തിരുവനന്തപുരം: ആഗോളതലത്തില്‍ കോവിഡ്-19-ന്റെ വ്യാപനം എന്നത്തേക്ക് തടയാനാകുമെന്ന അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ പൗരന്‍മാരും കഴിയുംവിധം കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു. 25,000 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി ആരംഭിക്കാന്‍ പദ്ധതി.

അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ള ഭക്ഷ്യശേഖരം സംസ്ഥാനത്തിന്റെ പക്കലുണ്ടെങ്കിലും അതുകഴിഞ്ഞ് ഭക്ഷ്യവസ്തുക്കള്‍ ലഭിക്കാതെ വരുന്ന സാഹചര്യം ഒഴിവാക്കാന്‍ വേണ്ടി തരിശ് കിടക്കുന്ന എല്ലാ സ്ഥലത്തും കൃഷിയിറക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൃഷി വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിക്കും. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപന അതിര്‍ത്തിയിലും ഭൂമി തരിശിടില്ലെന്ന് പ്രതിജ്ഞ എടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറഞ്ഞ സ്ഥലത്തുനിന്ന് കൂടുതല്‍ വിളയുണ്ടാക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കണം.

നെല്ല്, മരച്ചിനി, കിഴങ്ങുവര്‍ഗങ്ങള്‍ എല്ലാം കൃഷിയിറക്കണമെന്നും ഇനിയെന്തൊക്കെ ആപത്താണ് വരാനിരിക്കുന്നതെന്നും കണ്ടറിയേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിയുള്ളവര്‍ കൃഷി ചെയ്യണം. ഭൂമിയുണ്ടായിട്ടും അതിന് സാധിക്കാത്ത ഇടങ്ങളില്‍ അവരുമായി ധാരണയിലെത്തിശേഷം അവിടെ കൃഷിയിറക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

“നമുക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍ ഇവിടെ ഉല്‍പാദിപ്പിക്കുന്നതിന് പരിമിതിയുണ്ട്. പക്ഷേ, ഒരു ഘട്ടം കഴിഞ്ഞ് ഈ മഹാമാരിയുടെ സംഹാരമുഖം രാജ്യത്തും ലോകത്തും പ്രകടിപ്പിക്കുന്ന അവസ്ഥ വന്നാല്‍ നാം അതിനെ നേരിടേണ്ടവരാണ്. അന്ന് നമ്മള്‍ കരഞ്ഞിട്ട് കാര്യമില്ല. ഇപ്പോള്‍ മുതലേ നാം അതുമായി ബന്ധപ്പെട്ട കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന്,” അദ്ദേഹം പറഞ്ഞു.

നമുക്ക് ആവശ്യമായ ഭക്ഷണം ലഭ്യമാക്കണം. ഇവിടെയില്ലെങ്കില്‍ മറ്റൊരിടത്തു നിന്ന് കൊണ്ടുവരാമായിരുന്നു. അതിനേയും പ്രതികൂലമായി ബാധിക്കുമ്പോള്‍ എവിടെ നിന്ന് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ചോദിച്ചു.

അവിടേയും ശരിയായ രീതിയില്‍ ഉല്‍പാദനം നടക്കുന്നില്ലെങ്കില്‍ നമ്മള്‍ പ്രയാസത്തിലാകും. അപ്പോള്‍ നാം പഴയതു പോലെ ചിന്തിച്ചാല്‍ പോര. നമ്മുടെ നാടിന്റെ പ്രത്യേകത ഉള്‍ക്കൊണ്ടുകൊണ്ട് മഹാമാരിയുടെ രൗദ്രഭാവം ശരിയായ രീതിയില്‍ മനസ്സിലാക്കി അതിനെ നേരിടാനുള്ള കരുതല്‍ നടപടികളിലേക്ക് ഇപ്പോള്‍ തന്നെ കടക്കേണ്ടതായിട്ടുണ്ട്.

ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കുനീക്കം നടക്കുന്നുണ്ട്. പക്ഷേ, ഈ സ്ഥിതി തുടര്‍ന്ന് പോയാല്‍ സാഹചര്യം മാറിയേക്കാം. രാജ്യത്തിന്റെ മറ്റുഭാഗങ്ങളെ എങ്ങനെ ബാധിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുന്നു.

അതിനാല്‍ ഭാവിയെ മുന്നില്‍ കണ്ട് ഒരുക്കം ആരംഭിക്കണം. കാര്‍ഷിക മേഖലയില്‍, വലിയ തോതിലെ ഇടപെടല്‍ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.