തിരുവനന്തപുരം: കോവിഡ്-19 രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത മലബാറിലെ നാല് ജില്ലകള്‍ സംസ്ഥാനം പ്രത്യേക മേഖലയാക്കി പ്രഖ്യാപിക്കും. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടും.

കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത്. കാസര്‍ഗോഡ് 61, കണ്ണൂരില്‍ 45, മലപ്പുറത്തും കോഴിക്കോടും ഒമ്പത് കേസുകള്‍ വീതമാണുള്ളത്.

ഈ നാല് ജില്ലകളും ചേര്‍ത്ത് ഒരു മേഖലയാക്കണമെന്ന അഭിപ്രായം സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ പട്ടികയനുസരിച്ച് കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളാണ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക മേഖലയാക്കുന്ന ജില്ലകളില്‍ ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ഇളവില്ലാത്ത രീതിയില്‍ നടപ്പിലാക്കേണ്ട സാഹചര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ മെയ് മൂന്നുവരെ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കും.

ഈ മേഖലയില്‍ ധാരാളം രോഗബാധയുള്ള സ്ഥലങ്ങള്‍ കണ്ടെത്തുമെന്നും ആ വില്ലേജുകളുടെ അതിര്‍ത്തി അടയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവേശനത്തിനും പുറത്ത് പോകുന്നതിനുമുള്ള വഴികളൊഴികെയുള്ളവ അടയ്ക്കുമെന്നും അവശ്യ സേവനങ്ങള്‍ ഈ വഴിയിലൂടെ എത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.