തൃശൂർ: കോവിഡ് രോഗികളുടെ എണ്ണം വളരെ കുറവായിരുന്ന തൃശൂർ ജില്ലയിൽ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ആശങ്ക. ദിനംപ്രതി രോഗികളുടെ എണ്ണം വർധിക്കുന്നു. അതീവ ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജില്ലയിലെ ആറ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. അവണൂർ, അടാട്ട്, ചേർപ്പ്, പൊറുത്തുശേരി, വടക്കേകാട്, തൃക്കൂർ പഞ്ചായത്തുകളെയാണ് കണ്ടെയ്ൻമെന്റ് സോണായി തിരിച്ച് 144 പ്രഖ്യാപിച്ചിരിക്കുന്നത്.
Read Also: ആരാധനാലയങ്ങളും മാളുകളും ഇന്നുമുതൽ തുറന്നുപ്രവർത്തിക്കും; മാർഗനിർദേശങ്ങൾ പാലിക്കണം
അടിയന്തരാവശ്യങ്ങൾക്കല്ലാതെ ആളുകൾ പുറത്തിറങ്ങരുത്. പൊതു സ്ഥലങ്ങളില് മൂന്ന് പേരിൽ കൂടുതൽ പേർ കൂട്ടം കൂടി നിൽക്കരുത്. വ്യാപാരസ്ഥാപനങ്ങളിലും ഒരേസമയം മൂന്ന് പേരിൽ കൂടുതൽ ആളുകൾ ഉണ്ടാകരുത്. വ്യക്തികൾ തമ്മിൽ ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. അവശ്യസാധനങ്ങൾക്കുള്ള വ്യാപാരസ്ഥാപനങ്ങൾ മാത്രമേ തുറക്കാവൂ, രാവിലെ ഏഴ് മുതൽ വെെകീട്ട് ഏഴ് വരെ മാത്രം പ്രവർത്തിക്കാം. ഇതര സംസ്ഥാനത്ത് നിന്നും തൊഴിലാളികളെ എത്തിച്ച് പണിയെടുപ്പിക്കാനോ വീടുകളിൽ കയറിയുള്ള കച്ചവടങ്ങളും വിലക്കിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുക്കും. ഉചിതമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ പൊലീസിനു നിർദേശം നൽകി.
Read Also: Horoscope Today June 09, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ജില്ലയിലെ രോഗികളുടെ എണ്ണം
തൃശൂർ ജില്ലയിൽ ഇന്നലെമാത്രം 27 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചാലക്കുടി വി.ആർ പുരം സ്വദേശി ഇന്നലെ മരിച്ചു. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 131 പേരാണ് ആശുപത്രിയിൽ നിലവിലുള്ളത്. ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 165 ആയി. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. ജില്ലയിൽ വീടുകളിൽ 13039 പേരും ആശുപത്രികളിൽ 131 പേരും ഉൾപ്പെടെ ആകെ 13170 പേരാണ് നിരീക്ഷണത്തിലുളളത്.