കൊച്ചി: കോവിഡ് വ്യാപന ഭീഷണിയെത്തുടർന്ന് കൊച്ചി നഗരത്തിൽ അതീവ ജാഗ്രത. കൊച്ചി കോർപറേഷൻ പരിധിയിൽ മാത്രം 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളം ജനറൽ ആശുപത്രിയിൽ മാത്രം 72 പേരെ കോവിഡ് രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.

കോർപറേഷന് പുറമേ ചെല്ലാനം ഗ്രാമ പഞ്ചായത്തിലും നിയന്ത്രണങ്ങൾ കടുപ്പിക്കും. ചെല്ലാനത്തെ പതിനഞ്ചാം വാർഡ് പൂർണമായും പതിനാറാം വാർഡ് ഭാഗികമായും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ചെല്ലാനം ഹാർബർ പൂർണമായും അടച്ചു. ചെല്ലാനത്തെ മത്സ്യത്തൊഴിലാളികൾ മറ്റു ഹാർബറുകളിൽ പോവരുതെന്നും നിർദേശമുണ്ട്.

Read More: കൊച്ചിയില്‍ അതീവ ജാഗ്രത: രോഗവ്യാപനമുണ്ടായാൽ സ്ഥിതി രൂക്ഷമാകുമെന്ന് വി.എസ്.സുനിൽ കുമാർ

ചെല്ലാനത്തെ ക്വർട്ടീന ആശുപത്രി അടച്ചിടുകയും ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർ ഐസൊലേഷനിൽ പോവുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്ന് സർക്കാർ നിർദേശം നൽകി. മത്സ്യതൊഴിലാളിയുടെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ചെല്ലാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കിയത്.

കൊച്ചി നഗരത്തിൽ അതീവ ശ്രദ്ധ ആവശ്യമാണെന്ന് മേയർ സൗമിനി ജെയിൻ വ്യക്തമാക്കി. നഗരത്തിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപന സാധ്യത നിലനിൽക്കുന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. എറണാകുളം മാര്‍ക്കറ്റിലെ മൂന്ന് തൊഴിലാളികള്‍ക്ക് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ എറണാകുളം മാര്‍ക്കറ്റ് കേന്ദ്രമായി രോഗം ബാധിച്ചവരുടെ എണ്ണം പന്ത്രണ്ടായി വർധിക്കുകയും ചെയ്തു.

ജൂലൈ രോഗം സ്ഥിരീകരിച്ച 66 വയസുള്ള തോപ്പുംപടി സ്വദേശിയുടെ വ്യാപാരസ്ഥാപനത്തിൽ ജോലിക്കാരായ 39, 20 വയസുള്ള പശ്ചിമബംഗാൾ സ്വദേശികൾ, 38 വയസുള്ള തമിഴ്നാട് സ്വദേശി എന്നിവർക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥ്രിരീകരിച്ചത്. എറണാകുളം മാർക്കറ്റിലെ വ്യാപാരസ്ഥാപങ്ങളിലെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവിടെ നിന്നുള്ള ആളുകളുടെ സ്രവപരിശോധന പുരോഗമിക്കുന്നു. വെള്ളിയാഴ്ച മൊബൈൽ മെഡിക്കൽ ടീം 57 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. സാമ്പിൾ ശേഖരണം ഇന്നും തുടരുന്നുണ്ട്.

Read More: കൊച്ചി നഗരകേന്ദ്രം കോവിഡ് ഭീഷണിയിൽ; എറണാകുളം മാർക്കറ്റും ബ്രോഡ്‌വേയും കണ്ടൈന്‍മെന്റ് സോൺ

നഗരത്തിൽ രോഗവ്യാപനമുണ്ടായാൽ സ്ഥിതി രൂക്ഷമാകുമെന്ന് മന്ത്രി വി.എസ്.സുനിൽ കുമാർ വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഡ് വ്യാപനത്തെത്തുടർന്ന് കൊച്ചി നഗര കേന്ദ്രത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് അടച്ചിടാൻ തീരുമാനിച്ചിരുന്നു. എറണാകുളം മാർക്കറ്റും ബ്രോഡ്‌വേയുമടക്കമുള്ള മേഖലകളാണ് അടിച്ചത്. എറണാകുളം മാർക്കറ്റിലെ വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു നടപടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.