centre List: വാക്സിനേഷന് ഒരുങ്ങി കേരളം; വിതരണകേന്ദ്രങ്ങളുടെ പൂർണ പട്ടിക

16-നാണ് രാജ്യത്ത് കോവിഡ് വാക്സിനേഷൻ യജ്ഞം ആരംഭിക്കുക. സംസ്ഥാനത്താകെ 170 കേന്ദ്രങ്ങളാണ് വാക്സിനേഷനായി ഒരുക്കിയിട്ടുള്ളത്. ഇവിടങ്ങളില്‍ ഒരു ദിവസം 100 വീതം പേര്‍ക്ക് വാക്സിൻ നൽകും. വാക്സിന്റെ ലഭ്യത അനുസരിച്ച് ഓരോ ജില്ലകളിലും നൂറിലധികം കേന്ദ്രങ്ങൾ വരും ദിവസങ്ങളില്‍ സജ്ജമാക്കും. നിലവില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ 359549 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുൻനിര പ്രവർത്തകർക്കുമാണ് ആദ്യഘട്ടം വാക്സിൻ നൽകുക.

മറ്റന്നാളോടെ രാജ്യത്ത് എല്ലായിടത്തും വാക്സിൻ എത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. കേരളത്തിലേതടക്കം രാജ്യത്തെ പതിമൂന്ന് കേന്ദ്രങ്ങളിലേക്ക് അന്‍പത്തിയാറര ലക്ഷം ഡോസ് വാക്സിനാണ് അടിയന്തരമായി എത്തിക്കുന്നത്. കേന്ദ്രത്തിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് ആദ്യ ആയിരം മില്യണ്‍ ഡോസ് വാക്സിനാണ് 200 രൂപക്ക് നല്‍കുകയെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു.

ജനുവരി 16 മുതലാണ് രാജ്യത്ത് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് ആരംഭിക്കുന്നത്. തുടക്കത്തില്‍ 30 കോടി പേര്‍ക്ക്‌ വാക്‌സിന്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ മൂന്ന് കോടി ആരോഗ്യ പ്രവര്‍ത്തകര്‍ ഉൾപ്പെടെയുള്ള കോവിഡ് മുന്നണി പോരാളികൾക്കാണ് വാക്‌സിന്‍ നല്‍കുക. രണ്ടാംഘട്ടത്തില്‍ 50 വയസിന് മുകളിലുള്ളവര്‍ക്കും അൻപതിനു താഴെയുള്ള മരണകാരണമാകാവുന്ന മറ്റ് അസുഖങ്ങളുള്ളവർക്കും നല്‍കും.

ആദ്യഘട്ടത്തിൽ വാക്സിൻ വിതരണ ചെലവ് മുഴുവൻ കേന്ദ്രം വഹിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. പതിനൊന്ന് കോടി ഡോസ് കോവിഷീല്‍ഡ് വാക്സിനുള്ള പര്‍ച്ചേസ് ഓര്‍ഡറാണ് കേന്ദ്രം സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്‍കിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.