എറണാകുളം: കോവിഡ്-19 വ്യാപനം തടയാന്‍ 19 ദിവസമായി അടച്ചിട്ടിരിക്കുന്ന എറണാകുളം മാര്‍ക്കറ്റ് തുറക്കാന്‍ അനുവദിക്കണമെന്ന് വ്യാപാരികള്‍. മാര്‍ക്കറ്റില്‍ പച്ചക്കറി-പലചരക്ക് മൊത്തവ്യാപാരം നടക്കുന്നതിന് സമീപത്തെ സ്ട്രീറ്റിലെ കടകളിലെ ജീവനക്കാര്‍ക്ക് രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് ജൂണ്‍ അവസാനം ജില്ലാ ഭരണകൂടം മാര്‍ക്കറ്റ് അടച്ചത്.
ഈ ഭാഗത്തിന്റെ 100 മീറ്റര്‍ ചുറ്റളവിലുള്ള സ്ഥാപനങ്ങള്‍ ഇരിക്കുന്ന പ്രദേശമാണ് ആദ്യം ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചത്. എന്നാല്‍, സമൂഹ വ്യാപനത്തിലേക്ക് പോകുമെന്ന ഭീതിയെ തുടര്‍ന്ന് മാര്‍ക്കറ്റ് മുഴുവന്‍ അടയ്ക്കാന്‍ തീരുമാനമെടുത്തു. ഏഴ് ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. രോഗവ്യാപനത്തിന്റെ ഗതി പരിഗണിച്ചശേഷം സര്‍ക്കാര്‍ ഏഴ് ദിവസം കൂടി നീട്ടി. ഇപ്പോഴും തുടരുന്നു.
Read Also: എറണാകുളം മാര്‍ക്കറ്റ്, ബ്രോഡ്വേ കണ്ടൈന്‍മെന്റ് സോണ്‍: ബാധിക്കുന്നത് സംസ്ഥാനത്തെ വ്യാപാര മേഖലയെ
എന്നാല്‍, രോഗ വ്യാപനം മറ്റു സ്ഥലങ്ങളില്‍ നടക്കുന്നത് പരിഗണിച്ചാണ് ഇപ്പോള്‍ മാര്‍ക്കറ്റ് അടച്ചിട്ടിരിക്കുന്നതെന്ന് കേരള സംസ്ഥാന വ്യാപാരി, വ്യവസായി സമിതിയുടെ എറണാകുളം സിറ്റി യൂണിറ്റ് സെക്രട്ടറി സുള്‍ഫിക്കര്‍ അലി എസ് പറഞ്ഞു. മാര്‍ക്കറ്റിന്റെ ഓരോ വശം ഓരോ ദിവസം തുറക്കാന്‍ അനുവദിക്കണമെന്നതാണ് വ്യാപാരികളുടെ ആവശ്യമെന്ന് അദ്ദേഹം പറയുന്നു.
ഈ ആവശ്യം ജില്ലാ ഭരണകൂടവുമായി വ്യാപാരികള്‍ സംസാരിച്ചിരുന്നു. 30 ശതമാനം കടകള്‍ മാത്രമേ തുറക്കാന്‍ അനുവദിക്കാമെന്നും ഒരു പ്രവേശന കവാടവും ഒരു നിര്‍ഗമന കവാടവും സ്ഥാപിച്ച് പൊലീസ് ജനങ്ങളെ നിയന്ത്രിക്കുമെന്നത് പോലെയുള്ള കര്‍ശന വ്യവസ്ഥകള്‍ അധികൃതര്‍ മുന്നോട്ടു വയ്ക്കുന്നതായും സുള്‍ഫിക്കര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മാര്‍ക്കറ്റില്‍ ഓരോ ദിവസവും ഓരോ വശം മാത്രം തുറന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സുള്‍ഫിക്കര്‍ പറയുന്നു. രണ്ട് കിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ വ്യാപിച്ചു കിടക്കുന്ന മാര്‍ക്കറ്റില്‍ പ്രവേശിക്കുന്നതിനും ഇറങ്ങുന്നതിനും ഓരോ കവാടങ്ങള്‍ മാത്രം വയ്ക്കുന്നത് അപ്രായോഗികമാണെന്നും കൂടുതല്‍ കവാടങ്ങള്‍ വേണമെന്നും സുള്‍ഫിക്കര്‍ പറഞ്ഞു.
കേരളത്തിലെ പ്രധാന മൊത്ത വ്യാപാര ചരക്ക് വിപണിയാണ് എറണാകുളം മാര്‍ക്കറ്റ്. പച്ചക്കറി, പലചരക്ക്, ടെക്സ്റ്റൈല്‍, ഇരുമ്പുരുക്ക് തുടങ്ങി എല്ലാ വിധ സാധനങ്ങളും ഇവിടെ ലഭ്യമാണ്.
Read Also: കൊച്ചി നഗരകേന്ദ്രം കോവിഡ് ഭീഷണിയിൽ; എറണാകുളം മാർക്കറ്റും ബ്രോഡ്വേയും കണ്ടൈന്‍മെന്റ് സോൺ
എറണാകുളം മാര്‍ക്കറ്റിലെ തിരക്ക് നിയന്ത്രിക്കാന്‍ സോണുകളായി തിരിക്കണമെന്ന നിര്‍ദ്ദേശവും വ്യാപാരികള്‍ മുന്നോട്ടു വയ്ക്കുന്നു. പ്രധാനഭാഗമായ പഴം, പച്ചക്കറി, പലചരക്ക് വില്പന നടക്കുന്ന ഭാഗം ഒരു സോണ്‍ ആക്കുക. സ്റ്റേഷണറി മേഖലയെയും വസ്ത്ര വ്യാപാര മേഖലയെയും രണ്ടും മൂന്നും സോണുകളായി തിരിക്കണമെന്നും അവര്‍ പറയുന്നു.
രാവിലെ 9 മുതല്‍ 7 വരെ ടെക്സറ്റൈല്‍, സ്റ്റേഷണറി മേഖലയും പലചരക്ക്, പച്ചക്കറി മൊത്തവ്യാപാര മേഖലയില്‍ രാവിലെ ഏഴ് മുതല്‍ രണ്ട് മണിവരെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.
കൂടാതെ, സോണ്‍ ഒന്നിലേക്ക് ബാനര്‍ജി റോഡില്‍ നിന്നുമുള്ള മാര്‍ക്കറ്റ് റോഡ് വഴി പ്രവേശനവും ഹൈക്കോടതി ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന ബ്രോഡ് വേയുടെ വടക്കേയറ്റം വഴി പുറത്തേക്കും ആളുകളെ അനുവദിക്കണം.
സോണ്‍ രണ്ടില്‍ ഷണ്മുഖം റോഡില്‍ നിന്നും ജ്യൂ സ്ട്രീറ്റ് വഴി പ്രവേശനം അനുവദിക്കുകയും ജ്യൂ സ്ട്രീറ്റ് പത്മ ജംഗ്ഷന് വഴി എംജി റോഡു വഴി പുറത്തേക്കും പോകാന്‍ അനുവദിക്കണം.
സോണ്‍ മൂന്നില്‍ ബ്രോഡ് വേയില്‍ നിന്ന് ആരംഭിക്കുന്ന പോസ്റ്റോഫീസ് ലിങ്ക് വഴി പ്രവേശനം അനുവദിക്കുകയും ഗോപാല പ്രഭു റോഡ് വഴി എംജി റോഡ് വഴി പുറത്തേക്കുള്ള വഴിയൊരുക്കുകയും വേണമെന്നും വ്യാപാരികള്‍ നിവേദനത്തില്‍ പറയുന്നു.
ക്ലോത്ത് ബസാര്‍ റോഡ്, ബ്രോഡ് വേ, പോസ്റ്റോഫീസ് ലിങ്ക് റോഡ്, ഗോപാല പ്രഭു റോഡ്, പ്രസ് ക്ലബ് റോഡ്, തുടങ്ങിയ പ്രദേശങ്ങള്‍ ഇപ്പോള്‍ ലോക്ക്ഡൗണിലാണ്.
തുടര്‍ച്ചയായി സ്ഥാപനങ്ങള്‍ അടച്ചിട്ടാല്‍ അനവധി പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് വ്യാപാരികള്‍ ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിച്ച നിവേദനത്തില്‍ പറയുന്നു. തുണികള്‍ അനക്കം തട്ടാതെ ഇരുന്നാല്‍ നശിക്കും, സ്ഥാപനങ്ങളില്‍ എലി, പാമ്പ് തുടങ്ങിയ ജീവികളുടെ ശല്യമുണ്ടാകും. അവ മാരകമായ പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകും.