കൊച്ചി: കോവിഡ്-19 വ്യാപന പശ്ചാത്തലത്തില്‍ പ്രവാസികളെ രാജ്യത്തേക്ക് മടക്കി കൊണ്ടുവരുന്ന വന്ദേഭാരത് ദൗത്യത്തിലെ ആദ്യ വിമാനം നെടുമ്പാശേരിയിലെത്തി. അബുദാബിയില്‍ നിന്നും 177 പേരുമായിട്ടാണ് ബുധനാഴ്ച രാത്രി 10.08 ഓടെ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനമെത്തിയത്.

covid 19 vandebharat

കൊറോണവൈറസ് വ്യാപന ഭീതി ഗള്‍ഫ് മേഖലയില്‍ എത്തിയപ്പോള്‍ തന്നെ പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന ആവശ്യം നാട്ടില്‍ നിന്നും പ്രവാസ ലോകത്തുനിന്നും ഉയര്‍ന്നു തുടങ്ങി. മാര്‍ച്ച് അവസാന വാരത്തോടെ ഇന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിയതോടെ ആശങ്കയുടെ ദിനങ്ങള്‍ ആരംഭിച്ചു. 50 ദിവസത്തോളം കഴിഞ്ഞ് പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുമ്പോഴേക്കും കേരളം തങ്ങളുടെ പ്രവാസി സഹോദരങ്ങളെ സ്വീകരിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞു.

covid 19 vandebharat

കേരളം കോവിഡ്-19-നെ നിയന്ത്രിച്ചു നിര്‍ത്തുമ്പോഴും വിദേശരാജ്യങ്ങളില്‍ അനവധി മലയാളികളെ കൊറോണവൈറസ് ബാധിച്ചിരുന്നു. അവരുടെ സുരക്ഷ സംസ്ഥാനത്തിന്റെയാകെ ആശങ്കയായി മാറിയിരുന്നു.

covid 19 vandebharat

എങ്കിലും അവര്‍ തിരിച്ചെത്തുമ്പോള്‍ കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമോയെന്ന ആശങ്ക ഉയര്‍ന്നു. അതിനാല്‍ സര്‍ക്കാര്‍ 2.5 ലക്ഷം പേരെ ക്വാറന്റൈന്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ എല്ലാ ജില്ലകളിലുമായി ദിവസങ്ങള്‍ കൊണ്ട് ഏര്‍പ്പെടുത്തി.

covid 19 vandebharat

49 ഗര്‍ഭിണികളും നാല് കുഞ്ഞുങ്ങളും അബുദാബിയില്‍ നിന്നുമെത്തിയ വിമാനത്തിലുണ്ടായിരുന്നു. മുപ്പത് പേരുള്ള ആറ് സംഘങ്ങളായി വിമാനത്തില്‍ നിന്നും പുറത്തിറങ്ങിയ യാത്രക്കാരെ ആരോഗ്യ, സുരക്ഷാ പരിശോധനകള്‍ നടത്തിയശേഷം ക്വാറന്റൈന്‍ ചെയ്യേണ്ട സ്ഥലങ്ങളിലേക്ക് അയച്ചു.

covid 19 vandebharat

യാത്രക്കാരെ സ്വന്തം ജില്ലകളിലാണ് ക്വാറന്റൈന്‍ ചെയ്യുന്നത്. അവരെ കൊണ്ടുപോകാനായി എട്ട് കെ എസ് ആര്‍ ടി സി ബസുകളും 40 ടാക്‌സികളുമാണ് ജില്ലാ ഭരണകൂടം സജ്ജമാക്കിയിരുന്നത്.

covid 19 vandebharat

തിരിച്ചെത്തുന്ന പ്രവാസികളില്‍ ഗര്‍ഭിണികളും കുട്ടികളും സ്വന്തം വീട്ടില്‍ തന്നെ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. മറ്റുള്ളവര്‍ ഏഴ് ദിവസം സര്‍ക്കാരിന്റെ കോവിഡ് സെന്ററുകളിലും പിസിആര്‍ പരിശോധനയില്‍ രോഗമില്ലെന്ന് തെളിഞ്ഞാല്‍ വീട്ടിലേക്ക് പോയി വീണ്ടുമൊരു ഏഴ് ദിവസം കൂടെ ക്വാറന്റൈനില്‍ കഴിയണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. താമസിക്കുന്ന മുറിവിട്ട് പുറത്ത് പോകരുതെന്നും വീട്ടുകാരും ക്വാറന്റൈന്‍ പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.