പത്തനംതിട്ട: കോവിഡ് പ്രതിരോധത്തില്‍ പത്തനംതിട്ട ജില്ലയ്ക്ക് കേന്ദ്രത്തിന്റെ പ്രശംസ. ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍ മാതൃകാപരമെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ. വീഡിയോ കോണ്‍ഫറന്‍സിനിടെയാണ് രാജീവ് ഗൗബ പ്രശംസിച്ചത്. സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനത്തേയും ഗൗബ പ്രശംസിച്ചു.

വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയുള്ള യോഗത്തിലാണ് പത്തനംതിട്ട ജില്ലയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കേന്ദ്രം പ്രശംസിച്ചത്. കൊറോണ പ്രതിരോധം തടയാന്‍ പത്തനംതിട്ട ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നടത്തിയ ഇടപെടലുകള്‍ രാജ്യത്തിനാകെ മാതൃകാപരമാണെന്ന് ക്യാബിനെറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു.

പത്തനംതിട്ട ജില്ലയില്‍ 13 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ എട്ട് പേരും രോഗം ഭേദമായി ആശുപത്രി വിട്ടു. ഇനി അഞ്ച് പേരാണ് ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ രോഗികളുടെ എണ്ണം കുറഞ്ഞതോടെ കൊറോണ ഹോട്ട് സ്‌പോട്ട് പ്രദേശങ്ങളില്‍ നിന്നും പത്തനംതിട്ടയെ ഒഴിവാക്കിയിരുന്നു.

അതേസമയം പത്തനംതിട്ട ജില്ലയില്‍ ഇന്ന് ലഭിച്ച 90 പരിശോധന ഫലങ്ങളും നെഗറ്റീവ് ആയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. 185 സാമ്പിളുകളാണ് ജില്ലയില്‍ നിന്നും പരിശോധനയ്ക്ക് അയച്ചത്. ഇനി 95 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ടെന്നും ജില്ല ഭരണകൂടം വ്യക്തമാക്കി.

കഴിഞ്ഞ് മൂന്ന് ദിവസമായി ജില്ലയില്‍ നിന്നുള്ള 201 പേരുടെ കോവിഡ് 19 പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണ്. ഇക്കൂട്ടത്തില്‍ ദില്ലി നിസാമുദ്ദീനില്‍ നിന്ന് വന്ന 16 പേരുടെയും ഉള്‍പ്പെടുന്നു. സ്രവ സാംപിള്‍ അയച്ചതില്‍ 95 പേരുടെ ഫലങ്ങള്‍ വരാനുണ്ട്. കൂടാതെ നേരത്തെ രോഗം സ്ഥിരീകരിച്ച 5 പേരുടെ തുടര്‍ ഫലങ്ങളും കിട്ടാനുണ്ട്.

19 പേരാണ് ജില്ലയില്‍ ആശുപത്രി ഐസോലേഷനിലുള്ളത്.ആകെ 7676 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ തുടരുകയാണ്. നിസാമുദ്ദീനില്‍ നിന്ന് കേരളത്തിലേക്ക് വന്നിട്ടുള്ള 5 ല്‍ അധികം ട്രെയിനുകളില്‍ സഞ്ചരിച്ച ജില്ലയില്‍ നിന്നുള്ളവരെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചു. റെയില്‍വേയില്‍ നിന്ന് യാത്രാ പട്ടിക ജില്ലാ ഭരണകൂടത്തിന് ലഭിച്ചിട്ടുണ്ട്. ഇവരെയും നീരീക്ഷണത്തിലാക്കാനാണ് തീരുമാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.