തിരുവനന്തപുരം: ശബരിമല മിഥുന മാസ പൂജയ്ക്ക് നട തുറക്കുമ്പോള്‍ ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ലെന്നും ഈ വര്‍ഷത്തെ ഉത്സവം വേണ്ടെന്ന് വയ്ക്കാനും തീരുമാനിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവും തന്ത്രി കണ്ഠരര് മഹേഷ് മോഹനരും നടത്തിയ ചര്‍ച്ചയിലാണ് കോവിഡ്-19 മൂലമുള്ള അസാധാരണ സാഹചര്യം കണക്കിലെടുത്ത് തീരുമാനമെടുത്തത്.

സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ പ്രശ്‌നമാണ് ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നതെന്ന് മന്ത്രി അറിയിച്ചു. ക്ഷേത്രം തുറക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷമാണെന്നും അവരിപ്പോള്‍ പ്ലേറ്റ് മാറ്റിയെന്നും മന്ത്രി പറഞ്ഞു.

ആരാണ് ഭക്തര്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചതെന്ന് അരിയാഹാരം കഴിക്കുന്ന ജനങ്ങള്‍ക്ക് അറിയാമെന്ന് മന്ത്രി പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഭക്തര്‍ക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് തന്ത്രി പറഞ്ഞു.

Read Also: മഹാമാരിയെ വഴിത്തിരിവാക്കണം; പ്രതിസന്ധികളെ തരണം ചെയ്യണമെന്ന് പ്രധാനമന്ത്രി

ആരാധനാലയങ്ങള്‍ എന്തുകൊണ്ട് തുറന്ന് കൊടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷവും ബിജെപിയും നിരന്തരം ചോദിച്ചിരുന്നുവന്ന് മന്ത്രി പറഞ്ഞു. വിദേശ മദ്യ ഷാപ്പുകള്‍ തുറന്ന് കൊടുത്തില്ലേ പിന്നെന്തു കൊണ്ട് ആരാധനാലയം തുറക്കുന്നില്ലെന്ന് സര്‍ക്കാരിനെ പരിഹസിച്ചു.

കോവിഡ് ചട്ടങ്ങള്‍ക്ക് അനുസരിച്ച് ആരാധനാലയങ്ങള്‍ തുറന്ന് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.

ഈ പശ്ചാത്തലത്തിലാണ് മത മേധാവികളുമായും ദേവസ്വം അധികാരികളുമായും തന്ത്രി സമാജം, തന്ത്രി മണ്ഡലം, എന്‍ എസ് എസ്, എസ് എന്‍ ഡി പി, കെ പി എം എസ് സംഘടനകളുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയിരുന്നു. എല്ലാവരും ആരാധനാലയങ്ങള്‍ തുറക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തോട് യോജിച്ചിരുന്നു. കര്‍ശന നിലപാട് വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോടും അവര്‍ യോജിച്ചുവെന്ന് മന്ത്രി പറഞ്ഞു. ഇതേ തുടര്‍ന്നാണ് ആരാധനാലയങ്ങള്‍ തുറന്ന് നല്‍കിയത്.

ശബരിമല തന്ത്രിമാരുടെ അഭിപ്രായം യോഗത്തിന് മുമ്പ് ദേവസ്വം ബോര്‍ഡ് ആരാഞ്ഞിരുന്നുവെന്നും യോഗത്തിന്റെ തീരുമാനം അവരെ അറിയിക്കുകയും ചെയ്തുവെന്ന് മന്ത്രി പറഞ്ഞു.

Read Also: രാജ്യത്ത് പതിനായിരത്തോളം പുതിയ പോസിറ്റീവ് കേസുകൾ; ആശ്വാസമായി രോഗമുക്തരുടെ എണ്ണം

എന്നാല്‍, കോവിഡ് രോഗികളുടെ എണ്ണം വലിയതോതില്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ പുനരാലോചന നടത്തുന്നത് നല്ലതാണെന്ന ചിന്ത ശബരിമല തന്ത്രി പ്രകടിപ്പിച്ചുവെന്നും അദ്ദേഹത്തിന്റെ അഭിപ്രായം ശരിയാണെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു.

ശബരിമലയിലേക്ക് കൂടുതല്‍ ഭക്തര്‍ വരുന്ന തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ കോവിഡ് രോഗ വ്യാപനമുണ്ട്. അവിടെ നിന്നും വരുന്നവര്‍ കോവിഡ് ഇല്ലായെന്ന സര്‍ട്ടിഫിക്കറ്റ് വെര്‍ച്വല്‍ ക്യൂ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ പറഞ്ഞിരുന്നു. ആരെങ്കിലും ഒരാള്‍ ശബരിമലയില്‍ എത്തിയാല്‍ തന്നെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. അവിടെ പുറപ്പെടാ ശാന്തിയാണുള്ളതെന്നും തന്ത്രി അറിയിച്ചുവെന്ന് മന്ത്രി പറഞ്ഞു.

അഭിപ്രായ വ്യത്യാസം ബോര്‍ഡും തന്ത്രിയും തമ്മിലില്ലെന്ന് പ്രസിഡന്റ് വാസു പറഞ്ഞു. തനിക്കൊരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്ന് തന്ത്രി പറഞ്ഞു.

ആരാധനാലയങ്ങള്‍ തുറക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതിയെന്ന് മന്ത്രി ചോദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.