തിരുവനന്തപുരം: കോവിഡ്-19 രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് വ്യാജവാര്‍ത്ത
പ്രചരിപ്പിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊറോണവൈറസ് പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ സൂക്ഷിക്കാനും വിവരങ്ങള്‍ വിശകലനം ചെയ്യാനും സ്പ്രിക്ളര്‍ എന്ന അമേരിക്കന്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത് വിവാദമായതിന് പിന്നാലെയാണ് പത്തോളം രോഗികളുടെ വിവരങ്ങള്‍ അറിയാന്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് രോഗികളെ ഫോണില്‍ ബന്ധപ്പെട്ടുവെന്ന വാര്‍ത്ത വന്നത്. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് കാസര്‍ഗോഡ് ജില്ലയിലെ പള്ളിക്കര ഇമാദ് എന്നയാള്‍ക്കെതിരെ കേസെടുത്തത്.
പള്ളിക്കര ഇമാദ് വാട്ട്സാപ്പ് വഴി വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് കേസെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് രോഗത്തില്‍നിന്ന് മുക്തനാണ് താനെന്നും തന്നെയും ഒപ്പം ചികിത്സയിലുണ്ടായിരുന്ന പത്തുപേരെയും വിവരശേഖരത്തിന് ഫോണിലൂടെ ബന്ധപ്പെട്ടു എന്നും വ്യാജ പ്രചാരണം നടത്തിയത് ഇയാളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read Also: ലോക്ക്ഡൗണ്‍: കുറ്റകൃത്യങ്ങളില്‍ വന്‍കുറവ്; അപകടങ്ങളും മരണങ്ങളും കുറഞ്ഞു
“വിവരം ചോര്‍ന്നതിനെതിരെ താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ഇയാള്‍ പ്രചാരണം നടത്തി. എന്നാല്‍, കാസര്‍കോട് ജില്ലയില്‍ ഇമാദ് എന്ന പേരില്‍ ആരും ചികിത്സയിലുണ്ടായിരുന്നില്ല. കാസര്‍കോട്ടെ രോഗികളുടെ രേഖ ചോര്‍ന്നു എന്ന വ്യാജ പ്രചാരണത്തില്‍ മുന്നില്‍നിന്നത് ഇയാളായിരുന്നു,” മുഖ്യമന്ത്രി പറഞ്ഞു.
വ്യാജ വാര്‍ത്തകളും പ്രചാരണവും വിവിധ മേഖലകളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കേസുകള്‍ പോസിറ്റീവാകുന്നത് സര്‍ക്കാരിന്റെ മായാജാലമാണെന്നും തട്ടിപ്പാണെന്നും വാട്ട്സാപ്പ് പ്രചാരണം നടത്തുന്നത് കണ്ണൂര്‍ ജില്ലയിലെ ചെറുവാഞ്ചേരിയില്‍ കണ്ടെത്തിയിട്ടുണ്ട്. ചെറുവാഞ്ചേരി സ്വദേശി അജനാസാണ് ഇത് ചെയ്യുന്നത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.