ലോകം കോവിഡ്-19-നെ പ്രതിരോധിക്കാനുള്ള കടുത്ത ശ്രമത്തിലാണ്. മരുന്നും മന്ത്രവും പരീക്ഷിക്കുന്നത് മുതല്‍ നഗരങ്ങളും രാജ്യങ്ങളും പൂര്‍ണമായും അടച്ചിടുന്ന സാഹചര്യത്തിലേക്കുവരെ എത്തിയിരിക്കുന്നു. കേരളം നടത്തുന്ന ശ്രമങ്ങളും ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും മുതല്‍ മുകളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ വരെ നീളുന്നു കേരളത്തിന്റെ കൊറോണ വൈറസ് പ്രതിരോധ ശ്രമങ്ങള്‍. ചെറിയ ചെറിയ ശ്രമങ്ങള്‍ ഏറെയുണ്ട്. അവ നല്‍കുന്ന ഫലം വലുതുമാണ്. അങ്ങനെയുളള കുറച്ച് ശ്രമങ്ങള്‍ ഇവയാണ്.

കമ്മ്യൂണിറ്റി കിച്ചണുമായി കൊടകര പഞ്ചായത്ത്

ലോക്ക്ഡൗണിന്റ സാഹചര്യത്തില്‍ എല്ലാവര്‍ക്കും ഭക്ഷണം എത്തിക്കുന്നതിന് കൊടകര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം ആരംഭിച്ചു. ജനത്തിന് ജോലിക്ക് പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ മൂന്നു നേരത്തെ ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനത്തിലൂടെ ഭക്ഷണം വിതരണം ചെയ്യും. ഇതിനായി ഓരോ വാര്‍ഡിലും നാല് പേരടങ്ങുന്ന സംഘങ്ങളെ നിയോഗിച്ചു. വാര്‍ഡ് മെംബര്‍മാരുടെ നേതൃത്വത്തില്‍ കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കും.

ഇവര്‍ക്ക് കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം ഉറപ്പ് വരുത്തും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജോലിക്കും മറ്റുമായി പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്കും ലോക്ക്ഡൗണിന്റെ ഭാഗമായി സഹായം ലഭ്യമാക്കും. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതും സാമ്പത്തികമായി മുന്നിട്ട് നില്‍ക്കുന്നതുമായ കുടുംബങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിന് ഹോം ഡെലിവറി സംവിധാനം കൂടുതല്‍ ശക്തമാക്കും. ഇവര്‍ക്കായി വാങ്ങുന്ന സാധങ്ങളുടെ ബില്ല് പിന്നീട് അതത് വ്യാപാര കേന്ദ്രങ്ങളില്‍ അടക്കുവാനുള്ള സംവിധാനം ഏര്‍പ്പെടുത്തും.

പഞ്ചായത്ത് പരിധിയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഭക്ഷ്യ സാധനങ്ങളുടെ 30 ശതമാനം സ്റ്റോക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന നിർദേശം നല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.പ്രസാദന്‍ പറഞ്ഞു. ലോക്ക്ഡൗണിന്റ കര്‍ശന നിർദേശങ്ങള്‍ നിലനില്‍ക്കുമ്പോഴും ജനങ്ങളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിന് പഞ്ചായത്ത് അധികൃതര്‍ 24 മണിക്കൂറും സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദിവാസി മേഖലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കട

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസം നല്‍കാനുള്ള വിഹിതം റേഷന്‍ കടകളില്‍ എത്തിച്ചിട്ടുണ്ടെന്ന് തൃശൂര്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ടി.അയ്യപ്പദാസ് അറിയിച്ചു. കൂടാതെ ഏപ്രില്‍ മാസത്തെ വിഹിതം മാര്‍ച്ച് 30 നുള്ളില്‍ എത്തും. റേഷന്‍ കടയില്‍ കോവിഡ് വ്യാപനം തടയുന്നതിനായി മൂന്ന് മാസ്‌ക്കുകള്‍ വീതം നല്‍കി. 1200 ഓളം റേഷന്‍ കടകള്‍ക്ക് മാസ്‌ക്കുകള്‍ എത്തിച്ചു. കൂടാതെ ജനങ്ങള്‍ക്കായി വെള്ളം, സോപ്പ്, സാനിറ്റൈസര്‍ എന്നിവയും ഒരുക്കി. ശുചിത്വമിഷന്‍ തയ്യാറാക്കിയ പോസ്റ്ററുകളും റേഷന്‍ കടകളില്‍ നല്‍കിയിട്ടുണ്ട്. ഒരേ സമയം അഞ്ച്‌പേരില്‍ കൂടാതെ ആളുകള്‍ കടകളില്‍ എത്തണമെന്നും അറിയിച്ചിട്ടുണ്ട്.

ക്വാറന്റൈനില്‍ ഉള്ളവര്‍ ഹെല്‍ത്തിലെയോ ആരോഗ്യഡിപ്പാര്‍ട്ട്‌മെന്റിലെയോ ആളുകളെ അറിയിച്ചാല്‍ അവര്‍ റേഷന്‍ വീടുകളില്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കും. റേഷന്‍കാര്‍ഡ് നമ്പര്‍ മാത്രം പറഞ്ഞാലും റേഷന്‍ നല്‍കും. ആദിവാസി മേഖലകളില്‍ വാതില്‍പ്പടി വിഹിതം ഇപ്പോഴും നല്‍കുന്നുണ്ട്. സഞ്ചരിക്കുന്ന റേഷന്‍ കട എന്ന സംവിധാനം ചാലക്കുടിയിലും ജില്ലയിലെ മറ്റു ആദിവാസി മേഖലകളിലും ഫലവത്തായി നടക്കുന്നുണ്ട്. പൊതുവിപണിയില്‍ എല്ലായിടത്തും കാര്യക്ഷമമായി പരിശോധന നടത്തുണ്ട്. അധികവില ഈടാക്കിയാല്‍ കര്‍ശന നടപടി കൈകൊള്ളും.

ജില്ലയിലെ 600 ഓളം വരുന്ന ഗ്യാസ് ഡെലിവറി ബോയ്സിനായി അതാതു താലൂക്ക് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഒരു ബോധവല്‍ക്കരണം നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

അഴീക്കോട് മാരിടൈം കോളേജ് ക്വാറന്റൈന്‍ കേന്ദ്രമാക്കി

കോവിഡ്-19 സമൂഹബാധയുടെ പശ്ചാത്തലത്തില്‍ അഴീക്കോട് മാരിടൈം കോളേജ് ക്വാറന്റൈന്‍ കേന്ദ്രമാക്കി. വിശാലമായ ഹോസ്റ്റല്‍ അടക്കം എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ളതാണ് കോളേജ്. പുതുതായി നിരീക്ഷണത്തിലുളളവരെ താമസിപ്പിക്കുന്നതിനായി പുതിയ ക്വാറെന്റെന്‍ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിന്റെ അടിസ്ഥാനത്തില്‍ ഇ.ടി.ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അടക്കമുള്ളവര്‍ സന്ദര്‍ശിച്ച് വിലയിരുത്തിയതിനെ തുടര്‍ന്നാണ് മാരിടൈം കോളേജ് ക്വാറൈന്റന്‍ കേന്ദ്രമാക്കാന്‍ തീരുമാനിച്ചത്.

കയ്പമംഗലം മണ്ഡലത്തില്‍ പുതുതായി നിരീക്ഷണത്തില്‍ വരുന്നവര്‍ക്കായി നൂറ്റമ്പതോളം കിടക്കകള്‍ ഒരുക്കും. മാരിടൈം കോളേജ് കൂടാതെ ക്വാറൈന്റന് കേന്ദ്രമാക്കാന്‍ തീരുമാനിച്ച അഴീക്കോട് പഴയ കരിക്കുളം ഹോസ്പിറ്റല്‍, കയ്പമംഗലം ഗാര്‍ഡിയന്‍ ആശുപത്രി, മതിലകം ആല്‍ഫ പാലിയേറ്റീവ് ആശുപത്രി, ചെന്ത്രാപ്പിന്നി അല്‍ ഇഖ്ബാല്‍ ആശുപത്രി എന്നിവിടങ്ങളിലായാണ് ഈ സംവിധാനങ്ങള്‍ ഒരുക്കുക. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി മതിലകം ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.

തെരുവില്‍ ജീവിക്കുന്നവര്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഭക്ഷണം

കോവിഡ്-19 ന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവുമായി വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്. സന്നദ്ധ സംഘടനകളുടെയും ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത സഹകരണത്തോടെയാണ് ഭിക്ഷാടകര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കിയത്. വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലുള്ള നൂറോളം പേര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. ദിവസക്കൂലിക്ക് ജോലിചെയ്ത് ജീവിച്ചിരുന്ന വീടുകളിലെ ആളുകള്‍ക്ക് ഭക്ഷ്യ സാധനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടെന്ന വിവരം ലഭിച്ചാല്‍ വരും ദിനങ്ങളില്‍ അവര്‍ക്ക് വേണ്ട ഭക്ഷ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍.ഷാജിത് പറഞ്ഞു.

ലോക്ക്ഡൗണിനെ നേരിടാന്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ദരിദ്ര കുടുംബങ്ങള്‍ക്കും സൗജന്യ ഭക്ഷണകിറ്റൊരുക്കി പെരിഞ്ഞനം പഞ്ചായത്ത്. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സച്ചിത്തിന്റെ നേതൃത്വത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ലിസ്റ്റ് തയ്യാറാക്കി.

അന്യസംസ്ഥാന തൊഴിലാളികള്‍, എസ്ടി കോളനിയില്‍ പിന്നാക്കം നില്‍ക്കുന്ന ദരിദ്രര്‍, ഹോം ക്വാറന്റൈനില്‍ ഇരിക്കുന്ന ഭക്ഷണം ആവശ്യമുള്ളവര്‍ എന്നിങ്ങനെ ഒരു വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുത്ത 50 പേര്‍ക്കാണ് ഭക്ഷണ കിറ്റുകള്‍ നല്‍കുന്നത്. സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് പഞ്ചായത്ത് ഈ പദ്ധതി നടപ്പിലാക്കുന്നത്. രണ്ടരലക്ഷം രൂപയാണ് ഇതിന് ചെലവ് വരിക. 650 പേര്‍ക്കാണ് സൗജന്യ ഭക്ഷണ കിറ്റുകള്‍ അവരുടെ വീടുകളില്‍ എത്തിച്ച് നല്‍കുക.

അഗതികള്‍ക്ക് ആശ്രയം ഒരുക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

വഴിയോരങ്ങളില്‍ അലഞ്ഞുതിരിയുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനും സുരക്ഷിതമായി നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിനുമായി തൃശൂര്‍ ജില്ലാ ഭരണകൂടവും കോര്‍പ്പറേഷനും സംയുക്തമായി താമസകേന്ദ്രം ഒരുക്കി. മോഡല്‍ ബോയ്സ്, ഗേള്‍സ് സ്‌കൂളുകളിലായാണ് താമസം ഒരുക്കിയിട്ടുളളത്.

ഇരുന്നൂറോളം വരുന്ന അഗതികളെ പാര്‍പ്പിച്ചിരിക്കുന്നത്. ജില്ലാ കലക്ടര്‍ എസ്.ഷാനവാസിന്റെ നിർദേശപ്രകാരമാണിത്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും ചികിത്സിക്കാന്‍ ഡോക്ടര്‍മാരും മരുന്നും ഒരുക്കും. കര്‍ഫ്യൂ കാലാവധി കഴിയുന്നതുവരെ ഇവിടെ സുരക്ഷിതമായി താമസിക്കുന്നവര്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് മേയര്‍ അജിത ജയരാജന്‍ പറഞ്ഞു.

ആവശ്യമായ ഭക്ഷണം ഒരുക്കാന്‍ കുടുംബശ്രീയെയും സന്നദ്ധ സംഘടനകളെയും സ്വകാര്യ വ്യക്തികളെയും ഏര്‍പ്പെടുത്തുമെന്നും മേയര്‍ അറിയിച്ചു. ഇപ്പോള്‍ അവര്‍ക്കുള്ള ഭക്ഷണം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് എത്തിക്കുന്നതെന്ന് മേയര്‍ പറഞ്ഞു. അംഗസംഖ്യ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലും അവര്‍ക്കാവശ്യമുള്ള കിടപ്പാടവും ഭക്ഷണവും ഒരുക്കും.

നിരാലംബരെ സംരക്ഷിക്കാന്‍ ഗുരുവായൂര്‍ നഗരസഭ താല്‍ക്കാലിക ക്യാമ്പ് ആരംഭിച്ചു. ലോക്ക്ഡൗണ്‍ കാരണം തിരികെ നാട്ടിലേക്ക് പോകാനാകാതെ കുടുങ്ങിപോയ ആളുകളെ ക്യാമ്പില്‍ പാര്‍പ്പിക്കും. ഗുരുവായൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളാണ് താല്‍ക്കാലിക ക്യാമ്പായി സജ്ജീകരിച്ചിട്ടുള്ളത്. നിലവില്‍ 72 പേരെ ക്യാമ്പില്‍ താമസിപ്പിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ ഗുരുവായൂര്‍ നഗരത്തില്‍ പലയിടങ്ങളിലായി അലഞ്ഞു നടന്നിരുന്ന 42 പേരെ നഗരസഭ അഗതിമന്ദിരത്തില്‍ പാര്‍പ്പിച്ചിരുന്നു. ബാക്കിയുള്ളവരെയാണ് ഇപ്പോള്‍ ഈ പ്രത്യേക ക്യാമ്പിലേക്ക് മാറ്റുന്നത്. ക്യാമ്പിലേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ ഗുരുവായൂര്‍ ദേവസ്വം നേരിട്ട് എത്തിക്കും. ഭക്ഷണം പാകം ചെയ്യുന്ന ചുമതല നഗരസഭ കുടുംബശ്രീയെ ഏല്‍പ്പിച്ചു. പൊലീസിന്റെ സഹായത്താലാണ് അഗതികളെ ക്യാമ്പുകളില്‍ കൊണ്ടുവരുന്നത്. തുടര്‍ന്ന് പൊലീസ് നിരീക്ഷണവും മെഡിക്കല്‍ സൗകര്യവും ഏര്‍പ്പെടുത്തും.

ഓണ്‍ലൈന്‍ പഠനവുമായി കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല

കോവിഡ്-19 പ്രതിരോധത്തിനായി രാജ്യം ഒറ്റക്കെട്ടായി കരുതലോടെയിരിക്കുന്ന ഈ ഘട്ടത്തില്‍ കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല അഫിലിയേറ്റഡ് കോളേജ് വിദ്യാർഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ഉപകരിക്കുന്ന മാര്‍ഗ നിർദേശങ്ങളുമായി രംഗത്തെത്തി.

ക്ലാസ്സുകള്‍ ഒഴിവാക്കിയതിനാല്‍ വിദ്യാർഥികള്‍ കോളേജുകളില്‍ നിന്നു വിട്ടു നില്‍ക്കുന്ന സാഹചര്യത്തിലാണ് പഠനം ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് മുന്നോട്ട് കൊണ്ട് പോകാന്‍ സര്‍വകലാശാല നിർദേശിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍, ചെറു പരീക്ഷകള്‍, ഓൺലൈന്‍ നോട്ടുകള്‍, വിദ്യഭ്യാസ വീഡിയോകള്‍, ക്വിസ്സ് പ്രോഗ്രാമുകള്‍, ഓണ്‍ലൈന്‍ അസൈന്‍മെന്റുകള്‍, വീഡിയോ കോണ്‍ഫറന്‍സിങ് ഉപയോഗിച്ചുള്ള പരിപാടികള്‍, മൂഡില്‍ പോലുള്ള ആധുനിക ലേണിങ് ഫ്‌ളാറ്റ് ഫോമുകള്‍ വഴി വിതരണം ചെയ്യാവുന്ന മൊഡ്യൂളുകള്‍, ആപ്പുകളായി രൂപപ്പെടുത്തിയ പഠന സഹായ സാമഗ്രികള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന അധ്യാപന പഠന സംവിധാനങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തും.

ആരോഗ്യ സര്‍വകലാശാല നൂതന വിദ്യാഭ്യാസ രീതികളില്‍ പരിശീലനം നല്‍കിയിട്ടുള്ള ഇരുന്നൂറോളം അധ്യാപകരുടെ സേവനം വര്‍ക്ക് ഫ്രം ഹോം മാതൃകയില്‍ ഉപയോഗപ്പെടുത്താനുമാണ് സര്‍വ്വകലാശാല ലക്ഷ്യമിടുന്നതെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.മോഹന്‍ കുന്നമ്മേല്‍ അറിയിച്ചു.

മാസ്‌ക് നിര്‍മ്മിക്കാന്‍ കുടുംബശ്രീ അംഗങ്ങള്‍

കോവിഡ്-19 വ്യാപനം തടയുന്നതിനായി മാസ്‌ക് നിര്‍മ്മാണ യൂണിറ്റുമായി കുഴൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങള്‍. നാല് പേരടങ്ങുന്ന 10 യൂണിറ്റുകളിലായാണ് മാസ്‌ക് നിര്‍മ്മാണം. ഒരു ദിവസം 500 മാസ്‌ക് വരെ ഈ കൂട്ടായ്മയിലൂടെ നിര്‍മ്മിക്കുന്നു. പഞ്ചായത്ത് ഓഫീസ്, ഹെല്‍ത്ത് സെന്റര്‍, പലചരക്ക് കട എന്നിവിടങ്ങളിലെല്ലാം നിര്‍മ്മിക്കുന്നവ വിതരണം ചെയ്യുന്നുണ്ട്. ഡബിള്‍ ലെയര്‍ മാസ്‌ക്ക് ഒന്നിന് 10 രൂപ നിരക്കിലാണ് വില്‍പ്പന. മാസ്‌ക് നിര്‍മ്മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ എറണാകുളത്തുനിന്നാണ് കൊണ്ടുവരുന്നത്.

ജില്ലാ മിഷന്റെ ഓര്‍ഡര്‍ അനുസരിച്ചു 1000 മാസ്‌ക്കുകള്‍ നിര്‍മ്മിച്ചു നല്‍കി. ആകെ 223 യൂണിറ്റുകളാണ് പഞ്ചായത്ത് കുടുംബശ്രീയില്‍ വരുന്നത്. കോവിഡ്-19 നെ തടയുന്നതിന് സുരക്ഷിത മാര്‍ഗ്ഗങ്ങളിലൊന്ന് എന്ന ചിന്തയില്‍ നിന്നാണ് മാസ്‌ക് നിര്‍മ്മാണ യൂണിറ്റ് എന്ന തീരുമാനത്തിലേക്കെത്തിയതെന്ന് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സ്മിത ബിബിന്‍ ദാസ് പറഞ്ഞു. മാസ്‌ക് ആവശ്യമുള്ളവര്‍ക്ക് അത് എത്തിച്ചുകൊടുത്തുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. കേരളത്തില്‍ അനവധി കുടുംബശ്രീ യൂണിറ്റുകള്‍ ഇപ്പോള്‍ മാസ്‌ക് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

കൊയ്ത്ത് നിലയ്ക്കില്ല

തൃശൂര്‍, പാലക്കാട്, കുട്ടനാട് എന്നീ നെല്‍കൃഷി മേഖലകളിലെ വിളഞ്ഞ പാടങ്ങള്‍ കൊയ്തെടുക്കുന്നത് അവശ്യസര്‍വീസായി പരിഗണിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊയ്ത്തിന്റെ സമയം ആയതിനാല്‍ അത് നീട്ടിവയ്ക്കാനാവില്ല. കൊയ്ത്ത് യന്ത്രം തമിഴ്നാട്ടില്‍ നിന്നാണ് എത്തിക്കാറുളളത്. അടച്ചിടല്‍ നിർദേശങ്ങളുടെ ഭാഗമായി കൊയ്ത്ത് യന്ത്രങ്ങള്‍ വരുന്നത് തടസ്സപ്പെടുത്തേണ്ടതില്ല. കൊയ്ത്ത് കഴിഞ്ഞാല്‍ നെല്ല് പാടത്ത് ഉപേക്ഷിക്കപ്പെടരുത്. സംഭരണത്തിന് ആവശ്യമായ ക്രമീകരണം ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി കലക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തൊണ്ടിമുതല്‍ ഉപയോഗിച്ച് സാനിറ്റൈസര്‍ നിര്‍മ്മാണം

തൃശൂരിലെ സംസ്ഥാന സര്‍ക്കാരിന്റെ മാനസികാരോഗ്യ കേന്ദ്രത്തില്‍ സാനിറ്റൈസര്‍ നിര്‍മ്മിച്ചു. എക്‌സൈസ് വകുപ്പ് സൂക്ഷിച്ചിരുന്ന സ്പിരിറ്റ് എത്തിച്ചാണ് സാനിറ്റൈസര്‍ നിര്‍മ്മിച്ചത്. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാനിറ്റൈസര്‍ ഉപയോഗം വ്യാപകമായതോടെയാണ് സാനിറ്റൈസര്‍ നിര്‍മ്മാണത്തിനുള്ള സ്പിരിറ്റിന് ആവശ്യമേറിയത്. ഇതിനുവേണ്ടി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രത്യേക നിര്‍ദേശപ്രകാരം എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റുമായി മാനസികാരോഗ്യ കേന്ദ്രം അധികൃതര്‍ ബന്ധപ്പെടുകയായിരുന്നു. തൊണ്ടി മുതലായി സൂക്ഷിച്ച സ്പിരിറ്റ് ലഭിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ കലക്ടര്‍ ഷാനവാസും നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായാണ് 75 ലിറ്റര്‍ സ്പിരിറ്റ് മാനസികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചത്.

ബ്രേക്ക് ദി ക്യാമ്പയിന്റെ ഭാഗമായി മാനസികാരോഗ്യ കേന്ദ്രത്തിലെ സൊസൈറ്റി ഫോര്‍ ഒക്കുപേഷണല്‍ തെറാപ്പി ആന്‍ഡ് റീഹാബിലിറ്റേഷന്റെ നേതൃത്വത്തിലാണ് സാനിറ്റൈസര്‍ നിര്‍മ്മാണം നടന്നത്. 75 ലിറ്റര്‍ സ്പിരിറ്റും ആവശ്യമായ മറ്റു അസംസ്‌കൃത വസ്തുക്കളും ചേര്‍ത്താണ് 88 ലിറ്റര്‍ സാനിറ്റൈസര്‍ ഇവിടെ നിര്‍മ്മിച്ചത്.

98 ശതമാനം സ്പിരിറ്റിനോടൊപ്പം ഡിസ്റ്റില്‍ഡ് വാട്ടര്‍, ഗ്ലിസറിന്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ്, നിറം കൊടുക്കുന്ന വസ്തുക്കള്‍, എസന്‍സ് എന്നിവ ഡബ്ല്യൂഎച്ച്ഒ അനുശാസിക്കുന്ന പ്രത്യേക അനുപാതത്തില്‍ കലര്‍ത്തിയാണ് നിര്‍മ്മിച്ചത്.  ഇത് 500 മില്ലി ലിറ്റര്‍, 200 മില്ലി ലിറ്റര്‍ കുപ്പികളിലാക്കി ജില്ലാ മെഡിക്കല്‍ ഓഫീസ് വഴി വിതരണം ചെയ്തു. ഇതിനുപുറമേ മാനസികാരോഗ്യ കേന്ദ്രത്തിലെ വിവിധ ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇത് നല്‍കി.

ജയിലില്‍ നിന്നും മാസ്‌ക്കും സാനിറ്റൈസറും

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാസ്‌ക്കും സാനിറ്റൈസറും നിര്‍മ്മിച്ച് വില്‍ക്കുന്നു. മാസ്‌ക്കുകളുടേയും ഫ്രീഡം സാനിറ്റൈസറിന്റെയും വിൽപന ജയിലിന് മുന്നിലെ കൗണ്ടറിലൂടെയാണ് വില്‍ക്കുന്നത്. പുനരുപയോഗിക്കാവുന്ന തുണികൊണ്ടുള്ള മാസ്‌ക്കുകളും ഡിസ്പോസിബിൾ മാസ്‌ക്കുകളുമാണ് ജയിലിൽ ഉൽപ്പാദിപ്പിക്കുന്നത്. പ്രതിദിനം 1500 ലധികം മാസ്‌ക്കുകളാണ് ഇപ്പോൾ നിർമിക്കുന്നത്.

ജയിലിലെ 30 തടവുകാർ ഇതുമായി ബന്ധപ്പെട്ട് പകലും രാത്രിയും പ്രവർത്തിച്ചുവരുന്നു. തുണികൊണ്ടുള്ള മാസ്‌ക്കിന് 10 രൂപയും ഡിസ്പോസബിൾ മാസ്‌ക്കിന് അഞ്ചു രൂപയുമാണ് വില. കൗണ്ടറിൽ നിന്നും ഒരാൾക്ക് ഒരു മാസ്‌ക് മാത്രമേ ലഭിക്കൂ. ജയിലിൽ നിർമ്മിച്ച ഫ്രീഡം സാനിറ്റൈസർ വിൽപ്പനയും ആരംഭിച്ചിട്ടുണ്ട്.

100 മില്ലി ലിറ്റർ ബോട്ടിലിന് 100 രൂപയാണ് വില. സെന്റ് തോമസ് കോളേജ് ഡിപ്പാർട്ട്മെന്റ് ഓഫ് കെമിസ്ട്രി റിസർച്ച് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് സാനിറ്റൈസർ നിർമ്മിക്കുന്നത്. 300 ബോട്ടിൽ സാനിറ്റൈസറാണ് വിൽപനയ്ക്കായി നൽകുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.