കൊച്ചി: കോവിഡ് വ്യാപനത്തെത്തുടർന്ന് കൊച്ചി നഗര കേന്ദ്രത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച് അടച്ചിടാൻ തീരുമാനം. എറണാകുളം മാർക്കറ്റും ബ്രോഡ്‌വേയുമടക്കമുള്ള മേഖലകളാണ് അടിച്ചിടുന്നത്. എറണാകുളം മാർക്കറ്റിലെ വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
Read More: എറണാകുളം മാര്‍ക്കറ്റ്, ബ്രോഡ്‌വേ കണ്ടൈന്‍മെന്റ് സോണ്‍: ബാധിക്കുന്നത് സംസ്ഥാനത്തെ വ്യാപാര മേഖലയെ
എറണാകുളം മാർക്കറ്റിൽ സെന്റ് ഫ്രാൻസിസ് കത്തീഡ്രൽ മുതൽ പ്രസ്സ് ക്ലബ് റോഡ് വരെയുള്ള ഭാഗങ്ങൾ അടക്കാൻ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. നിലവിൽ ഒരാഴ്ചത്തേക്കാണ് പ്രദേശം അടച്ചിടാൻ തീരുമാനിച്ചത്. രോഗ വ്യാപന നിരക്ക് അനുസരിച്ച് തുടർ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നാണ് വിവരം. ബ്രോഡ് വേയോട് ചേർന്ന് സെന്റ് ഫ്രാൻസിസ് അസീസി കത്തിഡ്രൽ മുതൽ കോൺവെന്റ് ജങ്ഷൻ വരെയുള്ള സ്ഥാപനങ്ങൾ അടച്ചിടും.

പച്ചക്കറി മാർക്കറ്റും, നഗരത്തിലെ പഴയതും തിരക്കേറിയതുമായ വ്യാപാര കേന്ദ്രം ബ്രോഡ് വേയിലെ എല്ലാ സ്ഥാപനങ്ങളും അടച്ചിടും. നിരവധി വസ്ത്ര വ്യാപാര സ്ഥാപനങ്ങളും ഹോൾസെയിൽ ഷോറൂമുകളും അടച്ചു പൂട്ടുന്നവയിലുൾപ്പെടുന്നു. മാര്‍ക്കറ്റ് റോഡ്, ബ്രോഡ്‌വേ, ജ്യൂ സ്ട്രീറ്റ്, ക്ലോത്ത് ബസാര്‍ റോഡ്, മര്‍ച്ചന്റ്‌സ് റോഡ്, മുസ്ലിം സ്ട്രീറ്റ്, പ്രസ് ക്ലബ് റോഡ് എന്നിവയെല്ലാം ഇന്ന് രാത്രി 12 മണി മുതല്‍ ഏഴ് ദിവസത്തേക്ക് അടച്ചിടും.
Read More: സംസ്ഥാനത്ത് 19 പുതിയ ഹോട്ട്‌സ്‌പോട്ടുകൾ; മലപ്പുറത്ത് സ്ഥിതി സങ്കീർണം
മുൻപ് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജോലിക്കാരന്റെ സഹപ്രവർത്തകർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിലുള്ള ആളുകളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. അവർ ജോലി ചെയ്തിരുന്ന വ്യാപാര സ്ഥാപനങ്ങൾ ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്ന് അടച്ചു.
കോവിഡ് ലക്ഷണങ്ങളുള്ളവരുടെ സാംപിൾ പരിശോധിക്കും
മാർക്കറ്റിൽ കോവിഡ് ലക്ഷണങ്ങൾ ഉള്ള എല്ലാവരുടെയും സാമ്പിളുകൾ ശേഖരിക്കാനും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരിൽ റാൻഡം പരിശോധന നടത്താനും കളക്ടർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
നിലവിൽ 26 പേരുടെ സാമ്പിൾ പരിശോധിച്ചു. സാഹചര്യം ഗുരുതരമാവുന്നതിന് മുൻപ് തന്നെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി വി. എസ് സുനിൽകുമാർ വീഡിയോ കോൺഫറൻസിൽ പറഞ്ഞു. കൺടൈൻമെൻറ് സോണിന് പുറത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കടകൾ അടക്കേണ്ട അവസ്ഥ ഉണ്ടാകും. സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്ന ജോലിക്കാരുടെയും കടകളിൽ എത്തുന്നവരുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു.
Read More: കണ്ടക്‌ടർക്ക് കോവിഡ്; ഗുരുവായൂർ-കാഞ്ഞാണി റൂട്ടിലെ ബസ് യാത്രക്കാർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുക
മന്ത്രി വി. എസ് സുനിൽകുമാർ, എം. പി ഹൈബി ഈഡൻ, ഡി. സി. പി ജി പൂങ്കുഴലി തുടങ്ങിയവർ വീഡിയോ കോൺഫെറെൻസിലൂടെ പങ്കെടുത്തു. എം. എൽ. എ ടി ജെ വിനോദ് , സബ് കളക്ടർ സ്നേഹിൽ കുമാർ സിങ്, അസിസ്റ്റന്റ് കളക്ടർ രാഹുൽ കൃഷ്ണ ശർമ, ഡി. എം
ഒ ഡോ. എൻ. കെ കുട്ടപ്പൻ, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.