കൊച്ചി: മാലെദ്വീപിലെ പ്രവാസികളുമായുള്ള ആദ്യ കപ്പൽ ഐഎന്‍എസ് ജലാശ്വ വെള്ളിയാഴ്ച രാത്രി മാലെദ്വീപില്‍നിന്ന് കൊച്ചിയിലേക്ക് തിരിച്ചു. ലോക്ഡൗണില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന അയച്ച രണ്ടുകപ്പലുകളില്‍ ആദ്യത്തേതാണിത്. 18 ഗ‌‌‍‌‌‌ർഭിണികളും 14 കുട്ടികളും ഉൾപ്പടെ 698 യാത്രക്കാരാണ് കപ്പലിലുള്ളത്. ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്‍ജയ് സുധീർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ കപ്പലിനെ യാത്രയാക്കി.

വന്ദേഭാരത് മിഷൻറെ ഭാഗമായ ഓപ്പറേഷൻ സമുദ്രസേതുവിന് തുടക്കം കുറിച്ചുകൊണ്ടാണ് ആദ്യ കപ്പൽ ഞായറാഴ്ച തീരമണയുന്നത്. വ്യാഴാഴ്ചയാണ് കപ്പല്‍ മാലെ തുറമുഖത്തെത്തിയത്. മാലെ എയര്‍പോര്‍ട്ടില്‍ സുരക്ഷാപരിശോധനകള്‍ക്കുശേഷമാണ് യാത്രക്കാരെ തുറമുഖത്തെത്തിച്ചത്.

Read More: പ്രവാസികളെ തിരിച്ചെത്തിക്കാം, വിമാനം ചാർട്ടർ ചെയ്യാൻ കൊച്ചി പെന്റ മേനകയിലെ വ്യാപാരികൾ

മലയാളികൾക്കൊപ്പം ഇതരസംസ്ഥാനങ്ങളിലുളളവരും കപ്പലിലുണ്ട്. മാലി വിമാനത്താവളത്തിൽ ഒരു ദിവസം നീണ്ടു നിന്ന നടപടികൾക്ക് ശേഷമാണ് യാതക്കാരെ ബസിൽ തുറമുഖത്തേക്ക് എത്തിച്ചത്. നാവികസേനയുടെ തന്നെ ഐഎൻഎസ് മഗർ എന്ന കപ്പൽ കൂടി മാലെദ്വീപില്‍ എത്തുന്നുണ്ട്.

അതേസമയം ഗള്‍ഫില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേരളത്തില്‍നിന്നു ഇന്ന് മൂന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ യാത്രതിരിക്കും. കുവൈത്ത്, മസ്‌കറ്റ്, ദോഹ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ പറക്കുന്നത്.

കുവൈത്തിലേക്കുള്ള വിമാനം കൊച്ചിയില്‍നിന്നു രാവിലെ പത്തിന് പുറപ്പെടും. ഈ വിമാനം രാത്രി 9.15-ന് കൊച്ചിയില്‍ മടങ്ങിയെത്തും. മസ്‌കറ്റ് വിമാനം ഉച്ചയ്ക്ക് ഒന്നിന് കൊച്ചിയില്‍നിന്നു യാത്രതിരിക്കും. രാത്രി 8.50-ന് തിരിച്ചെത്തും. ദോഹ വിമാനം വൈകീട്ട് നാലിന് പുറപ്പെടും. ഞായറാഴ്ച പുലര്‍ച്ചെ 1.40-ന് മടങ്ങിയെത്തും.

ദോഹയിലെയും കൊലാലംപുരിലെയും പ്രവാസികളെ നാട്ടിലെത്തിക്കാന്‍ രണ്ടുവിമാനങ്ങള്‍ ഞായറാഴ് പുറപ്പെടും. ഉച്ചയ്ക്ക് ഒന്നിന് കോഴിക്കോട്ടുനിന്നു ദോഹയിലേക്കു പറക്കുന്ന വിമാനം രാത്രി 10.45-ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. ഉച്ചയ്ക്ക് ഒന്നിന് കൊച്ചിയില്‍നിന്നു കൊലാലംപുരിലേക്ക് യാത്രതിരിക്കുന്ന വിമാനം രാത്രി 10.45-ന് മടങ്ങിയെത്തും.

പ്രവാസികളെ സ്വീകരിക്കാന്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും പൂര്‍ണസജ്ജമായി. ചൊവ്വാഴ്ച രാത്രി 7.10-ന് ദുബായില്‍നിന്നുള്ള ആദ്യവിമാനം കണ്ണൂരിലിറങ്ങും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ 170-ലേറെ യാത്രക്കാരുണ്ടാകും. സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്തിറക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.